കാലിക്കറ്റ് വാഴ്സിറ്റി യൂനിയന്‍ കൗണ്‍സിലര്‍മാര്‍ കൂടുതല്‍ എം.എസ്.എഫിന്; ചെയര്‍മാന്‍പദം കെ.എസ്.യുവിന്
|എട്ടു വര്‍ഷത്തിനുശേഷം എസ്.എഫ്.ഐക്ക് യൂനിയന്‍ ഭരണം നഷ്ടമായ തെരഞ്ഞെടുപ്പില്‍ ചെയര്പേഴ്സന്, വൈസ് ചെയര്മാന്, ജനറല്‍ സെക്രട്ടറി പോസ്റ്റുകള്‍ ഉള്‍പ്പെടെ മുഴുവന്‍ ജനറല്‍ സീറ്റും യു.ഡി.എസ്.എഫ് തൂത്തുവാരിയിരുന്നു
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലാ യൂനിയന്‍ തെരഞ്ഞെടുപ്പില്‍ കൗണ്‍സിലര്‍മാരുടെ(യു.യു.സി) അംഗബലം കുറവായിട്ടും ചെയര്‍പേഴ്സണ്‍ പദവി കെ.എസ്.യുവിന്. കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടനയെക്കാള്‍ അഞ്ചിരട്ടി യു.യു.സിമാര്‍ എം.എസ്.എഫിന് ഉണ്ടായിട്ടും സംഘടനയ്ക്ക് ജനറല്‍ സെക്രട്ടറി പദം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കെ.എസ്.യുവിന് 41ഉം എം.എസ്.എഫിന് 216ഉം യു.യു.സിമാരാണുള്ളത്.
എട്ടു വര്‍ഷത്തിനുശേഷമാണ് യൂനിയന്‍ ഭരണം എസ്.എഫ്.ഐക്കു നഷ്ടമാകുന്നത്. ചെയര്പേഴ്സന്, വൈസ് ചെയര്മാന്, ജനറല്‍ സെക്രട്ടറി പോസ്റ്റുകള്‍ ഉള്‍പ്പെടെ മുഴുവന്‍ ജനറല്‍ സീറ്റും എം.എസ്.എഫ്-കെ.എസ്.യു സഖ്യമായ യു.ഡി.എസ്.എഫ് പിടിച്ചടക്കി. മറ്റ് പാര്‍ട്ടികളുടെ യു.യു.സി സീറ്റ് നില: എസ്.എഫ്.ഐ 215, ഫ്രറ്റേണിറ്റി 15, എ.ഐ.എസ്.എഫ് 3, എ.ബി.വി.പി 3.
രാഷ്ട്രീയ പ്രാതിനിധ്യത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായി നിലനില്‍ക്കവെയാണ് അര്‍ഹതപ്പെട്ട ചെയര്‍പേഴ്സണ്‍ പദവി മുസ്ലിം ലീഗിന്റെ വിദ്യാര്‍ഥി സംഘടനയ്ക്ക് നഷ്ടമാകുന്നത്. മലബാറിന് പുറത്തുള്ള ക്യാമ്പസുകളില്‍ എംഎസ്എഫുമായി വേണ്ടത്ര ധാരണയില്ലാത്ത സാഹചര്യത്തില്‍ക്കൂടിയാണ് കെ.എസ്.യുവിന്റെ ചെയപേഴ്സണ്‍ പദവി ചര്‍ച്ചയായി മാറുന്നത്.
എട്ടു വര്‍ഷത്തോളം എസ്.എഫ്.ഐ കോട്ടയായി കാത്ത യൂനിയന്‍ ഭരണമാണ് എം.എസ്.എഫും കെ.എസ്.യുവും ചേര്‍ന്നു തകര്‍ത്തത്. അഞ്ച് ജനറല്‍ സീറ്റുകളും തൂത്തുവാരിയായിരുന്നു യു.ഡി.എസ്.എഫ് യൂനിയന്‍ പിടിച്ചത്. ജില്ലാ നിര്‍വാഹക സമിതി സീറ്റുകളില്‍ മുന്നണി രണ്ടിടത്തും വിജയിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലാ സീറ്റുകളാണ് യു.ഡി.എസ്.എഫ് സ്വന്തമാക്കിയത്. എസ്.എഫ്.ഐ വയനാട്, പാലക്കാട്, തൃശൂര്‍ ജില്ലാ സീറ്റുകളും സ്വന്തമാക്കി.
പാലക്കാട് വിക്ടോറിയ കോളജ് വിദ്യാര്‍ഥിയാണ് ചെയര്പേഴ്സന് നിതിന്‍ ഫാത്തിമ. 35 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു എസ്.എഫ്.ഐയുടെ സരോദിനെ തോല്പിച്ചത്. ഫാത്തിമയ്ക്ക് 256ഉം എസ്.എഫ്.ഐ സ്ഥാനാര്‍ഥിക്ക് 221ഉം വോട്ട് ലഭിച്ചു.
പുറമണ്ണൂര്‍ മജ്ലിസ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ മുഹമ്മദ് സഫ്വാന്(എം.എസ്.എഫ്) ആണ് ജനറല്‍ സെക്രട്ടറി. വൈസ് ചെയര്പേഴ്സനുകളായി ഫാറൂഖ് കോളജിലെ ഹര്‍ഷാദ് പി.കെ(എം.എസ്.എഫ്), മയിലുംപുറം സ്വാമി വിവേകാനന്ദ സെന്റര്‍ ഫോര്‍ ടീച്ചര്‍ എജ്യുക്കേഷനിലെ ഷബ്ന കെ.ടി(എം.എസ്.എഫ്) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. കല്പറ്റ എന്‍.എം.എസ്.എം ഗവ. കോളജിലെ കെ.പി അശ്വിന്‍നാഥ്(കെ.എസ്.യു) ആണ് ജോയിന്റ് സെക്രട്ടറി. ടി. ജാഫര്‍(കോഴിക്കോട്), പി.കെ മുബഷിര്‍(മലപ്പുറം), സിജോ ജോര്‍ജ്(വയനാട്), എസ്. അഭിനന്ദ്(പാലക്കാട്), പി.ആര് സായൂജ്(തൃശൂര്‍) എന്നിവരാണു ജില്ലാ നിര്‍വാഹക സമിതി അംഗങ്ങള്‍.
Summary: In the Calicut University Union elections, MSF won more councilors, but KSU got the chairmanship