സാമ്പത്തിക ഇടപാടും വോട്ട് തിരിമറിയും; സി.കെ ജാനുവിനെ ജനാധിപത്യ രാഷ്ട്രീയ സഭയിൽ നിന്ന് സസ്പെന്റ് ചെയ്തു
|ആറുമാസത്തേക്കാണ് സസ്പെൻഷനെന്ന് ജെ.ആര്‍.പി സംസ്ഥാന സെക്രട്ടറി പ്രകാശൻ മൊറാഴയുടെ വാർത്താക്കുറിപ്പില്‍ പറയുന്നു.
സി.കെ ജാനുവിനെ ജനാധിപത്യ രാഷ്ട്രീയ സഭയിൽ നിന്ന് സസ്പെന്റ് ചെയ്തു. ആറുമാസത്തേക്കാണ് സസ്പെൻഷൻ. ബി.ജെ.പി നേതാക്കളുമായി ചേർന്ന് വോട്ട് തിരിമറിയും സാമ്പത്തിക ഇടപാടുകളും നടത്തിയതാണ് അച്ചടക്ക നടപടി സ്വീകരിക്കാന്‍ കാരണമെന്ന് ജെ.ആര്‍.പി സംസ്ഥാന സെക്രട്ടറി പ്രകാശൻ മൊറാഴയുടെ വാർത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
പാർട്ടിയുടെ പേരിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന ആരോപണത്തെ തുടർന്ന് സി.കെ ജാനുവിനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയതായും സംഘടന കൂട്ടിച്ചേര്‍ത്തു. തെരെഞ്ഞെടുപ്പ് ഫണ്ടിൽ 25 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് ആരോപണം.
ജെ.ആർ.പി ക്ക് ഫണ്ട് ലഭിച്ചില്ലെന്നും ബി.ജെ.പി നേതാക്കളും സി.കെ ജാനുവും പണം കൈകാര്യം ചെയ്തെന്നും പ്രകാശൻ മൊറാഴ വ്യക്തമാക്കുന്നു. ബത്തേരി മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായിരുന്ന സി.കെ ജാനുവിന് കൊടകര കുഴൽപ്പണക്കേസിൽ ബന്ധമുണ്ടോയെന്ന് സംശയിക്കുന്നതായും പ്രകാശൻ മൊറാഴ ആരോപിച്ചു.
അതേസമയം, താന്‍ സാമ്പത്തിക തിരിമറി നടത്തിയിട്ടില്ലെന്ന് സി.കെ ജാനു പറഞ്ഞു. കൊടകര കുഴല്‍ പണകേസിനെ കുറിച്ച് അറിയില്ല. പുറത്താക്കിയെന്ന് പറഞ്ഞ വ്യക്തി പാർട്ടിയുടെ മെമ്പർ മാത്രമാണെന്നും പാർട്ടി മീറ്റിങ് കൂടാതെ എങ്ങനെയാണ് സസ്പെന്‍റ് ചെയ്യുകയെന്നും ജാനു ചോദിച്ചു.