അറസ്റ്റിലായവരുടെ വൈദ്യ പരിശോധനയ്ക്കുള്ള മാർഗനിർദേശങ്ങൾക്ക് മന്ത്രിസഭാ യോഗത്തിൻ്റെ അംഗീകാരം
|മാർഗനിർദേശങ്ങൾ നടപ്പിലാക്കാൻ 2022 ലെ മെഡിക്കോ-ലീഗൽ പ്രോട്ടോകോൾ ഭേദഗതി ചെയ്യും
കസ്റ്റഡിയിൽ എടുക്കുന്നവരുടെ വൈദ്യ പരിശോധനയ്ക്കുള്ള ആഭ്യന്തര വകുപ്പിന്റെ മാർഗനിർദേശങ്ങൾ മന്ത്രിസഭാ യോഗം അംഗീകരിച്ചു. 22 മാർഗനിർദേശങ്ങളാണ് പുറപ്പെടുവിച്ചത്. ഇതിനായി 2022 ലെ മെഡിക്കോ-ലീഗൽ പ്രോട്ടോകോൾ ഭേദഗതി ചെയ്യും.
ഡോ. വന്ദനാ ദാസിന്റെ മരണത്തെ തുടർന്ന് ഡോക്ടർമാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ആശങ്ക ഉയർന്നിരുന്നു. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് നിയസഭ പാസ്സാക്കിയ ബില്ലിന്റെ ചുവട് പിടിച്ചുള്ള മാർഗ നിർദേശമാണ് ഇപ്പോൾ പുറത്തിറക്കിയിട്ടുള്ളത്.
അക്രമ സ്വഭാവം കാണിക്കുന്നവരെ വൈദ്യ പരിശോധക്ക് ഹാജരാക്കുമ്പോൾ വിലങ്ങ് വെക്കണം. ഇത്തരക്കാരെ പരിശോധനക്കെത്തിക്കുന്നതിന് മുമ്പ് തന്നെ മെഡിക്കൽ പ്രാക്ടീഷണറെ വിവരമറിയിക്കണം. മതിയായ സുരക്ഷക്കായി പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണം. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഈ ഉദ്യോഗസ്ഥരുടെ ചുമതലയായിരിക്കും. ഏതെങ്കിലും തരത്തിൽ ആക്രമണം നടന്നാൽ ഒരു മണിക്കൂറിനകം ആരോഗ്യ പ്രവർത്തകരുടെ സുരക്ഷക്കായുള്ള നിയമ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണം തുടങ്ങിയ 22 മാർഗ നിർദേശങ്ങൾക്കാണ് ഇന്നത്തെ മന്ത്രിസഭാ യോഗം അനുമതി നൽകിയത്.