കിഫ്ബി സിഇഒയുടെ നിയമനം നടപടിക്രമം വിട്ടെന്ന് സിഎജി റിപ്പോർട്ട്; പദ്ധതി നടത്തിപ്പിലും ജീവനക്കാരെ നിയമിക്കുന്നതിലും ഗുരുതര വീഴ്ച
|കിഫ്ബിയിലെ കടമെടുപ്പ് എന്നിവയ്ക്കെതിരെ മുൻപ് സർക്കാരിന്റെ വിമർശനം ഏറ്റുവാങ്ങിയ അക്കൗണ്ടന്റ് ജനറൽ എസ്. സുനിൽ രാജിന്റെ നിർദേശ പ്രകാരം തയ്യാറാക്കിയ റിപ്പോർട്ടിലാണ് കണ്ടെത്തൽ.
കിഫ്ബി സിഇഒ കെ എം എബ്രഹാമിന്റെ നിയമനം നടപടിക്രമം വിട്ടെന്ന് സിഎജി സ്പെഷ്യൽ ഓഡിറ്റ് റിപ്പോർട്ട്. മൂന്ന് വർഷത്തെ കരാർ നിയമനമാണ് കെ എം എബ്രഹാമിന് നൽകിയത്. 2016ലെ സർക്കാർ ഉത്തരവ് പ്രകാരം ഒരു വർഷത്തേക്ക് മാത്രമേ കരാർ നിയമനം പാടുള്ളു. കിഫ്ബിയിലെ കടമെടുപ്പ് എന്നിവയ്ക്കെതിരെ മുൻപ് സർക്കാരിന്റെ വിമർശനം ഏറ്റുവാങ്ങിയ കൺട്രോളർ ആന്റ് ഓഡിറ്റർ ജനറൽ എസ്. സുനിൽ രാജിന്റെ നിർദേശ പ്രകാരം തയ്യാറാക്കിയ റിപ്പോർട്ടിലാണ് കണ്ടെത്തൽ.
റിപ്പോർട്ട് കഴിഞ്ഞ ഏപ്രിലിൽ കിഫ്ബിക്കും ധനസെക്രട്ടറിക്കും കൈമാറിയെങ്കിലും സർക്കാർ പുറത്തു വിട്ടിരുന്നില്ല. പദ്ധതി നടപ്പിലും ജീവനക്കാരെ നിയമിക്കുന്നതിലും ഫണ്ട് കൈകാര്യം ചെയ്യുന്നതിലും കിഫ്ബി ഗുരുതര വീഴ്ച വരുത്തിയെന്നും സപെഷൽ റിപ്പോർട്ടിൽ പറയുന്നു.
1-1 -18 ൽ കരാർ അടിസ്ഥാനത്തിൽ ആയിരുന്നു കെ എം എബ്രഹാമിനെ നിയമിച്ചത്. 2.75 ലക്ഷം രൂപയായിരുന്നു ശമ്പളം. ഓരോ വർഷവും 10 ശതമാനം ഇൻഗ്രിമെന്റ് എന്നുമായിരുന്നു. ഇതിനെ സിഎജി ചോദ്യം ചെയ്യുന്നു. 2016 ന് പുറത്തിറങ്ങിയ സർക്കാർ ഉത്തരവിന് വിരുദ്ധമാണെന്നാണ് സിഎജി ചൂണ്ടിക്കാണിക്കുന്നത്.
ചീഫ് പ്രോജക്ട് എക്സാമിർ നിയമനത്തിലും ക്രമക്കേടുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നു. മൂന്ന് അപേക്ഷയാണ് ലഭിച്ചത്. മൂന്ന് പേർക്കും നിർദിഷ്ട യോഗ്യത ഇല്ലായിരുന്നു. എന്നിട്ടും ഒരാളെ നിയമിച്ചു. അതേ യോഗ്യതയുള്ള രണ്ടാമത്തെയാളെ തഴഞ്ഞു. ഇത് തുല്യനീതിയുടെ ലംഘനമാണ്. ഡപ്യൂട്ടഷനു പകരം കരാർ നിയമനം നൽകിയത് 42 ലക്ഷം രൂപയുടെ അധിക ചെലവുണ്ടാക്കി.
സർക്കാർ കീഴിൽ സ്വയം ഭരണ സ്ഥാപനമായിട്ടും സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് വഴിയും നേരിട്ടും നടത്തിയ നിയമനങ്ങളിൽ സംവരണം പാലിച്ചില്ല. വൗച്ചർ പോലും ഹാജരാക്കാത്ത ചെലവുകളും കിഫ്ബി അംഗീകരിച്ചു നൽകി. തിരുത്തിയും കൃത്യമം കാണിച്ചതുമായ ഹോട്ടൽ ബില്ലുകൾക്കു പണം നൽകി. വാടയ്ക്കെടുത്ത കെട്ടിടം ഉപയോഗിക്കാത്ത കാലയളവിൽ 16 ലക്ഷം രൂപ വാടകയായി നൽകിയതടക്കം നിരവധി ക്രമക്കേടുകൾ നടന്നതായി റിപ്പോർട്ടിൽ പറയുന്നു.