'പദ്ധതി തടസ്സപ്പെടുത്താതെ പ്രതിഷേധമാകാം';വിഴിഞ്ഞം സമരത്തിൽ ഹൈക്കോടതി
|ക്രമസമാധാന പാലനത്തിനും സുരക്ഷയ്ക്കും കേന്ദ്ര സേനയെ ഇറക്കണമെന്ന് ഹരജിക്കാർ ഹൈക്കോടതിയിൽ
എറണാകുളം: വിഴിഞ്ഞം തുറമുഖ നിർമ്മാണം തടസപെടുത്തരുതെന്നും ക്രമസമാധാനം തകർക്കാൻ അനുവദിക്കില്ലെന്നും ഹൈക്കോടതി. പദ്ധതി തടസ്സപ്പെടുത്താതെ പ്രതിഷേധാമാകാമെന്നും കോടതി വ്യക്തമാക്കി. സമരക്കാരിൽ നിന്നും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. ഹരജി ബുധനാഴ്ച പരിഗണിക്കും.
കേസിൽ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് സമരക്കാരും കോടതിയെ സമീപിച്ചിരുന്നു. ക്രമസമാധാനം ഉറപ്പാക്കണമെന്ന കോടതിയുടെ നിർദേശം പാലിക്കുന്നില്ലായെന്നായിരുന്നു ഹരജിക്കാർ ഇന്ന് കോടതിയെ അറിയിച്ചത്. സമരം സമാധാനപരമായി നടത്താവുന്നതാണ്. സമരക്കാർക്ക് പദ്ധതിയെക്കുറിച്ച് എന്തെങ്കിലും ആക്ഷേപമുണ്ടെങ്കിൽ ഉചിതമായ സ്ഥലത്ത് ഉന്നയിക്കാമെന്നും പകരം പദ്ധതി നിർത്തിവെക്കുന്ന രീതിയിലുള്ള ഇടപെടൽ പ്രതിഷേധകരുടെ ഭാഗത്ത് നിന്നുണ്ടാകരുതെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് അനു ശിവറാം വിശദമാക്കി. പദ്ധതി നിർത്തിവെക്കാനാവില്ലെന്ന് തന്നെയാണ് ഹൈക്കോടതി ഇതിലൂടെ വ്യക്തമാക്കുന്നത്.
പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം തന്നെ നിർദേശം നൽകിയിരുന്നു. സമരം മൂലം തടസ്സമുണ്ടാകുന്നുണ്ടെന്ന് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ അറിയിച്ചു. ക്രമ സമാധാന പാലനത്തിനും സുരക്ഷയ്ക്കും കേന്ദ്ര സേനയെ ഇറക്കണമെന്ന് ഹരജിക്കാർ ആവശ്യപ്പെട്ടു. കേന്ദ്ര സേനയെ ഇറക്കണമെന്ന നിർദേശത്തെ സംസ്ഥാന സർക്കാർ നേരത്തെ എതിർത്തിരുന്നു. ബുധനാഴ്ച ഹരജി പരിഗണിക്കുമ്പോൾ എതിർ കക്ഷികൾ ഉൾപ്പെടെയുള്ളവരോട് വിശദീകരണം നൽകാൻ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.