മുല്ലൂർ ശാന്തകുമാരി വധക്കേസിൽ മൂന്ന് പ്രതികൾക്കും വധശിക്ഷ
|2022 ജനുവരി 14നായിരുന്നു ശാന്തകുമാരി കൊല്ലപ്പെട്ടത്.
തിരുവനന്തപുരം: വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരി വധക്കേസിൽ അമ്മയും മകനും ഉൾപ്പെടെ മൂന്ന് പ്രതികൾക്കും വധശിക്ഷ. കോവളം സ്വദേശി റഫീഖാ ബീവി, റഫീഖയുടെ മകൻ ഷഫീഖ്, റഫീഖയുടെ സുഹൃത്ത് അൽ അമീൻ എന്നിവർക്കാണ് വധശിക്ഷ വിധിച്ചത്. സ്വർണാഭരണത്തിനായി ശാന്തകുമാരിയെ തലക്കടിച്ചു കൊലപ്പെടുത്തി മൃതദേഹം തട്ടിൻപുറത്ത് ഒളിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്.
2022 ജനുവരി 14നായിരുന്നു കേസിനാസ്പദമായ സംഭവം. ശാന്തകുമാരിയുടെ വീടിനടുത്ത് വാടകക്ക് താമസിച്ചിരുന്നവരാണ് പ്രതികൾ. ഇവർ വാടകവീടൊഴിഞ്ഞ് പോയതിന് പിന്നാലെ വീട്ടുടമയും മകനും എത്തിയപ്പോൾ മച്ചിൽനിന്ന് രക്തം പുറത്തേക്ക് ഒഴുകുന്നത് കാണുകയായിരുന്നു. റഫീഖാ ബീവിയാണ് കൊല്ലപ്പെട്ടത് എന്നാണ് ആദ്യം കരുതിയിരുന്നത്. പിന്നീടാണ് ശാന്തകുമാരിയെ കാണാതായെന്നും അവരാണ് കൊല്ലപ്പെട്ടതെന്നും സ്ഥിരീകരിക്കുകയായിരുന്നു. ശാന്തകുമാരിയുടെ കൈവശമുണ്ടായിരുന്ന സ്വർണം മോഷ്ടിക്കാനായി വീട്ടിലേക്ക് വിളിച്ചുവരുത്തി ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
ചോദ്യം ചെയ്യലിൽ ഒരു വർഷം മുമ്പ് നടന്ന മറ്റൊരു കൊലപാതകത്തിലും ഇവർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. ദുരൂഹസാഹചര്യത്തിൽ മരിച്ച 14കാരിയെ ഷഫീഖ് കൊലപ്പെടുത്തിയതാണ് എന്നായിരുന്നു കണ്ടെത്തൽ. പ്രതി ഷഫീഖ് ബലാത്സംഗം ചെയ്തത് പുറത്തുപറയാതിരിക്കാൻ പെൺകുട്ടിയെ തലക്കടിച്ചു കൊല്ലുകയായിരുന്നു.