കാസർകോട് വീണ്ടും ലക്ഷങ്ങളുടെ നിക്ഷേപ തട്ടിപ്പ്
|2022 ഡിസംബർ 21 നാണ് കാനറ ഫിഷ് ഫാർമേഴ്സ് വെൽഫെയർ പ്രാഡ്യൂസർ കമ്പനി കാസർകോട് പ്രവർത്തനം തുടങ്ങിയത്.
കാസര്‍കോട്: കാസർകോട് വീണ്ടും നിക്ഷേപ തട്ടിപ്പ്. കാനറ ഫിഷ് ഫാർമേഴ്സ് വെൽഫെയർ പ്രാഡ്യൂസർ കമ്പനിയാണ് ലക്ഷങ്ങളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയത്. മത്സ്യത്തൊഴിലാളികൾ ഉൾപ്പടെയുള്ള സാധാരണക്കാരിൽ നിന്ന് നിക്ഷേപം സ്വീകരിച്ച് കമ്പനി മുങ്ങിയതായി പരാതി. 2022 ഡിസംബർ 21 നാണ് കാനറ ഫിഷ് ഫാർമേഴ്സ് വെൽഫെയർ പ്രാഡ്യൂസർ കമ്പനി കാസർകോട് പ്രവർത്തനം തുടങ്ങിയത്. തങ്ങളുടെ മൂന്നാമത്തെ ബ്രാഞ്ചാണെന്നവകാശപ്പെട്ടായിരുന്നു കമ്പനിയുടെ വരവ്. കാസർകോട് പഴയ പ്രസ്സ് ക്ലബ്ബ് ജംഗഷനിൽ ആർഭാടപൂർവ്വം ഓഫീസ് തുറന്നു. കമ്പനിയുടെ ചെയർമാൻ രാഹുൽ ചക്രപാണി ആഡംബര കാറിലെത്തി. ജനപ്രതിനിധികളും രാഷ്ട്രിയ നേതാക്കളും ആശംസ നേർന്നു. സാധാരണക്കാരുടെ വിശ്വാസം നേടിയായിരുന്നു പ്രവർത്തനത്തിൻ്റെ തുടക്കം.
ജില്ലയിലെ തീരദേശ മേഖലയായ പള്ളിക്കര, ബേക്കൽ, കീഴൂർ, കാസർകോട് കസബ കടപ്പുറം തുടങ്ങിൽ പ്രദേശങ്ങളിലെ മത്സ്യതൊഴിലാളികളിൽ നിന്നും ദിവസേന 100 മുതൽ 500 രൂപ വരെ നിക്ഷേപം സ്വീകരിച്ചു. ഇങ്ങിനെ 50,000 മുതൽ 3 ലക്ഷം രൂപ വരെ നിക്ഷേപിച്ചവരുണ്ട്. 800 ലേറെ പേരിൽ നിന്നും നിക്ഷേപം സ്വീകരിച്ചെന്നാണ് കണക്ക്. ഒരു വർഷത്തോളം കൃത്യമായി പ്രവർത്തിച്ച ഓഫീസ് കഴിഞ്ഞ കുറച്ച് മാസങ്ങളായി അടച്ചു പൂട്ടിയ നിലയിലാണ്. ജീവനക്കാരുമായി ബന്ധപ്പെടാനുമാവുന്നില്ല.
കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രാഡ്യൂസർ കമ്പനി ഉടമ രാഹുൽ ചക്രപാണിതന്നെയാണ് കാനറ ഫിഷ് ഫാർമേഴ്സ് വെൽഫെയർ പ്രാഡ്യൂസർ കമ്പനിയുടെയും ഡയറക്ടർ. ട്രാവൻകൂർ ഫാർമേഴ്സ് പ്രാഡ്യൂസർ കമ്പനിയുടെ നിക്ഷേപ തട്ടിപ്പ് കേസിൽ രാഹുൽ ചക്രപാണിയെ കഴിഞ്ഞ മാസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന നിസാര വകുപ്പ് ചുമതി പൊലീസ് രാഹുൽ ചക്രപാണിയുമായി ഒത്തുകളിക്കുന്നതായും ആക്ഷേപമുണ്ട്.