ഉപതെരഞ്ഞെടുപ്പ്; ശക്തമായ ത്രികോണ മത്സരത്തിന് ഒരുങ്ങി പാലക്കാട്
|കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളിലും പാലക്കാട് നിയമസഭാ മണ്ഡലം യുഡിഎഫിനെയാണ് പിന്തുണച്ചത്
പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരത്തിന് ഒരുങ്ങുന്ന നിയമസഭാ മണ്ഡലമാണ് പാലക്കാട്. ഇഞ്ചോടിഞ്ചു പോരാട്ടത്തിനാണ് മൂന്നു മുന്നണികളും സജ്ജമാവുന്നത്. യുഡിഎഫ് സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിൽ വന്നതോടെ മണ്ഡലത്തിലെ മത്സരചിത്രം പതിയെ തെളിയുകയാണ്.
കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളിലും പാലക്കാട് നിയമസഭാ മണ്ഡലം യുഡിഎഫിനെയാണ് പിന്തുണച്ചത്. 2011 മുതൽ തുടർച്ചയായി മൂന്നുതവണ ഷാഫി പറമ്പിൽ മണ്ഡലത്തിൽ നിന്നും വിജയിച്ചു. ഇത്തവണ രാഹുൽ മാങ്കൂട്ടത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി എത്തുമ്പോൾ പ്രചരണത്തിന് ഷാഫി പറമ്പിലും ഉണ്ടാവും. മണ്ഡലത്തിൽ ഷാഫിക്കുള്ള പിന്തുണ രാഹുലിന് ഗുണം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട ചർച്ചകളിൽ വ്യത്യസ്ത അഭിപ്രായം ഉന്നയിച്ച വി കെ ശ്രീകണ്ഠൻ ഉൾപ്പെടെ രാഹുലിന് പിന്തുണ വ്യക്തമാക്കുന്നുണ്ട്.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ജില്ലയിലെ കോൺഗ്രസ് നേതാക്കളും ആവേശത്തിലാണ്. രാഹുലിനായി മണ്ഡലത്തിൽ ചുവരെഴുത്ത് ആരംഭിച്ചു. സ്ഥാനാർഥി മണ്ഡലത്തിൽ എത്തുമ്പോൾ വലിയ സ്വീകരണം നൽകുമെന്നും പ്രവർത്തകർ വ്യക്തമാക്കി.
ബിജെപിയുടെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചില്ലെങ്കിലും സി കൃഷ്ണകുമാർ തന്നെ മത്സരരംഗത്ത് എത്താനാണ് സാധ്യത. 2016 മുതൽ മണ്ഡലത്തിലെ തെരഞ്ഞെടുപ്പുകളിൽ വോട്ട് വിഹിതം വർദ്ധിപ്പിക്കാൻ സാധിച്ചത് ബിജെപിയുടെ ആത്മവിശ്വാസം കൂട്ടുന്നുണ്ട്. 2016 മുതൽ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലങ്ങളിൽ മൂന്നാം സ്ഥാനത്ത് തുടരുന്ന സിപിഎം പിഴവുകൾ പരിഹരിച്ച് മുന്നോട്ടുവരാനാണ് ശ്രമിക്കുന്നത്. ഉപതെരഞ്ഞെടുപ്പിൽ വിജയം സുനിശ്ചിതമാണെന്ന് സിപിഎം വ്യക്തമാക്കി