![Cabinet decides 1 lakh rupees honorarium for KV Thomas Cabinet decides 1 lakh rupees honorarium for KV Thomas](https://www.mediaoneonline.com/h-upload/2023/05/24/1371342-untitled-1.webp)
കെ.വി തോമസിന് ഒരു ലക്ഷം രൂപ ഓണറേറിയം നൽകാൻ മന്ത്രിസഭാ തീരുമാനം
![](/images/authorplaceholder.jpg?type=1&v=2)
രണ്ട് അസിസ്റ്റന്റുമാർ , ഒരു ഓഫീസ് അറ്റൻഡൻഡ്, ഒരു ഡ്രൈവർ എന്നിവർക്കും നിയമനം
തിരുവനന്തപുരം; സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസിന്റെ ഓണറേറിയം തീരുമാനിച്ചു. മാസം ഒരു ലക്ഷം രൂപ ഓണറേറിയം നൽകാനാണ് മന്ത്രിസഭാ തീരുമാനം. ശമ്പളത്തിനും അലവൻസിനും പകരമാണ് ഓണറേറിയം നൽകുന്നത്.
നേരത്തേ തന്നെ പല വിമർശനങ്ങളുയർന്ന പശ്ചാത്തലത്തിൽ തനിക്ക് ശമ്പളം വേണ്ട എന്ന് കെ.വി തോമസ് സംസ്ഥാന സർക്കാരിനെ രേഖാമൂലം അറിയിച്ചിരുന്നു. എന്നാൽ ഓണറേറിയം നൽകണമെന്നതായിരുന്നു സർക്കാർ തീരുമാനം. ഇതേത്തുടർന്നാണ് മന്ത്രിസഭാ യോഗത്തിൽ ഒരു ലക്ഷം രൂപ ഓണറേറിയം നിശ്ചയിച്ചിരിക്കുന്നത്. രണ്ട് അസിസ്റ്റന്റുമാർ , ഒരു ഓഫീസ് അറ്റൻഡൻഡ്, ഒരു ഡ്രൈവർ എന്നിവരെയും നിയമിച്ചിട്ടുണ്ട്.
കോൺഗ്രസിന്റെ പ്രധാന നേതാവായിരുന്ന കെ.വി തോമസ് പാർട്ടിയിൽ നിന്നകന്നതോടെയാണ് സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ഡൽഹിയിൽ നിയമിതനായത്. ഇതിന് പിന്നാലെ തനിക്ക് ശമ്പളം വേണ്ടെന്ന് ഇദ്ദേഹം അറിയിക്കുകയും ഓണറേറിയം നൽകാമെന്ന് സർക്കാർ തീരുമാനിക്കുകയുമായിരുന്നു.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുൻ എം.പി എ സമ്പത്തിനെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ചിരുന്നു. അലവൻസ് ഉൾപ്പടെ 92,423 രൂപയായിരുന്നു സമ്പത്തിന്റെ പ്രതിമാസ ശമ്പളം