കാമ്പസ് ഫ്രണ്ട് നേതാവ് റൗഫ് ശരീഫ് കോവിഡ് ബാധിച്ച് അവശനിലയിൽ; ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം
|സിദ്ദീഖ് കാപ്പനുള്‍പ്പെട്ട ഹാഥ്റസ് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ കള്ളപ്പണ ഇടപാട് ആരോപിച്ചാണ് റൗഫിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. പിന്നീട് ഹാഥ്റസ് കേസിലെ പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്നാരോപിച്ച് റൌഫ് ശരീഫിനെതിരെ യു.പി പൊലീസ് കേസെടുക്കുകയായിരുന്നു.
ഉത്തര്‍ പ്രദേശിലെ മഥുര ജയിലില്‍ തടവില്‍ കഴിയുന്ന കാമ്പസ് ഫ്രണ്ട് നേതാവ് റൌഫ് ശരീഫിന് മതിയായ ചികിത്സ ലഭ്യമാക്കണമെന്ന് ഭാര്യ ഫാത്തിമ ബത്തൂല്‍. കോവിഡ് ബാധിതനായി ജയിലില്‍ കഴിയുന്ന റൌഫിന്റെ ജീവന് രക്ഷിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. മഥുര ജയിലില്‍ കഴിയുന്ന റൌഫ് ശരീഫ് കോവിഡ് ബാധിച്ച് അവശ നിലയിലായ വിവരം അഭിഭാഷകന് മുഖേനെയാണ് കുടുംബം അറിയുന്നത്. എന്നാല്‍ ഭാര്യയുമായി ഫോണില്‍ സംസാരിക്കാന്‍ പോലും ജയിലധികൃതര്‍ അനുമതി നല്‍കിയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. റൌഫിന്റെ ജീവന് രക്ഷിക്കാന്‍ അടിയന്തര ഇടപെല്‍ ഉണ്ടാകണമെന്ന് ഭാര്യ ഫാത്തിമ ബത്തൂല്‍ പറഞ്ഞു.
സിദ്ദീഖ് കാപ്പനുള്‍പ്പെട്ട ഹാഥ്റസ് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ കള്ളപ്പണ ഇടപാട് ആരോപിച്ചാണ് റൗഫിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. പിന്നീട് ഹാഥ്റസ് കേസിലെ പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്നാരോപിച്ച് റൌഫ് ശരീഫിനെതിരെ യു.പി പൊലീസ് കേസെടുക്കുകയായിരുന്നു.കള്ളപ്പണ ഇടപാട് കേസിൽ എറണാകുളം സെഷന്‍സ് കോടതി ഫെബ്രുവരി 12ന് റൌഫിന് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ പ്രൊഡക്ഷന്‍ വാറണ്ടുമായെത്തിയ യു.പി പൊലീസ് ഫെബ്രുവരി 13 ന് തന്നെ റൌഫിനെ മഥുരയിലേക്ക് കൊണ്ടു പോയി ജയിലിലടക്കുകയായിരുന്നു. റൌഫിന്റെ കേസ് കോടതി വേഗത്തില്‍ പരിഗണിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. റൌഫിന്റെ ഭാര്യ ഫാത്തിമ ബത്തൂല്‍ 6 മാസം ഗര്‍ഭിണിയായിരിക്കെയാണ് അറസ്റ്റ് നടക്കുന്നത്. ഇപ്പോള്‍ പ്രസവം കഴിഞ്ഞ് കുഞ്ഞിന് 21 ദിവസം പ്രായമായി. കോടതി കേസ് പരിഗണിച്ചാല്‍ നിരപരാധിത്വം തെളിയിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ബത്തൂലും കുടുംബവും.