തൃക്കാക്കരയിൽ പരസ്യപ്രചാരണം അവസാനലാപ്പിലേക്ക്; റോഡ് ഷോയിൽ പങ്കെടുത്ത് സ്ഥാനാർഥികൾ
|പാലാരിവട്ടത്താണ് റോഡ്‌ഷോയുടെ സമാപനം
കൊച്ചി: തൃക്കാക്കരയിൽ പരസ്യപ്രചാരണം അവസാനലാപ്പിലേക്ക് കടന്നു. നേതാക്കളെല്ലാം തൃക്കാക്കരയിൽ എത്തിച്ചേരുകയും സ്ഥാനാർഥികളോടൊപ്പം റോഡ്ഷോയിൽ പങ്കെടുക്കുകയാണ്. ഇന്ന് രാവിലെ എട്ട് മണിയോടെ ജോ ജോസഫിന്റെ റോഡ് ഷോ ആരംഭിച്ചിരുന്നു. മന്ത്രി പി. രാജീവാണ് റോഡ് ഷോ ഉദ്ഘാടനം ചെയ്തത്. വൈകിട്ട് പാലാരിവട്ടത്താണ് റോഡ്‌ഷോയുടെ സമാപനം. ബൈക്ക് റാലിയുമായാണ് യു.ഡി.എഫിന്റെ റോഡ് ഷോ. മണ്ഡലത്തിന്റെ പ്രധാന ഭാഗങ്ങളായ കലൂർ, ഇടപ്പള്ളി, പാലാരിവട്ടം തുടങ്ങി വിവിധ സ്ഥലങ്ങളിലൂടെയായിരിക്കും റാലി കടന്നുപോകുന്നത്.
ബി.ജെ.പി സ്ഥാനാർഥി എ എന്‍ രാധാകൃഷ്ണനും രാവിലെ മുതല്‍ റോഡ് ഷോ തുടങ്ങിയിരുന്നു. കാക്കനാട് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്ന് തുടങ്ങിയ റോഡ് ഷോ വൈകിട്ട് നാല് മണിക്ക് പാലാരിവട്ടത്തെ എന്‍.ഡി.എ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ സമാപിക്കും. എ.എന്‍ രാധാകൃഷ്ണനായി പി.സി ജോർജ് ഇന്ന് തൃക്കാക്കരയില്‍ പ്രചാരണത്തിനെത്തിയിരുന്നു.
കോട്ടകാക്കാമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. യു.ഡി.എഫിനെ വീഴ്ത്തുമെന്ന ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്. വിജയപ്രതീക്ഷ ഒട്ടും കൈവിടാതെ ബ.ജെ.പിയും പ്രചാരണരംഗത്ത് സജീവമാണ്.
ഒരു മാസത്തോളം നീണ്ട വീറും വാശിയും നിറഞ്ഞ പ്രചാരണമാണ് പരിസമാപ്തിയിലേക്ക് കടക്കുന്നത്. മണ്ഡലത്തിന്‍റെ മുക്കിലും മൂലയിലും വരെ സ്ഥാനാർഥികളും മുന്നണി നേതാക്കളും ഓടിയെത്തിയുള്ള പ്രചാരണമാണ് ഇന്നത്തോടെ അവസാനിക്കുന്നത്. തെരഞ്ഞെടുപ്പിന്‍റെ ആവേശം മൂന്ന് മുന്നണികളുടെയും അണികള്‍ ഇന്ന് കൊട്ടിത്തീർക്കും. മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വിപുലമായ പരിപാടികളാണ് നടക്കുന്നത്. നാളെ നിശബ്ദപ്രചാരണം കൂടി കഴിഞ്ഞാല്‍ പിന്നെ വോട്ടെടുപ്പാണ്. തൃക്കാക്കര വിധിയെഴുതുന്ന ദിനം.