സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമനം പൂര്‍ത്തിയാക്കാന്‍ സമയം വേണമെന്ന ആവശ്യം തള്ളി
|ഒരു മാസത്തിനകം പുതിയ നിയമനങ്ങള്‍ പൂര്‍ത്തിയാക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാട്
സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമനം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി സമയം വേണമെന്ന അഡ്വക്കറ്റ് ജനറലിന്റെ ആവശ്യം തള്ളി സര്‍ക്കാര്‍. ഒരു മാസത്തിനകം പുതിയ നിയമനങ്ങള്‍ പൂര്‍ത്തിയാക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാട്. ഇതേതുടര്‍ന്ന് നിലവിലെ അഭിഭാഷകരുടെ കാലാവധി ഒരു മാസത്തേക്ക് മാത്രം പുതുക്കി നല്കിയാല് മതിയെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിന്റെ കുറിപ്പ് മീഡിയവണിന് ലഭിച്ചു.
ഹൈക്കോടതിയിലെ 16 സെപ്ഷ്യല്‍ ഗവണ്മെന്റ് പ്ലീഡര്‍മാര്‍, 43 സീനിയര്‍ ഗവ.പ്ലീഡര്‍മാര്‍, 51 ഗവ.പ്ലീഡര്‍മാര്‍, അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലെ 2 ഗവ.പ്ലീഡര്‍മാര്‍ എന്നിവരുടെ കാലവാവധി കഴിഞ്ഞ മാസം 30ന് പൂര്‍ത്തിയാകേണ്ടതായിരുന്നു. എന്നാല്‍ പുതിയ നിയമനം നടത്തുന്നതിനായി മൂന്ന് മാസം ഇവരുടെ കലാവധി ദീര്‍ഘിപ്പിക്കണമെന്ന ആവശ്യം അഡ്വക്കേറ്റ് ജനറല്‍ മുന്നോട്ട് വെച്ചു. കേസുകളുടെ സുഗമമായ നടത്തിപ്പിന് ഇത് അനിവാര്യമാണെന്നും അഡ്വക്കറ്റ് ജനറലിന്റെ ശുപാര്‍ശയിലുണ്ടായിരുന്നതായി മന്ത്രിസഭാ യോഗത്തിന്റെ കുറിപ്പിലുണ്ട്.
എന്നാല്‍ നിയമ വകുപ്പിന്റെ പരിഗണനയ്ക്ക് ശേഷം ഫയല്‍ മുഖ്യമന്ത്രിയുടെ മുന്നിലെത്തിയപ്പോള്‍ ഒരു മാസത്തേക്ക് മാത്രം നിലവിലെ അഭിഭാഷകരുടെ കാലാവധി ദീര്‍ഘിപ്പിച്ചാല്‍ മതിയെന്ന നിലപാടിലേക്ക് എത്തി. തുടര്‍ന്ന് ജൂലൈ 31 വരെ കാലാവധി നീട്ടി നല്കിയാല് മതിയെന്ന് മന്ത്രിസഭാ യോഗവും തീരുമാനിച്ചു. 100ലധികം അപേക്ഷകള്‍ പുതിയ അഭിഭാഷകരെ നിയമിക്കാനായി പരിഗണനയിലുള്ളതായി അഡ്വക്കറ്റ് ജനറലിന്റെ ശുപാര്ശയിലുണ്ടായിരുന്നു. ഇത് കൂടി പരിഗണിച്ചാണ് ഒരു മാസം മാത്രം കാലാവധി നീട്ടിയാല്‍ മതിയെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയതെന്നാണ് സൂചന.