പൊതുവെ ശാന്ത പ്രകൃതക്കാരന്‍, എന്നാല്‍ അപകടകാരി; കടിയേറ്റാല്‍ ഉടനടി മരണം
|രാജവെമ്പാലക്ക് പ്രതിവിധിയായുള്ള ആന്റി വെനം ഇപ്പോൾ രാജ്യത്ത് ഉത്പാദിപ്പിക്കുന്നില്ല
തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരൻ മരിച്ചത് കേരളത്തിൽ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യ സംഭവമാണ്. രാജവെമ്പാലയുടെ കൂട് വൃത്തിയാക്കുകയും ഭക്ഷണം നല്‍കുകയും ചെയ്യുന്നതിനിടെയായിരുന്നു മൃഗശാലയിലെ ആനിമല്‍ കീപ്പറായ ഹര്‍ഷാദിന് പാമ്പിന്റെ കടിയേറ്റത്.
മറ്റു വിഷപ്പാമ്പുകളെ പോലെ ഉപദ്രവകാരികളല്ല രാജവെമ്പാല. ഉൾവനങ്ങളിലാണ് ഇവയുടെ ആവാസവ്യവസ്ഥ. വനാന്തരങ്ങളിലും അണക്കെട്ടുകളുടെ പരിസരങ്ങളിലുമാണ് ഇവയെ പൊതുവെ കാണപ്പെടാറ്. ഇപ്പോൾ ജനവാസ മേഖലകളിലും ഇവയെ കാണപ്പെടാറുണ്ട്.
അപായപ്പെടുത്താൻ വരുന്നവരെ ഭയപ്പെടുത്തുകയാണ് ഇവ ചെയ്യാറ്. പൊതുവേ ശാന്തപ്രകൃതക്കാരായ രാജവെമ്പാല പക്ഷെ പ്രകോപനം ഉണ്ടായാൽ തിരിച്ച് അക്രമിച്ചേക്കാം. മുട്ടയിട്ടിരിക്കുന്ന സമയങ്ങളിലാണ് ഇവർ പൊതുവെ അക്രമകാരികളാവുന്നത്.
മറ്റു വിഷപ്പാമ്പുകളേക്കാൾ വിഷസഞ്ചിയിൽ കൂടുതൽ വിഷം സൂക്ഷിക്കാൻ രാജവെമ്പാലകള്‍ക്ക് സാധിക്കും. അതിനാൽ തന്നെ കടിയേൽക്കുമ്പോൾ കൂടുതൽ വിഷം ശരീരത്തിൽ പ്രവേശിക്കുന്നു. രാജവെമ്പാലയുടെ കടിയേറ്റാൽ ശ്വസനവുമായി ബന്ധപ്പെട്ട നാഡീവ്യവസ്ഥയെ ആണ് ബാധിക്കുക. കടിയേറ്റാൽ 6 മുതൽ 15 മിനിറ്റുകൾക്കകം മരണം സംഭവിച്ചേക്കാം. അതിനാൽ തന്നെ ഉടനടി വിദഗ്ധ ചികിത്സ ലഭ്യമാക്കേണ്ടത് അത്യാവശ്യമാണ്.
എന്നാൽ രാജവെമ്പാലക്ക് പ്രതിവിധിയായുള്ള ആന്റി വെനം ഇപ്പോൾ രാജ്യത്ത് ഉത്പാദിപ്പിക്കുന്നില്ല. ആന്റി വെനം ഉത്പാദിപ്പിക്കാനുള്ള കൂടിയ ചെലവും, രാജവെമ്പാല കടിച്ചുള്ള അപകടം വിരളമായതുമാണ് ആന്റി വെനം ഉത്പാദിപ്പിക്കുന്നത് നിർത്താൻ കാരണം. തായ്‍ലാന്‍റിലെ സായോബാബ ഇൻസ്റ്റിറ്റ്യൂട്ടിലാണ് നിലവിൽ രാജവെമ്പാലയുടെ ആന്റിവെനം ഉത്പാദിപ്പിക്കുന്നത്. ഇന്ത്യയുൾപ്പടെ പല രാജ്യങ്ങളിലേക്കുമുള്ള ആന്റി വെനം ഇവിടെ നിന്നാണ് എത്തുന്നത്.
ഒന്നര വർഷം മുമ്പ് കർണാടകയിലാണ് രാജവെമ്പാലയുടെ കടിയേറ്റുള്ള രാജ്യത്തെ ആദ്യത്ത മരണം റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിൽ ഇതുവരെ രാജവെമ്പാലയുടെ കടിയേറ്റ് നാല് പേരാണ് മരിച്ചത്.
ഒരു ശരാശരി രാജവെമ്പാലക്ക് അഞ്ചര മീറ്റർ വരെയാണ് നീളം. ഒരു കടിയിൽ 20 പേരെ കൊല്ലാനുള്ള വിഷം വമിപ്പിക്കാൻ രാജവെമ്പാലക്ക് സാധിക്കും. 18-20 വർഷം വരെയാണ് ആയുസ്. ചെറു ജീവികളെയും മറ്റു പാമ്പുകളെയുമാണ് പ്രധാനമായും ഭക്ഷണമാക്കാറുള്ളത്.