കോഴിക്കോട് മാവൂർ റൂട്ടിലെ സ്വകാര്യ ബസ് സമരം പിൻവലിച്ചു
|പൊലീസുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് സമരം പിൻവലിച്ചത്
കോഴിക്കോട്: മാവൂർ റൂട്ടിലെ സ്വകാര്യ ബസ് സമരം പിൻവലിച്ചു. പൊലീസുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് സമരം പിൻവലിച്ചത്. ഇന്ന് മുതൽ സർവീസ് പുനരാരംഭിക്കുമെന്ന് ബസ് ജീവനക്കാർ അറിയിച്ചു. ബസ് ജീവനക്കാർക്ക് മർദ്ദനമേറ്റതിൽ നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചായിരുന്നു നടപടി.
കോഴിക്കോടുനിന്ന് മെഡിക്കൽ കോളേജ് വഴി എടവണ്ണപ്പാറ, പെരുമണ്ണ, കുറ്റിക്കടവ്, മാവൂർവഴി കൂളിമാട്, മുക്കം, എൻ.ഐ.ടി., ചെറുവാടി, അരീക്കോട്, മാവൂരിൽനിന്ന് രാമനാട്ടുകര, എടവണ്ണപ്പാറ ഭാഗങ്ങളിലേക്ക് പോകുന്ന സ്വകാര്യ ബസുകളാണ് പണിമുടക്കിയത്.
വെള്ളിയാഴ്ച വൈകീട്ട് എടവണ്ണപ്പാറ-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ഡിജെ ഡോട്ട് കോം ബസിൽ പെരുവയലിൽവെച്ചാണ് സംഘർഷമുണ്ടായത്. ഒരു വിദ്യാർത്ഥിയുടെ രക്ഷിതാവ് സർവീസ് നടത്തുന്നതിനിടെ ഡ്രൈവറെ മർദ്ദിച്ചിരുന്നു.
ഈ സംഭവത്തിൽ പൊലീസ് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഈ പ്രശ്നത്തിന് പിന്നാലെ കോഴിക്കോട്-എടവണ്ണപ്പാറ റൂട്ടിൽ സ്വകാര്യബസുകൾ വെള്ളിയാഴ്ച വൈകീട്ടുമുതൽ സർവീസ് നിർത്തിവെച്ചിരുന്നു.