ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കൽ; എ.രാജ ഇന്ന് സുപ്രിംകോടതിയിൽ അപ്പീൽ നൽകും
|സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അനുമതിയോടെയാണ് നിയമ നടപടികളിലേക്ക് കടക്കുന്നത്
ഇടുക്കി: ദേവികുളം നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ എ.രാജ സുപ്രിംകോടതിയിൽ ഇന്ന് അപ്പീൽ നൽകിയേക്കും. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അനുമതിയോടെയാണ് നിയമ നടപടികളിലേക്ക് കടക്കുന്നത്.കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ രാജക്ക് എം.എൽ.എ ആയി തുടരാനാകില്ലെങ്കിലും മേൽക്കോടതിയെ സമീപിക്കാനുള്ള അവസരമുണ്ട്.
പട്ടികജാതിക്കാരനാണെന്ന് കണക്കാക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി 2009 ൽ മാവേലിക്കര ലോകസഭ മണ്ഡലത്തിലെ കൊടിക്കുന്നിൽ സുരേഷിന്റെ ജയം ഹൈക്കോടതി റദ്ദാക്കിയിരുന്നു. പിന്നീട് നിയമപോരാട്ടത്തിലൂടെയാണ് കൊടിക്കുന്നിൽ സുരേഷ് സുപ്രിംകോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ചത്. അതേവഴിയേ നീങ്ങാനാകും എ.രാജയുടെയും സി.പി.എമ്മിന്റെയും നീക്കം. വിധി സ്വാഗതം ചെയ്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ വിവിധ മണ്ഡലങ്ങളിൽ പ്രകടനങ്ങൾ നടന്നു.
പട്ടിക ജാതി സംവരണത്തിന് നിലവിലെ എം.എൽ.എ എ. രാജക്ക് അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ്. എതിർ സ്ഥാനാർഥി ഡി കുമാർ സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. പട്ടിക ജാതി സംവരണ മണ്ഡലത്തിൽ നിന്നും വ്യാജ സർട്ടിഫിക്കറ്റിന്റെ പിൻബലത്തിലാണ് രാജ മത്സരിച്ച് വിജയിച്ചതെന്നായിരുന്നു ഹരജിയുടെ പ്രധാന ഭാഗം.
ക്രൈസ്തവ സഭാംഗമായ ആന്റണിയുടേടെയും എസ്തറിന്റെയും മകനാണ് രാജയെന്ന് ഹരജിയിൽ പറഞ്ഞിരുന്നു. മാത്രമല്ല ജ്ഞാനസ്‌നാനം ചെയ്ത ക്രൈസ്തവ സഭാംഗം കൂടിയാണ് എ. രാജയെന്നും അതിനാൽ തന്നെ അങ്ങനെയുള്ളൊരാൾ പട്ടിക ജാതി മണ്ഡലത്തിൽ നിന്നും മത്സരിക്കുന്നത് തെറ്റായ സന്ദേശം നൽകുന്ന കാര്യമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.