ലോക്ഡൗണ്‍ ഇളവുകള്‍ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തില്ല
|പെരുന്നാള്‍ പ്രമാണിച്ച് കൂടുതല്‍ ഇളവുകള്‍ നല്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.
സംസ്ഥാനത്തെ ലോക്ഡൗണ്‍ ഇളവുകള്‍ മന്ത്രിസഭായോഗം ഇന്ന് ചര്‍ച്ച ചെയ്തില്ല. നാളെ അവലോകനയോഗം ചേര്‍ന്ന് കൂടുതല്‍ ഇളവുകളില്‍ തീരുമാനമെടുക്കും. പെരുന്നാള്‍ പ്രമാണിച്ച് കൂടുതല്‍ ഇളവുകള്‍ നല്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.
അതേസമയം കേരളത്തിൽ ആൾക്കൂട്ട നിയന്ത്രണം ഫലപ്രദമായി നടപ്പാകുന്നില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സാമൂഹിക അകലവും പലപ്പോഴും പാലിക്കപ്പെടുന്നില്ല. ആകെയുള്ളത് മാസ്ക് മാത്രമാണെന്ന് ജസ്റ്റിസ് ടി ആർ രവി ചൂണ്ടിക്കാട്ടി. കോവിഡ് സാഹചര്യത്തില്‍ വസ്ത്ര വിൽപ്പനശാലകൾ അടച്ചുപൂട്ടിയത് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയാണ് കോടതിയുടെ പരിഗണനയില്‍ വന്നത്.
കടകൾ കോവിഡ് സാഹചര്യത്തില്‍ അടച്ചിട്ടിരിക്കുന്നു. ഇത് തുറക്കുന്ന കാര്യത്തിൽ സർക്കാർ നയപരമായ തീരുമാനമെടുക്കേണ്ട സമയമായെന്നും കോടതി വ്യക്തമാക്കി. കടകള്‍ തുറക്കുന്ന കാര്യത്തില്‍ വ്യാപാരികള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും ഉടന്‍ തീരുമാനമുണ്ടാകുമെന്നും സര്‍ക്കാര്‍ അഭിഭാഷകന് പറഞ്ഞു. വസ്ത്ര വിൽപ്പനശാലകൾ തുറക്കുന്നത് സംബന്ധിച്ച് അടുത്ത വ്യാഴാഴ്ചക്കകം നിലപാടറിയിക്കാൻ സർക്കാരിന് കോടതി നിർദേശം നല്കി.
വിദഗ്ധ സമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങളെടുക്കുന്നത് എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. വിദഗ്ധ സമിതിയുടെ ശിപാർശ നടപ്പാക്കുക മാത്രമാണ് ചെയ്യുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതേസമയം സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങൾ അശാസ്ത്രീയമാണെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ചു. ലോക്ഡൗൺ നിയന്ത്രണങ്ങളുടെ കാര്യത്തിൽ സർക്കാർ ശാസ്ത്രീയ പഠനം നടത്തണമെന്ന് ഉമ്മൻചാണ്ടിയും ആവശ്യപ്പെട്ടു.