സ്മാര്‍ട്ട് മീറ്റര്‍ നടപ്പിലാക്കാത്തതില്‍ സര്‍ക്കാരിന് സിഎജിയുടെ വിമര്‍ശം
|കെ.എസ്.ഇ.ബിയുടെ വരുമാനം വര്‍ധിപ്പിക്കാന്‍ പദ്ധതി നടപ്പിലാക്കുന്നത് പരിഗണിക്കണമെന്നും ശിപാര്‍ശയുണ്ട്
തിരുവനന്തപുരം: സ്മാര്‍ട്ട് മീറ്റര്‍ നടപ്പിലാക്കാത്തതില്‍ സര്‍ക്കാരിന് സിഎജിയുടെ വിമര്‍ശം. വിവിധ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഇത് നടപ്പിലാക്കിയപ്പോള്‍ കൃത്യമായ പ്രവര്‍ത്തന പദ്ധതിയുടെ അഭാവം കാരണം സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പിലാക്കുമെന്ന് ഉറപ്പ് വരുത്താന്‍ സംസ്ഥാനത്തിനായില്ലെന്ന് സിഎജി കണ്ടെത്തി. കെ.എസ്.ഇ.ബിയുടെ വരുമാനം വര്‍ധിപ്പിക്കാന്‍ പദ്ധതി നടപ്പിലാക്കുന്നത് പരിഗണിക്കണമെന്നും ശിപാര്‍ശയുണ്ട്.
കേന്ദ്ര സര്‍ക്കാരുമായി 2017ല്‍ കേരളം ഉദയ് ധാരണാ പത്രം ഒപ്പിട്ടു. 2019 ഡിസംബര്‍ 31 നകം 200 മീറ്ററിന് മുകളില്‍ വൈദ്യുതി ഉപഭോഗമുള്ള ഉപഭോക്താക്കള്‍ക്ക് കെഎസ്ഇബി സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കണമെന്നാതായിരുന്നു കരാര്‍. പദ്ധതിക്കായി ടെന്‍ഡറില്‍ പങ്കെടുത്ത എക ലേലക്കാരന് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ കെ.എസ്.ഇ.ബി വീണ്ടും ടെന്‍ഡര്‍ വിളിക്കാന്‍ തീരുമാനിച്ചു. പീന്നീട് കരാര്‍ സമയപരിധി നീട്ടി നല്‍കിയിട്ടും കെഎസ്ഇബി ടെന്‍ഡര്‍ നടപടി ആരംഭിച്ചില്ലെന്ന് സിഎജി കണ്ടെത്തി.
2021 ഡിസംബര്‍ വരെ 22 സംസ്ഥാനങ്ങള്‍-കേന്ദ്ര ഭരണ പ്രദേശങ്ങളിലായി 34.25 ലക്ഷം സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിച്ചു. ഇതിലൂടെ വരുമാനത്തില്‍ 20ശതമാനം വര്‍ധനവും ബില്ലിംഗ് കാര്യക്ഷമതയില്‍ 21 ശതമാനം വര്‍ധനവും വിതരണ നഷ്ടത്തില്‍ 11 മുതല്‍ 36 ശതമാനം വരെ കുറവിനും കാരണമായി. കേരള സര്‍ക്കാര്‍ വസ്തുതകള്‍ സ്ഥിരീകരിച്ചെങ്കിലും സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ഭാവി പദ്ധതികള്‍ ഉള്ളതായി വ്യക്തമാക്കിയില്ല. പദ്ധതി വഴി ലഭിക്കുമായിരുന്ന നേട്ടങ്ങളെല്ലാം കെ.എസ്.ഇ.ബി നഷ്ടപ്പെടുത്തിയെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്മാര്‍ട്ട് മീറ്റര്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്ന് കേന്ദ്രത്തിന് സമര്‍പ്പിക്കണം. ഒരെണ്ണം പോലും സ്ഥാപിക്കാനായില്ലെന്ന റിപ്പോര്‍ട്ടില്‍ കേന്ദ്രം എടുക്കുന്ന നടപടി എന്തായിരിക്കുമെന്ന ആശങ്ക സര്‍ക്കാരിനുണ്ട്.