'ഉമ്മൻ ചാണ്ടി വേട്ടയാടപ്പെട്ടു'; ദുരന്തങ്ങൾ വരുത്തിവെച്ചത് കൂടെയുള്ളവരെന്ന് സി.ദിവാകരൻ
|സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ സംഘടിപ്പിച്ച അനുസ്മരണച്ചടങ്ങിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ വേദിയിലിരുത്തിയായിരുന്നു സി.ദിവാകരന്റെ പരാമർശം.
തിരുവനന്തപുരം: ഉമ്മൻ ചാണ്ടി വേട്ടയാടപ്പെട്ട പോലെ ആരും വേട്ടയാടപ്പെട്ടിട്ടില്ലെന്ന് മുൻ മന്ത്രിയും സിപിഐ നേതാവുമായ സി.ദിവാകരൻ. കൂടെയുള്ള ആളുകളാണ് ഉമ്മൻചാണ്ടിക്ക് ദുരന്തങ്ങളെല്ലാം വരുത്തിവെച്ചത്. ആരോപണങ്ങൾ നേരിട്ടപ്പോൾ ഉമ്മൻചാണ്ടിക്ക് വേണ്ടി അധികം ശബ്ദമുയരാത്തത് വ്യക്തിപരമായി വിഷമമുണ്ടാക്കിയെന്നും സി.ദിവാകരൻ പറഞ്ഞു. സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ സംഘടിപ്പിച്ച അനുസ്മരണച്ചടങ്ങിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ വേദിയിലിരുത്തിയായിരുന്നു ദിവാകരന്റെ പരാമർശം.
"കൂടെയുള്ള ചില ആളുകളാണ് ഈ ദുരന്തങ്ങളെല്ലാം വരുത്തിവെച്ചതെന്ന് ഉമ്മൻ ചാണ്ടിയോട് പറഞ്ഞു. കാലം അത് തെളിയിക്കുമെന്ന് എനിക്കറിയാം. കോണ്‍ഗ്രസുകാരനാണെങ്കിലും കമ്മ്യൂണിസ്റ്റുകാരെ വലിയ സ്നേഹവും ബഹുമാനവുമാണ് അദ്ദേഹത്തിന്. അതാണ് അദ്ദേഹത്തിന്റെ പ്രത്യേകത"- സി.ദിവാകരൻ പറയുന്നു.
അദ്ദേഹത്തിനെതിരായ ആരോപണങ്ങളിൽ നിയമസഭയിൽ നിർദാക്ഷിണ്യം ചോദ്യങ്ങളുയർത്തി. ആരോപണങ്ങൾ ശരിയാണോ എന്ന് പ്രസംഗിക്കുന്ന ഞങ്ങൾക്ക് പ്രശ്നമില്ല, കൊള്ളുന്നെങ്കിൽ കൊള്ളട്ടെ എന്ന രീതിയിലായിരുന്നു ചോദ്യങ്ങളുയർത്തിയതെന്നും സി.ദിവാകരൻ സമ്മതിക്കുന്നു. എന്നാൽ, ആ ചോദ്യശരങ്ങളൊന്നും അദ്ദേഹത്തെ ക്ഷുഭിതനാക്കിയില്ലെന്നും സി.ദിവാകരൻ കൂട്ടിച്ചേർത്തു.
കൊടുങ്കാറ്റ് വന്നാലും അനങ്ങാത്ത മനുഷ്യനാണ് അദ്ദേഹം. അത് പല സന്ദർഭങ്ങളിലായി താൻ മനസിലാക്കിയെന്നും സി.ദിവാകരൻ പറഞ്ഞു. കേരള രാഷ്ട്രീയത്തിൽ ഉമ്മൻ ചാണ്ടിയുടെ അഭാവം അസാധാരണമായ കുറവ് തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.