'എന്‍റെ സ്ഥാപനത്തോട് കടുത്ത ശത്രുത'; പി.രാജീവിനെതിരെ ഗുരുതര ആരോപണവുമായി വ്യവസായി മുഹമ്മദ് കുട്ടി
|സിപിഎമ്മിലെ വിഭാഗീയതയാണ് തനിക്കെതിരായ നീക്കത്തിന് പിന്നിലെന്നും പി രാജീവ് തന്‍റെ സാമ്പത്തിക സഹായം പറ്റിയിട്ടുണ്ടെന്നും മുഹമ്മദ് കുട്ടി ആരോപിച്ചു
കളമശ്ശേരി: വ്യവസായ മന്ത്രി പി രാജീവിനെതിരെ ഗുരുതര ആരോപണവുമായി വ്യവസായി മുഹമ്മദ് കുട്ടി. തന്‍റെ വ്യവസായ സ്ഥാപനത്തിനെതിരെ സിപിഎമ്മും സർക്കാരും നീങ്ങുന്നത് പി രാജീവിന്‍റെ ശത്രുത കൊണ്ടാണെന്ന് ഫാൽക്കൺ ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ എന്‍.എ മുഹമ്മദ് കുട്ടി മീഡിയാവണിനോട് പറഞ്ഞു.സിപിഎമ്മിലെ വിഭാഗീയതയാണ് തനിക്കെതിരായ നീക്കത്തിന് പിന്നിലെന്നും പി രാജീവ് തന്‍റെ സാമ്പത്തിക സഹായം പറ്റിയിട്ടുണ്ടെന്നും മുഹമ്മദ് കുട്ടി ആരോപിച്ചു.
മന്ത്രിയുടെയും സിപിഎം പ്രാദേശിക നേതാക്കളുടെയും പേരെടുത്തു പറഞ്ഞുകൊണ്ട് ആറ് പേജ് വരുന്ന മരണക്കുറിപ്പ് തയ്യാറാക്കിയിരിക്കുകയാണ് മുഹമ്മദ് കുട്ടി. മരണക്കുറിപ്പിൽ പറയുന്ന എല്ലാ ആരോപണങ്ങൾക്കും ഉൾപ്പെടെയുള്ള തെളിവുകൾ കുട്ടനാട് എംഎൽഎ തോമസ് കെ.തോമസിനെ ഏൽപിച്ചിട്ടുണ്ടെന്നും കുറിപ്പിൽ പറയുന്നു.
എറണാകുളത്തെ സി.പി.എം വിഭാഗീയതയില്‍ പി.രാജീവിന്‍റെ എതിര്‍പക്ഷത്തുള്ളവരുമായാണ് മുഹമ്മദ് കുട്ടിയുടെ സൗഹൃദം. ഇതാണ് എതിര്‍പ്പിന് കാരണം. പി.രാജീവീന്റെ മണ്ഡലമായ കളമശ്ശേരിയിലാണ് മുഹമ്മദ് കുട്ടിയുടെ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ തന്നെ വലിയ ലോജിസ്റ്റിക് പാര്‍ക്കുകളിലൊന്നായ ഫാല്‍ക്കണ്‍ പ്രവര്‍ത്തിക്കുന്നത്. ഫാല്‍ക്കണെതിരെ ഭൂമി നികത്തലുമായി ബന്ധപ്പെട്ട് സി.പി.എം സമരത്തിലാണ്. പി.രാജീവിന്റെയും സക്കീര്‍ ഹുസൈന്റെയും തട്ടകമായ കളമശ്ശേരിയില്‍ ഇരുവരും ചേര്‍ന്ന് തന്നോട് പകവീട്ടുന്നുവെന്നാണ് മുഹമ്മദ് കുട്ടിയുടെ പരാതി.
പോര് കനത്തതോടെ പാർട്ടി ഓഫീസ് നിര്‍മിക്കാന്‍ രണ്ട് ലക്ഷം രൂപ നല്‍കിയ കാര്യം അടക്കം മുഹമ്മദ് കുട്ടി പരസ്യപ്പെടുത്തി. പി.രാജീവ് തന്നെ ദ്രോഹിക്കുന്നുവെന്ന് കാട്ടി സീതാറാം യെച്ചൂരി, എം.വി ഗോവിന്ദന്‍ , മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ക്കെല്ലാം മുഹമ്മദ് കുട്ടി പരാതി നല്‍കിയിട്ടുണ്ട് . പ്രശ്നം പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെന്ന വിലയിരുത്തലാണ് സി.പി.എം ജില്ലാ നേതൃത്വത്തിനുള്ളത്. ഫാല്‍ക്കണെതിരെ സമരം നടത്താന്‍ മാത്രം ഗൗരവമുള്ള പ്രശ്നങ്ങളൊന്നുമില്ലെന്നും ജില്ലാ നേതൃത്വം വിലയിരുത്തുന്നു.