ചേലക്കരയിൽ സ്ഥാനാർഥി ചർച്ചകൾ സജീവം; ഇരുമുന്നണികളും ശക്തരെ മത്സരിപ്പിക്കാൻ നീക്കം
|1996ന് ശേഷം സിപിഎം അല്ലാതെ മറ്റൊരു പാർട്ടി ചേലക്കരയിൽ വിജയിച്ചിട്ടില്ല
തൃശൂർ: ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന ചേലക്കരയിൽ സ്ഥാനാർഥി ചർച്ചകൾ സജീവമാണ്. മുൻ എംഎൽഎ യു.ആർ പ്രദീപിന്റെ പേരാണ് എൽഡിഎഫിൽ നിന്നും ഉയർന്നു കേൾക്കുന്നത്. കോൺഗ്രസിൽ നിന്നും മുൻ എംപി അടക്കം രണ്ടു പേരുകളാണ് നിലവിൽ പരിഗണനയിലുള്ളത്.
2009ലെ ആലത്തൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥി എൻ.കെ.സുധീറിൻ്റെ പേരാണ് ഉയർന്നു കേൾക്കുന്നത്. മുൻ എംപി രമ്യ ഹരിദാസിന്റെ പേരും പറയുന്നുണ്ട്. പക്ഷേ കൂടുതൽ സാധ്യത എൻ കെ സുധീറിനാണ്.
മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ കെ രാധാകൃഷ്ണൻ ആലത്തൂരിൽ മത്സരിച്ച് വിജയിച്ചതോടെയാണ് ചേലക്കരയിൽ മറ്റൊരങ്കത്തിന് കളമൊരുങ്ങുന്നത്. പാർലമെൻറ് തിരഞ്ഞെടുപ്പിൽ തോൽവി ഏറ്റുവാങ്ങിയ എൽഡിഎഫിന് ചേലക്കര മണ്ഡലം നിലനിർത്തിയെ പറ്റുകയുള്ളു. അതിനാൽ തന്നെ മുൻ എംഎൽഎ കൂടിയായ യു ആർ പ്രദീപിന്റെ പേരാണ് ഉയർന്നു കേൾക്കുന്നത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി കെ വാസുവും പരിഗണനയിലുണ്ട്.
സംവരണമണ്ഡലത്തിൽ പി.കെ.എസ് പിന്തുണയുള്ള നേതാക്കളെ പരിഗണിക്കുന്നതും സിപിഎം ആലോചിക്കുന്നുണ്ട്. 1996ന് ശേഷം സിപിഎം അല്ലാതെ മറ്റൊരു പാർട്ടി ചേലക്കരയിൽ വിജയിച്ചിട്ടില്ല. പക്ഷേ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ശക്തനായ ഒരു സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചാൽ വിജയിക്കാം എന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.