കാലിക്കറ്റ് സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ പരീക്ഷ നേരത്തെ നടത്തുന്നതായി പരാതി
|ആറു മാസമുള്ള സെമസ്റ്റര്‍ നാലു മാസമാകുമ്പോഴേക്കും പരീക്ഷ നടത്താനാണ് സർവകലാശാല തീരുമാനം
മലപ്പുറം: കാലിക്കറ്റ് സർവകശാലയിലെ വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്നാം സെമസ്റ്റർ പരീക്ഷ നേരത്തെ നടത്തുന്നതായി പരാതി. അഡ്മിഷൻ പൂർത്തീകരിച്ച് നാല് മാസത്തിനകം പരീക്ഷകൾ നടത്താനാണ് സർവകലാശാല നീക്കം. വിദൂര വിദ്യാഭ്യാസ വിഭാഗം നടത്തുന്ന ക്ലാസുകൾ പോലും പൂർത്തിയാകുന്നതിന് മുൻപാണ് പരീക്ഷ നടത്താൻ പോകുന്നത്.
കാലിക്കറ്റ് സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ വകുപ്പിൽ ഒക്ടോബറിലാണ് പി.ജി അഡ്മിഷൻ അവസാനിച്ചത്. ഒരു സെമസ്റ്റർ ആറു മാസമാണെന്നിരിക്കെ നാലു മാസമാകുമ്പോഴേക്കും പരീക്ഷ നടത്താനാണ് സർവകലാശാല തീരുമാനം. ഈ മാസം 19 മുതലാണ് പരീക്ഷ തുടങ്ങുന്നത്.
അടുത്ത കാലത്താണ് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ ലഭിച്ചത്. ക്ലാസുകൾ പൂർത്തീകരിച്ചിട്ടുമില്ല. പരീക്ഷ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു വിദൂര വിദ്യാഭ്യാസ വിഭാഗം തന്നെ വൈസ് ചാൻസലർക്ക് കത്തുനൽകിയിട്ടുണ്ട്. വിദ്യാർത്ഥികളും പരാതി നൽകി. എന്നാൽ, പരീക്ഷ നീട്ടിവയ്ക്കാൻ കഴിയില്ലെന്ന നിലപാടിലാണ് സർവകലാശാല.
Summary: Complaint that Distance Education Department of Calicut University conducts first semester examination early