കോഴിക്കോട് കെ.എസ്.ആർ.ടി.സി കെട്ടിടസമുച്ചയ ക്രമക്കേട്; കോണ്‍ഗ്രസ് സമരപ്രഖ്യാപനം ഇന്ന്
|ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമത്തില്‍ പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ സമരപ്രഖ്യാപനം നടത്തും.
കോഴിക്കോട് കെ.എസ്.ആർ.ടി.സി കെട്ടിടസമുച്ചയ വിഷയത്തില്‍ കോണ്‍ഗ്രസ് സമര പ്രഖ്യാപനം ഇന്ന്. ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമത്തില്‍ പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ സമരപ്രഖ്യാപനം നടത്തും. കെട്ടിട നിർമാണത്തകരാറിന് കാരണക്കാരയ മന്ത്രിമാർ ഉള്‍പ്പെടെയുള്ളവർക്കെതിരെ കേസെടുക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. കെ.എസ്.ആർ.ടി.സി കെട്ടിട സമുച്ചയ വിഷയത്തില്‍ തുടർസമരങ്ങള്‍ക്കും കോണ്‍ഗ്രസ് ആലോചനയുണ്ട്. വൈകിട്ട് 3 മണിക്കാണ് പ്രതിഷേധ സംഗമം.
നേരത്തേ കോഴിക്കോട് കെ.എസ്.ആർ.ടി.സി സമുച്ചയ നിർമാണത്തിൽ ക്രമക്കേട് നടന്നതായി വിജിലൻസ് കണ്ടെത്തിയിരുന്നു. രൂപഘടനയിലും രൂപകല്‍പനയിലും ക്രമക്കേടുണ്ടായതായാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ടവരെ മുഴുവൻ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. അന്വേഷണം അന്തിമഘട്ടത്തിലാണ്. ഐ.ഐ.ടി റിപ്പോർട്ട് കൂടി പരിഗണിച്ച് വിജിലൻസ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കും.
ഈ മാസമവസാനത്തോടെ റിപ്പോർട്ട് സമർപ്പിക്കാനാണ് തീരുമാനം. ക്രമക്കേടിൽ പങ്കാളികളായവർക്കെതിരെ കേസെടുക്കാനും വിജിലൻസ് ശിപാർശ ചെയ്യും. ഇതിനിടെ കെ.എസ്.ആർ.ടി.സി സ്റ്റാന്‍റ് മറ്റൊരിടത്തേക്ക് മാറ്റുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടായേക്കും. 2018 മെയ് 21നാണ് കോഴിക്കോട് കെ.എസ്.ആർ.ടി.സി സമുച്ചയത്തിലെ നിർമ്മാണത്തിലെ ക്രമക്കേടുകളെ കുറിച്ച് കെ.ടി.ഡി.എഫ്.സി ഡയറക്ടർ ബോർഡ് വിജിലൻസിൽ പരാതി നല്‍കിയത്.