തെരഞ്ഞെടുപ്പ് പരിശീലനത്തിനിടെ കാലിക്കറ്റ് സര്‍വകലാശാല മൂല്യനിര്‍ണ്ണയ ക്യാമ്പ് പ്രയാസം സൃഷ്ടിക്കുന്നതായി പരാതി
|അധ്യാപകര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി
കോഴിക്കോട്: തെരഞ്ഞെടുപ്പ് പരിശീലനത്തിനിടെ കാലിക്കറ്റ് സര്‍വകലാശാല മൂല്യനിര്‍ണ്ണയ ക്യാമ്പ് പ്രയാസം സൃഷ്ടിക്കുന്നതായി പരാതി. തെരഞ്ഞെടുപ്പ് ക്ലാസുകളില്‍ പങ്കെടുക്കേണ്ട വാല്യുവേഷന്‍ ചെയര്‍മാന്‍മാര്‍ ഓണ്‍ലൈനായി ജോലി ചെയ്യണമെന്നാണ് സര്‍വകലാശാല നിര്‍ദേശം. ഇതിനെതിരെ അധ്യാപകര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന രണ്ടാംഘട്ട പരിശീലന ക്ലാസുകള്‍ നടക്കുകയാണ്. തെരഞ്ഞെടുപ്പ് ദിവസം നടക്കേണ്ട മുഴുവന്‍ പ്രക്രിയകളുടെയും പരിശീലനമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനിടെയാണ് കാലിക്കറ്റ് സര്‍വകലാശാലയുടെ പരീക്ഷ മൂല്യ നിര്‍ണ്ണയ ക്യാമ്പും നടക്കുന്നത്. ഇന്ന് മുതല്‍ ഈ മാസം 20 വരെയാണ് ഡിഗ്രി ഒന്നാം സെമസ്റ്റര്‍ മൂല്യ നിര്‍ണ്ണയ ക്യാമ്പ് തീരുമാനിച്ചിരിക്കുന്നത്. പരീക്ഷ പേപ്പര്‍ നോക്കുന്ന അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പ് ക്ലാസ് ഉള്ള ദിവസം മൂല്യനിര്‍ണ്ണയത്തിന് അവധി നല്‍കിയിട്ടുണ്ട്. എന്നാല്‍ വാല്യൂവേഷന്‍ ചെയര്‍മാന്‍മാര്‍ തെരഞ്ഞെടുപ്പ് ക്ലാസില്‍ പങ്കെടുക്കുന്ന സമയത്തു തന്നെ ഓണ്‍ലൈനായി മൂല്യ നിര്‍ണ്ണയ ക്യാമ്പിലെ ജോലികളും ചെയ്യണമെന്നാണ് നിര്‍ദേശം. സര്‍വകലാശാലയുടെ തീരുമാനം അധ്യാപകര്‍ക്ക് പ്രയാസം സൃഷിട്ടിക്കുന്നതായി പരാതി ഉയരുന്നുണ്ട്.