Kerala
ചെങ്കിസ്ഖാൻ എന്നു കേട്ടപ്പോൾ ഏതോ മുസ്‌ലിം ഖാൻ എന്നാണോ കരുതിയത്?; രവിചന്ദ്രനെ പരിഹസിച്ച്‌ സോഷ്യൽ മീഡിയ
Kerala

'ചെങ്കിസ്ഖാൻ എന്നു കേട്ടപ്പോൾ ഏതോ മുസ്‌ലിം ഖാൻ എന്നാണോ കരുതിയത്?; രവിചന്ദ്രനെ പരിഹസിച്ച്‌ സോഷ്യൽ മീഡിയ

Web Desk
|
2 Feb 2022 12:29 PM GMT

കഴിഞ്ഞ ദിവസം നടന്ന ലൈവ് വീഡിയോയിലാണ് രവിചന്ദ്രന്‍ മംഗോളിയൻ ഭരണാധികാരിയായ ചെങ്കിസ്ഖാനെ കുറിച്ച് സംസാരിക്കുന്നത്

ഇസ്‌ലാമിലേക്ക് ആളെക്കൂട്ടാൻ ചെങ്കിസ്ഖാൻ പല ക്രൂരകൃത്യങ്ങളും ചെയ്‌തെന്ന യുക്തിവാദി നേതാവ് സി രവിചന്ദ്രന്റെ വാദത്തെ ചോദ്യം ചെയ്ത് സമൂഹമാധ്യമങ്ങൾ. രവിചന്ദ്രൻ ചരിത്രം അറിയാതെയാണോ സംസാരിക്കുന്നതെന്നും മനഃപൂർവ്വം കളവു പ്രചരിപ്പിക്കുകയാണോ എന്നും അവര്‍ ചോദിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന ലൈവ് വീഡിയോയിലാണ് ഇദ്ദേഹം മംഗോളിയൻ ഭരണാധികാരിയായ ചെങ്കിസ്ഖാനെ കുറിച്ച് അബദ്ധജഡിലമായ വാദങ്ങള്‍ ഉന്നയിക്കുന്നത്. മംഗോൾ സാമ്രാജ്യ സ്ഥാപകൻ കൂടിയാണ് ചെങ്കിസ്ഖാൻ.

'അതിശൈത്യത്തിൽ പോലും റഷ്യ കീഴക്കുക എന്ന മഹത്തായ നേട്ടം സ്വന്തമാക്കിയ വ്യക്തിയായിരുന്നു ചെങ്കിസ്ഖാൻ. ഇന്നത്തെ ആഫ്രിക്കയുടെ ഇരട്ടിയുണ്ടായിരുന്നു അദ്ദേഹത്തിന്റെ സാമ്രാജ്യം. അമ്പെയ്ത്ത്, കുതിരപ്പട്ടാളം തുടങ്ങിയവയിൽ യൂറോപ്യൻസിനെ അവർ അതിശയിച്ചിരുന്നു. എതിരാളികളുടെ കണ്ണുനീരിൽ, ചോരയിൽ കുളിക്കാൻ ആഗ്രഹിച്ച വ്യക്തിയായിരുന്നു ചെങ്കിസ്ഖാൻ. ജീവനോടെ ആളുകളുടെ തൊലിയുരിക്കുക തുടങ്ങി എത്രമാത്രം ക്രൂരത ചെയ്യാമോ, അതെല്ലാം ചെയ്തു. ഇസ്‌ലാമിലേക്കുള്ള മതപരിവർത്തനത്തിന്റെ ഭാഗമായി പല ക്രൂരതകൃത്യങ്ങളും ചെയ്തു എന്നാണ് പറയുന്നത്.' - എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

ഇതേക്കുറിച്ച് നസറുദ്ദീൻ മണ്ണാർക്കാട് എഴുതിയതിങ്ങനെ;

'രവിചന്ദ്രൻ ചെങ്കിസ്ഖാനെയും ഇസ്ലാമിന്റെ തലയിൽ ഇട്ടു. ലോകം കണ്ട ക്രൂരന്മാരിൽ ഒരാളായ ചെങ്കിസ്ഖാനെയും ഇസ്ലാമിന്റെ തലയിൽ ഇട്ടിട്ടുണ്ട്. ഇസ്ലാമിന്റെ സുവർണ്ണ കാലത്തിന് അന്ത്യം കുറിച്ച, ബാഗ്ദാദ് അക്ഷരാർത്ഥത്തിൽ തകർത്തു കളഞ്ഞ ചെങ്കിസ് ഖാൻ എന്ന ലോകം കണ്ട ക്രൂരന്റെ ക്രൂരതകളും രവിചന്ദ്രൻ നൈസായിട്ട് ഇസ്ലാമിന്റെ തലയിൽ ഇടുന്നത് കണ്ടോളൂ.

ഷാരൂഖ് ഖാൻ, അമീർ ഖാൻ , സൽമാൻ ഖാൻ... എന്നൊക്കെ കണ്ടപ്പോൾ കിടക്കട്ടെ ചുളുവിൽ ഒരു ചെങ്കിസ് ഖാൻ കൂടി എന്നായിരിക്കണം രവി ഉദ്ദേശിച്ചത്. മണ്ടന്മാരായ അണികൾ അതും വിശ്വസിക്കുമെന്ന് രവിക്ക് അറിയാം.'


മാധ്യമപ്രവർത്തകൻ വഹീദ് സമാൻ കുറിച്ചത് ഇപ്രകാരം; 'ജെങ്കിസ് ഖാൻ ഇസ്ലാമിലേക്ക് ആളെ കൂട്ടാൻ വേണ്ടി ആളുകളെ പച്ചക്ക് തൊലിയുരിച്ചു കൊന്നുവെന്ന് പറയുന്ന് സി. രവിചന്ദ്രൻ എന്ന യുക്തിവാദികളുടെ ദൈവമാണ്. ഇയാളൊക്കെയാണ് ആഗോള ബുദ്ധികേന്ദ്രമായി ചമഞ്ഞു നടക്കുന്നത്. ജെങ്കിസ് ഖാൻ എന്ന് വെറുതെ സെർച്ച് ചെയ്തുനോക്കിയാൽ പോലും ആരായിരുന്നു അയാൾ എന്ന് നിമിഷനേരം കൊണ്ട് മനസിലാകും. ആ സൗകര്യം നിലനിൽക്കെയാണ് ഇയാൾ നുണ പറഞ്ഞ് നടക്കുന്നത്.'



മുഹമ്മദ് നജീബ് കുറിച്ചതിപ്രകാരം; 'ഇസ്ലാമിന്റെ ശത്രുവായ ചെങ്കിസ് ഖാൻ ഇസ്ലാമിലേക്കുള്ള കൺവേർഷനു വേണ്ടിയാണ് കൂട്ടക്കൊലകൾ നടത്തിയതെന്ന പച്ച നുണയാണ് രവി വിളമ്പിയത്. ഇസ്ലാമിക ലോകത്തെ അമൂല്യമായ വൈജ്ഞാനിക കേന്ദ്രങ്ങൾ ചുട്ടെരിച്ചത് മംഗോളിയരായിരുന്നു.



പക്ഷെ രവിക്ക് താൽപര്യമില്ലാത്ത ഒരു കൺവെർഷന്റെ കഥയുണ്ട്. ചെങ്കിസ്ഖാന്റെ പൗത്രൻ ബർകെ ഖാൻ ഇസ്ലാം സ്വീകരിച്ച കഥ. ഒരു തുള്ളി ചോരയും ചിന്താതെ സാധാരണക്കാരായ മുസ്ലിങ്ങളുടെ വിശ്വാസ ദർശനത്തിൽ ആകൃഷ്ടനായി ഇസ്ലാം സ്വീകരിക്കുകയായിരുന്നു അദ്ദേഹം. ചോരയല്ല ഇസ്ലാമിന് വേണ്ടത് ഹൃദയമാണ്.'

ബുധനാഴ്ച വൈകിട്ട് രവിചന്ദ്രൻ ഉത്തര കൊറിയയെ കുറിച്ച് നടത്തുന്ന ലൈവിന്റെ എഫ്ബി പോസ്റ്ററിന് താഴെയും ഇതുമായി ബന്ധപ്പെട്ട കമന്റുകളുണ്ട്.

'ചെങ്കിസ് ഖാന്റെ പൗത്രൻ ഒലിവർ ഖാൻ നിർബന്ധിത മത പരിവർത്തനം നടത്തിയ ബല്ലാക്ക്, താഹ് എന്നിവർക്ക് നീതി ലഭിക്കാൻ പ്രാർത്ഥിക്കണം...'- എന്നാണ് സൈദലവി കെ എന്ന എഫ്ബി യൂസർ പ്രതികരിച്ചത്. ചെങ്കിസ് ഖാനും ഷാരുഖ് ഖാനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഒന്ന് പറയാമോ എന്നാണ് മറ്റൊരാൾ ചോദിച്ചത്.

ആരായിരുന്നു ചെങ്കിസ് ഖാൻ

ശാന്തസമുദ്രം മുതൽ കാസ്പിയൻ കടൽ വരെ വ്യാപിച്ചു കിടന്ന മംഗോൾ രാജവംശത്തിന്റെ സ്ഥാപകനാണ് ചെങ്കിസ്ഖാൻ (ജെങ്കിസ്ഖാൻ). തെമുജിൻ എന്ന പേരിൽ 1155ൽ, ഇന്നത്തെ മംഗോളിയയുടെയും സൈബീരിയയുടെയും അതിർത്തി പ്രദേശത്തായിരുന്നു ചെങ്കിസ് ഖാന്റെ ജനനം.

തെമുജിന് പത്തു വയസ്സ് തികയും മുമ്പ് അവന്റെ അച്ഛനെ ശത്രുക്കൾ വിഷം കൊടുത്തു കൊന്നു. ബാധ്യതയായി മാറിയ തെമുജിനെയും ആറു സഹോദരൻമാരെയും അമ്മയെയും ഗോത്രം ഉപേക്ഷിച്ചു. 1178ൽ തെമുജിൻ ബോർട്ടെ എന്ന യുവതിയെ വിവാഹം കഴിച്ചു. ഇടയിലൊരുനാൾ ബോർട്ടെയെ ശത്രുഗോത്രത്തിലെ പടയാളികൾ തട്ടിക്കൊണ്ടുപോയി. ബോർട്ടെയെ വീണ്ടെടുക്കാനായി തെമുജിൻ ശ്രമങ്ങൾ തുടരുകയും മാസങ്ങൾക്കു ശേഷം ഒരു പോരാട്ടത്തിലൂടെ അതു സാധിക്കുകയും ചെയ്തു. തെമുജിൻ എന്ന പോരാളിയുടെ ഉദയമായിരുന്നു അത്.

പിന്നീട് മംഗോളിയയിൽ പരസ്പരം പോരടിച്ചു കഴിഞ്ഞിരുന്ന ഗോത്രങ്ങളെ തന്റെ പിന്നിൽ അണിനിരത്താൻ തെമുജിനായി. ഇതിന് പിന്നാലെ ചെങ്കിസ് ഖാൻ എന്ന പേരും സ്വീകരിച്ചു. ചൈനയിലെ വടക്കുപടിഞ്ഞാറൻ മേഖലയെ ആദ്യം ആക്രമിച്ച ചെങ്കിസ് ഖാന്റെ സൈന്യം പിന്നീട് തുർക്ക്‌മെനിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാൻ, അർമീനിയ, ജോർജിയ, അസർബൈജാൻ തുടങ്ങി വിവിധ രാജ്യങ്ങളിൽ തങ്ങളുടെ പടയോട്ടം നടത്തി. മരിക്കുമ്പോൾ ചെങ്കിസ്ഖാന്റെ സാമ്രാജ്യത്തിന് ആഫ്രിക്ക ഭൂഖണ്ഡത്തിന്റെ വിസ്തീർണമുണ്ടായിരുന്നു എന്നാണ് ചരിത്രപണ്ഡിതർ പറയുന്നത്.

ചെങ്കിസ്ഖാൻ ഷമാനിസ്റ്റ് ആയിരുന്നു എന്നാണ് ചരിത്രത്തിലുള്ളത്. ഷമാനിസത്തെ വ്യവസ്ഥാപിതമായ മതപാരമ്പര്യങ്ങൾക്കു കീഴിൽ ഉൾപ്പെടുത്താനാകില്ല. മംഗോളിയൻ ഷമാനിസ്റ്റുകൾ അവരുടെ പൂർവ്വികരെയും നീലാകാശത്തെയുമാണ് ആരാധിക്കുന്നത്.

Similar Posts