Kerala
സാവകാശം നല്‍കാനാവില്ല, ഉടന്‍ കീഴടങ്ങണം  വിജയ് ബാബുവിന് പൊലീസിന്‍റെ മുന്നറിയിപ്പ്
Kerala

സാവകാശം നല്‍കാനാവില്ല, ഉടന്‍ കീഴടങ്ങണം വിജയ് ബാബുവിന് പൊലീസിന്‍റെ മുന്നറിയിപ്പ്

Web Desk
|
2 May 2022 12:44 PM GMT

ഹാജരാകാൻ ഈ മാസം 19 വരെ സമയം നൽകണമെന്നായിരുന്നു വിജയ് ബാബുവിന്‍റെ ആവശ്യം

കൊച്ചി: പീഡനക്കേസിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാന്‍ സാവകാശം വേണമെന്ന വിജയ് ബാബുവിന്‍റെ ആവശ്യം പൊലീസ് തളളി. സാവകാശം നൽകാനാവില്ലെന്നും എത്രയും വേഗം കീഴടങ്ങണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. ഹാജരാകാൻ ഈ മാസം 19 വരെ സമയം നൽകണമെന്നായിരുന്നു വിജയ് ബാബുവിന്‍റെ ആവശ്യം.

യുവനടി നൽകിയ പീഡന പരാതിയിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് നൽകിയ നോട്ടീസിന് ഇ-മെയിൽ മുഖേനയാണ് നടന്‍ വിജയ്ബാബു മറുപടി നൽകിയത്. ബിസിനസ് കാര്യത്തിനായി വിദേശത്താണെന്നും ഹാജരാകാന്‍ മെയ് 19 വരെ സാവകാശം നൽകണമെന്നുമാണ് വിജയ് ബാബുവിന്‍റെ ആവശ്യം. എന്നാൽ സാവകാശം നൽകാനാവില്ലെന്ന് പൊലീസ് മറുപടി നൽകി. ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം വിജയ് ബാബുവിനെതിരെ നടപടി എടുക്കാത്തതിൽ താരസംഘടനയായ അമ്മയിൽ തര്‍ക്കം മുറുകി. അമ്മയുടെ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിയില്‍‌ നിന്ന് മാല പാര്‍വതി രാജിവെച്ചു. വിജയ് ബാബുവിനെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് പുറത്താക്കണം എന്നായിരുന്നു ഐ.സി.സിയുടെ ശിപാര്‍ശ. ഇത് പരിഗണിക്കാതെ തല്‍ക്കാലം മാറി നില്‍ക്കാന്‍ അനുവദിക്കണമെന്ന വിജയ് ബാബുവിന്‍റെ കത്ത് അംഗീകരിക്കുകയായിരുന്നു അമ്മ നേതൃത്വം ചെയ്തത്. ഐ.സി.സി അധ്യക്ഷ ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിവയ്ക്കുമെന്ന് തന്നെ അറിയിച്ചിട്ടുണ്ട് എന്നും മാല പാര്‍വതി പറഞ്ഞു.

Related Tags :
Similar Posts