സി.എ.എ പ്രതിഷേധം; ഗുരുതര സ്വഭാവമുള്ള കേസുകളാണ് പിൻവലിക്കാത്തതെന്ന് എം.വി ഗോവിന്ദൻ
|249 കേസുകൾ പിൻവലിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
തിരുവനന്തപുരം: സി.എ.എ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഗുരുതര സ്വഭാവമുള്ള കേസുകളാണ് പിൻവലിക്കാത്തതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പ്രതിഷേധിച്ച സി.പി.എം പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. സി.പി.എം, സി.പി.ഐ, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ, എ.ഐ.വൈ.എഫ് സംഘടനകളാണ് ഭൂരിഭാഗം പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചത്. 249 കേസുകൾ പിൻവലിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
സി.എ.എ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 830 കേസുകളിൽ 69 കേസുകൾ മാത്രമാണ് ഇതുവരെ സർക്കാർ പിൻവലിച്ചത്. ഇത് സംബന്ധിച്ച ചോദ്യത്തിനാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. കേസുകൾ പിൻവലിക്കുന്നത് സംബന്ധിച്ച് വിവാദം സൃഷ്ടിച്ച് സർക്കാരിനെ പ്രതിക്കൂട്ടിലാക്കാമെന്ന് ആരും കരുതേണ്ട. കോൺഗ്രസ് അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിൽ സി.എ.എ നടപ്പാക്കില്ലെന്ന് പറയാൻ അവർക്ക് കഴിയുമോ എന്നും എം.വി ഗോവിന്ദൻ ചോദിച്ചു.