'മീഡിയവൺ വിമാനം കൊണ്ടുവന്നാൽ നിരക്ക് കുറയ്ക്കാം'; കരിപ്പൂരിലെ ഹജ്ജ് വിമാന നിരക്ക് വർധനയിൽ ഇടപെടാനാകില്ലെന്ന് എ.പി അബ്ദുല്ലക്കുട്ടി
|വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതോടെ കരിപ്പൂരിൽനിന്നും ഹജ്ജിന് പോകേണ്ട തീർഥാടകർ ആശങ്കയിലാണ്
മലപ്പുറം: കരിപ്പൂരിലെ ഹജ്ജ് വിമാന നിരക്കിലെ അമിത വർധനവില്‍ നിരുത്തരവാദ മറുപടിയുമായി കേന്ദ്ര ഹജ്ജ് കമ്മറ്റി ചെയർമാൻ എ.പി അബ്ദുല്ലക്കുട്ടി. മീഡിയവണിന്‍റെ വിമാനം കൊണ്ടുവന്നാൽ കുറഞ്ഞ നിരക്കിൽ സർവീസ് നടത്താമെന്നും വിഷയത്തിൽ ഇടപെടാനാകില്ലെന്നും അബ്ദുല്ലക്കുട്ടി മീഡിയവണിനോട് പറഞ്ഞു..
മീഡിയവണ്‍ റിപ്പോര്‍ട്ടറുമായി എ.പി അബ്ദുല്ലക്കുട്ടി നടത്തിയ ഫോണ്‍ സംഭാഷണം
റിപ്പോർട്ടർ - മീഡിയവണ്‍ റിപ്പോർട്ടർ സാജിദാണ്
അബ്ദുല്ലക്കുട്ടി - ഓഹ്.. എന്താ സാജിദേ
റിപ്പോർട്ടർ - കരിപ്പൂരില്‍ നിന്ന് ഹജ്ജിന് ഉയർന്ന ചാർജാണല്ലോ... കേന്ദ്ര ഹജ്ജ് കമ്മറ്റി എന്തെങ്കിലും ഇടപെടല്‍ നടത്തുന്നുണ്ടോ
അബ്ദുല്ലക്കുട്ടി - നിങ്ങള്‍ കഴിഞ്ഞ വർഷത്തെ ഹജ്ജ് എംബാർക്കേഷന്‍ പോയന്റുകളില്‍ ഓരോ എയർപോർട്ടിലെയും റേറ്റ് തമ്മില്‍ താരതമ്യം ചെയ്തിട്ടുണ്ടോ.... അതിനെക്കുറിച്ച് വിവരമുണ്ടോ...
റിപ്പോർട്ടർ - ഇല്ല, നോക്കിയിട്ടില്ല....
അബ്ദുല്ലക്കുട്ടി - കഴിഞ്ഞ വർഷം ബോംബെയും അഹമ്മദാബാദും തമ്മില്‍ 50,000 രൂപയുടെ വ്യത്യാസമുണ്ടായിരുന്നു. ബോംബെയും കാലിക്കറ്റും കണ്ണൂരും തമ്മില്‍ 30,000 രൂപയുടെ വ്യത്യാസമുണ്ടായിരുന്നു
റിപ്പോർട്ടർ - ഒകെ
അബ്ദുല്ലക്കുട്ടി - അത് എന്താ നിങ്ങള്‍ റിപ്പോർട്ട് ചെയ്യാത്തത്..ഇത് ഗ്ലോബല്‍ ടെന്‍ഡറാണ്....നിങ്ങളൊരു കാര്യം ചെയ്യ്..മീഡിയവണിന്റെ വിമാനവുമായിട്ടു വാ...ചെറിയ റേറ്റില്‍ കൊണ്ടുവന്ന് നിങ്ങള്‍ ടെന്‍ഡറില്‍ പങ്കെടുക്ക്... ഞങ്ങളെന്തു ചെയ്യാനാ.... ഇതെല്ലാം ഗ്ലോബല്‍ ടെന്‍ഡറാണ്.. റേറ്റ് നിശ്ചയിക്കുന്നത്... ടെന്‍ഡർ അനുസരിച്ചാണ്... ഞങ്ങള്‍ക്കതില്‍ ഒന്നും ചെയ്യാന്‍ പറ്റില്ല..
റിപ്പോർട്ടർ - റീ ടെന്‍ഡറിനെക്കുറിച്ചൊന്നും ആലോചിക്കുന്നില്ലേ....
അബ്ദുല്ലക്കുട്ടി - ഹ.. ഹ... കഴിഞ്ഞ വർഷം അഹമ്മദാബാദും ബോംബെയും തമ്മില്‍ 50,000 രൂപയുടെ വ്യത്യാസമുണ്ടല്ലോ...അപ്പോള്‍ റീ ടെന്‍ഡർ ആലോചിച്ചുകൂടായിരുന്നോ...ഹ. .... ഹ .... നിങ്ങളൊരു കാര്യം ചെയ്യ്..... നിങ്ങള്‍ ഖത്തറുമായി ബന്ധമുള്ള ആളല്ലേ... നിങ്ങളൊരു വിമാനം കൊണ്ടുവാ... ചെറിയൊരു പൈസക്ക് ...ഹ...ഹ...ഹ...
റിപ്പോർട്ടർ - ജേണലിസ്റ്റ് എന്ന നിലക്കാണ് സംസാരിക്കുന്നത്... രാഷ്ട്രീയമല്ല...
അബ്ദുല്ലക്കുട്ടി - ഞാന്‍ പറയുന്നത്....ഇത് ഗ്ലോബല്‍ ടെന്‍ഡറാണ്... കഴിഞ്ഞ വർഷം അഹമ്മദാബാദും ബോംബെയും തമ്മില്‍ 50,000 രൂപയുടെ വ്യത്യാസമുണ്ടായിരുന്നു....കാലിക്കറ്റും ബോംബെയും തമ്മില്‍ 20,000 രൂപയുടെ വ്യത്യാസമുണ്ടായിരുന്നു...
നിങ്ങളൊരു കാര്യം ചെയ്... നിങ്ങളുടെ വിമാനക്കമ്പനിയെക്കൊണ്ടു വന്ന് ചെറിയ റേറ്റില്‍ പാർട്ടിസിപേറ്റ് ചെയ്യ്..
WE ARE VERY HAPPY... ഹ.. ഹ.. ഹ..
അതേസമയം, വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതോടെ കരിപ്പൂരിൽനിന്നും ഹജ്ജിന് പോകേണ്ട തീർഥാടകർ ആശങ്കയിലാണ്. കേരളത്തിലെ മറ്റു വിമാനത്താവളങ്ങളിൽ നിന്ന് 85,000 രൂപ നിരക്കിൽ ഹജ്ജ് യാത്ര സാധ്യമാകുമ്പോൾ കരിപ്പൂരിലത് 1,65,000 രൂപയാണ്. കരിപ്പൂർ വിമാനത്താവളത്തെയാണ് കേരളത്തിൽ നിന്നുള്ള ഏറ്റവും കൂടുതൽ ഹജ്ജ് തീർഥാടകർ ആശ്രയിക്കുന്നത്. 14,464 തീർഥാടകരാണ് ഇത്തവണ കരിപ്പൂരില്‍ നിന്നും തെരഞ്ഞെടുത്തിരിക്കുന്നത്. എയർ ഇന്ത്യയാണ് കരിപ്പൂരിൽ നിന്ന് സർവീസ് നടത്തുന്നത്. 70 വയസ്സിന് മുകളിൽ പ്രായമുള്ള തീർഥാടകരും വലിയ പ്രതിസന്ധിയാണ് അനുഭവിക്കുന്നത്.തീർഥാടകനും സഹായിയായി ഹജ്ജിന് പോകുന്നവർക്കുമായി ഒന്നരലക്ഷം രൂപയിലധികം അധികമായി നൽകണം.
കരിപ്പൂരിൽ ഹജ്ജ് യാത്രാ നിരക്ക് കൂട്ടിയ എയർ ഇന്ത്യാ നടപടിക്കെതിരെ മന്ത്രി വി. അബ്ദുറഹ്മാൻ രംഗത്ത് വന്നിരുന്നു. നിരക്ക് വർധന അംഗീകരിക്കാനാകില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തിൽ കേന്ദ്ര മന്ത്രിയോട് ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
കരിപ്പൂര്‍ എയർപോർട്ടിൽ നിന്നുള്ള ഹാജിമാർക്ക് മാത്രം 80,000 രൂപ അമിതമായി ഈടാക്കുന്നതിനെതിരെ മുസ്‌ലിം ലീഗ് ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞിരുന്നു. ലീഗ് എം.പിമാർ ഡൽഹിയിലെത്തി കേന്ദ്ര ഹജ്ജ് കമ്മിറ്റിയുമായും വ്യോമയാന വകുപ്പുമായും ചർച്ചനടത്തും. എം.എൽ.എമാരും ഭാരവാഹികളും ഇക്കാര്യത്തിൽ കേരള സർക്കാരിലും സമ്മർദം ചെലുത്തും. ന്യായമായ തീരുമാനമുണ്ടാകുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് മുസ്‌ലിം ലീഗ് നേതൃത്വം നൽകുമെന്നും പി.എം.എ സലാം പറഞ്ഞു.