Kerala
എറണാകുളത്ത് കാർ യാത്രക്കാർക്ക് നേരെ ആക്രമണം നടത്തിയ കേസിൽ ബസ് കണ്ടക്ടറും അറസ്റ്റിൽ
Kerala

എറണാകുളത്ത് കാർ യാത്രക്കാർക്ക് നേരെ ആക്രമണം നടത്തിയ കേസിൽ ബസ് കണ്ടക്ടറും അറസ്റ്റിൽ

Web Desk
|
19 Aug 2022 10:01 AM GMT

സംഭവം കണ്ടുനിന്ന ഫർഹാന്റെ പിതാവ് ഫസലുദ്ദീൻ കുഴഞ്ഞുവീണു മരിച്ചിരുന്നു.

കൊച്ചി: എറണാകുളം പറവൂരിൽ കാർ യാത്രക്കാർക്ക് നേരെ ആക്രമണം നടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ബസ് കണ്ടക്ടർ മിഥുൻ മോഹനാണ് അറസ്റ്റിലായത്. ഇന്നലെയുണ്ടായ സംഘർഷത്തിൽ ഫോർട്ട് കൊച്ചി സ്വദേശി ഫർഹാൻ ഫസലിനാണ് കുത്തേറ്റത്. സംഭവം കണ്ടുനിന്ന ഫർഹാന്റെ പിതാവ് ഫസലുദ്ദീൻ കുഴഞ്ഞുവീണു മരിച്ചിരുന്നു.

ബസ് ജീവനക്കാർ തന്റെ വയറിൽ കത്തികൊണ്ട് കുത്താനാണ് ശ്രമിച്ചതെന്ന് ഫർഹാൻ മീഡിയവണിനോട് പറഞ്ഞു. തന്നെ കൂടെയുള്ളവർ പിടിച്ചു മാറ്റിയതു കൊണ്ട് കൈയ്യിൽ കുത്തേറ്റ് രക്ഷപെട്ടതെന്നും പഫർഹാൻ പറഞ്ഞു. മൂന്ന് ബസ് ജീവനക്കാരാണ് ഉപദ്രവിച്ചത്.കൂടെയുള്ളവരെയും അവർ ഉപദ്രവിച്ചു.ബസ് ഡ്രൈവർ നിരന്തരം ചെറിയ റോഡിൽ ശല്യം ചെയ്തിരുന്നു.

കാറിന്റെ കണ്ണാടി ഇടിച്ച് തകർത്തു. ഇത് ചോദ്യം ചെയ്തതിനാണ് ആക്രമിച്ചതെന്നും ഫർഹാൻ പറഞ്ഞു.' എന്നെ കുത്തുന്നത് കണ്ട ഉമ്മ തലകറങ്ങി വീണു. തിരിഞ്ഞുനോക്കിയപ്പോഴേക്കും പപ്പയും അവിടെ വീണു. പപ്പയെ എടുത്ത് കാറിൽ കയറ്റി ഞാൻ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്.പൾസൊന്നും കിട്ടുന്നില്ലെന്നാണ് ഡോക്ടർമാർ പറഞ്ഞതെന്നും ഫർഹാൻ പറയുന്നു.

ഒരു തെറ്റും ചെയ്യാത്ത ഞങ്ങളുടെ നേരെ ആക്രമണം നടത്തുകയായിരുന്നെന്ന് ബന്ധു സൽമ പറഞ്ഞു. കത്തിയുമായാണ് ബസ് ജീവനക്കാർ വന്നത്. ഏകപക്ഷീയ ആക്രമമായിരുന്നു നടന്നത്. ഉപദ്രവിക്കരുതെന്ന് പറഞ്ഞിട്ടും കേട്ടില്ലെന്നും സൽമ പറഞ്ഞു.

കോഴിക്കോട് - വൈറ്റില റൂട്ടിൽ ഓടുന്ന നർമദ ബസിലെ ജീവനക്കാരാണ് ഇവരെ ആക്രമിച്ചത്. സംഭവത്തിൽ ബസ് ഡ്രൈവർ ചെറായി സ്വദേശി ടിന്റുവിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഫർഹാനെ കുത്തുന്നത് കണ്ട പിതാവ് ഫസലുദ്ദീൻ (54) സംഭവ സ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫോർട്ട് കൊച്ചി കരുവേലിപ്പടി സ്വദേശികളാണ് മരിച്ച ഫസലുദ്ദൻ. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവം നടന്നത്.

Similar Posts