ഇലന്തൂര്‍ നരബലി: മനുഷ്യമാംസം ഭക്ഷിച്ചിട്ടില്ലെന്ന് ലൈല
|ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചെന്നാണ് പ്രതികളുടെ വാദം
പത്തനംതിട്ട ഇലന്തൂർ നരബലി കേസിലെ മൂന്ന് പ്രതികളെയും കോടതിയിൽ ഹാജരാക്കി. ഷാഫി കൊടുംക്രിമിനലാണെന്നും വിശദമായ ചോദ്യംചെയ്യൽ അനിവാര്യമാണെന്നും പൊലീസ് കോടതിയിൽ പറഞ്ഞു. ഭീഷണിപ്പെടുത്തിയാണ് കുറ്റം സമ്മതിപ്പിച്ചതെന്നാണ് പ്രതികളുടെ വാദം. മനുഷ്യമാംസം കഴിച്ചിട്ടില്ലെന്ന് കാക്കനാട് ജയിലിൽ നിന്ന് ഇറങ്ങവെ ലൈല പറഞ്ഞു.
അതേസമയം കൊച്ചിയിൽ നിന്നും മറ്റും വിദ്യാര്‍ഥികളെ ഭഗവല്‍ സിങ്ങിന്റെ വീട്ടിലെത്തിച്ച് ഷാഫി ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. ഇവർ ആരൊക്കെയെന്ന് പൊലീസ് അന്വേഷിക്കും. ഷാഫി ഉപയോഗിച്ചിരുന്ന ശ്രീദേവി എന്ന വ്യാജ ഫേസ്ബുക്ക് ബുക്ക് അക്കൗണ്ടിന്റെ വിശദാംശങ്ങളും പൊലീസ് കണ്ടെത്തി. 2019 മുതൽ ഷാഫിയും ഭഗവൽ സിങ്ങും നടത്തിയ 150ലേറെ പേജുള്ള ചാറ്റ് വീണ്ടെടുത്തു. ഭഗവല്‍ സിങ്ങിന് പുറമെ മറ്റാരെങ്കിലുമായി ഷാഫി ഫേക്ക് അക്കൌണ്ടിലൂടെ ചാറ്റ് ചെയ്തിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
ഭഗവൽ സിങിനും ലൈലയ്ക്കും 13 ലക്ഷത്തിലേറെ രൂപയുടെ കടബാധ്യത ഉണ്ടായിരുന്നു. ഇലന്തൂർ സഹകരണ ബാങ്ക് ശാഖയിൽ നിന്ന് 8 ലക്ഷം രൂപയുടെ വായ്പ എടുത്തിട്ടുണ്ട്. പലിശയിനത്തിൽ 50000 രൂപ അടച്ച് കഴിഞ്ഞ മാർച്ചിൽ വായ്പ പുതുക്കിയതിന്റെ രേഖകളും പൊലീസിന് ലഭിച്ചു. എഡിജിപി വിജയ് സാഖറെയുടെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗം കൊച്ചിയിൽ ചേർന്നു. ഡിസിപി എസ് ശശിധരൻ, മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ എഎസ്പി അനൂജ് പാലിവാൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തെ കുറിച്ച് സംഘം കൂടിയോലോചന നടത്തി.