![ant set up radio collars without catching rice bug: AK Saseendran, breaking news malayalam ant set up radio collars without catching rice bug: AK Saseendran, breaking news malayalam](https://www.mediaoneonline.com/h-upload/2023/03/29/1359782-4b.webp)
അരിക്കൊമ്പനെ പിടികൂടാതെ റേഡിയോ കോളർ സ്ഥാപിക്കാൻ സാധിക്കില്ല: എ.കെ ശശീന്ദ്രന്‍
![](/images/authorplaceholder.jpg?type=1&v=2)
അരിക്കൊമ്പനെ പിടികൂടുന്നത് പ്രദേശത്തെ ജനങ്ങളുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരമായി കാണാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം
തിരുവനന്തപുരം: അരിക്കൊമ്പനെ പിടികൂടാതെ റേഡിയോ കോളർ സ്ഥാപിക്കാൻ സാധിക്കില്ലെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. മൂന്നാറിൽ ഇപ്പോൾ അരിക്കൊമ്പനാണ് പ്രശ്‌നക്കാരൻ. ഹൈക്കോടതി ഇടപ്പെട്ടില്ലായിരുന്നുവെങ്കിൽ അരിക്കൊമ്പനെ മുന്നേ തന്നെ പിടികൂടാമായിരുന്നുവെന്നും എ.കെ ശശീന്ദ്രൻ പറഞ്ഞു.
അരിക്കൊമ്പനെ പിടികൂടുന്നത് പ്രദേശത്തെ ജനങ്ങളുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരമായി കാണാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. കാട്ടാനയെ പിടികൂടാതെ എങ്ങനെ ആശങ്ക പരിഹരിക്കാമെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. പരിഹാരമാർഗങ്ങൾ വരുംദിവസങ്ങളിൽ അറിയിക്കണമെന്നും വനംവകുപ്പിനോട് ആവശ്യപ്പെട്ടു.
കൊടും വനത്തിൽ ആളുകളെ കൊണ്ടുവന്ന് പാർപ്പിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. കാട്ടാനാക്രമണം രൂക്ഷമായ മേഖലയിൽ നിന്നും ആദിവാസികളെ എന്തുകൊണ്ട് മാറ്റിപ്പാർപ്പിക്കുന്നില്ലെന്നും കോടതി ചോദിച്ചു. ചിന്നക്കനാലിലെ അഞ്ച് കോളനികൾ ആവാസ മേഖലയിൽ വരുമെന്ന് സർക്കാർ മറുപടി നൽകി.
അരിക്കൊമ്പൻ അപകടകാരിയാണെന്ന് വനംവകുപ്പ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. 2005ന് ശേഷം ചിന്നക്കനാൽ-ശാന്തൻപാറ ഭാഗത്ത് 34 പേർ ആന ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതിൽ ഏഴ് പേരെ കൊന്നത് അരിക്കൊമ്പനാണ്. മൂന്നുമാസത്തിനിടെ 31 കെട്ടിടങ്ങൾ തകർത്തു.
2017ൽ മാത്രം തകർത്തത് 52 വീടുകളും ഷോപ്പുകളുമാണ്. അരിക്കൊമ്പനെ പിടികൂടി കോടനാട്ടേക്ക് മാറ്റുകയോ, റേഡിയോ കോളർ ഘടിപ്പിച്ച് വനത്തിനുള്ളിലേക്ക് തുറന്നു വിടുകയോ ചെയ്യും. നിലവിലെ പ്രദേശത്ത് നിന്നും അരിക്കൊമ്പനെ മാറ്റേണ്ടത് അനിവാര്യമാണെന്നാണ് വനംവകുപ്പിന്റെ വാദം.
അരിക്കൊമ്പനെ നേരത്തെ പലതവണ പിടികൂടി മാറ്റിയതാണ്. പക്ഷേ, വീണ്ടും ജനവാസ മേഖലയിലേക്ക് എത്തി. അരിക്കൊമ്പനെ പെരിയാർ കടുവാ സങ്കേതത്തിലേക്ക് മാറ്റുന്നതിനെതിരെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. വനം വകുപ്പിന്റെ നിലപാടിനെ പിന്തുണച്ച് ഹരജിയിൽ കക്ഷി ചേരാൻ ഡീൻ കുര്യാക്കോസ് എം.പി അപേക്ഷ നൽകി.
അതേസമയം, ഹൈക്കോടതിയിൽ നിന്ന് അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ചിന്നക്കനാൽ, ശാന്തൻപാറ നിവാസികൾ. ഹൈക്കോടതിയിൽ നിന്ന് പ്രതികൂല വിധിയുണ്ടായാൽ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം .