തിരുവോണ ദിനത്തില്‍ ജീവനെടുത്ത് റോഡിലെ കുഴി; ആറ്റിങ്ങൽ ബൈപ്പാസിൽ കാർ മറിഞ്ഞ് ഒരു മരണം
|ദേശീയ പാത വികസനത്തിനായി നിര്‍മ്മിച്ച കുഴിയിലേക്കാണ് കാര്‍ മറിഞ്ഞത്. അഞ്ചുപേർക്ക് പരിക്കേറ്റിട്ടുണ്ട്
സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് റോഡിലെ കുഴി. തിരുവനന്തപുരം കടയ്ക്കാവൂർ റോഡിലെ കുഴിയിലേക്ക് കാർ മറിഞ്ഞ് ഒരാൾ മരിച്ചു. മണനാക്ക് സ്വദേശി സാബു (21) ആണ് മരിച്ചത്. ദേശീയ പാത വികസനത്തിനായി നിര്‍മ്മിച്ച കുഴിയിലേക്കാണ് കാര്‍ മറിഞ്ഞത്. അഞ്ചുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി 11:30 യോടെ ആണ് സംഭവം.
കടയ്‌ക്കാവൂർ ഭാഗത്തുനിന്ന് ആലംകോട് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. പാലച്ചിറ മണനാക്ക് സ്വദേശിയാണ് മരിച്ച സാബു. പരിക്കേറ്റ മറ്റ് അഞ്ചപേരെ ആശുപത്രിയിലേയ്ക്ക് മാറ്റി.
അതേസമയം, ഇന്നലെത്തന്നെ നടന്ന മറ്റൊരു വാഹനാപകടത്തിൽ രണ്ടുപേർക്ക് ജീവന്‍ നഷ്ടമായി. പത്തനംതിട്ട കുളനടയിലായിരുന്നു രണ്ട് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം നടന്നത്. നിയന്ത്രണം വിട്ട ജീപ്പ് കെ.എസ്.ആർ.ടി.സി ബസിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ജീപ്പ് ഡ്രൈവര്‍ ആയ അഞ്ചല്‍ സ്വദേശി അരുണ്‍കുമാര്‍ (29), ജീപ്പിലെ യാത്രക്കാരി കൊല്ലം കോട്ടയ്ക്കല്‍ സ്വദേശി ലതിക (50) എന്നിവരാണ് മരിച്ചത്.
അഞ്ചലില്‍ നിന്ന് കോട്ടയത്തേക്ക് പോയ ജീപ്പ് കുളനട മാന്തുക പെട്രോള്‍ പമ്പിന് സമീപം വെച്ച് നിയന്ത്രണം വിട്ട് കെ.എസ്.ആര്‍.ടി.സി ബസിലേക്ക് ഇിടിച്ചുകയറുകയായിരുന്നു. തൃശൂരില്‍ നിന്ന് കളിയിക്കാവിളയിലേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസിലേക്കാണ് ജീപ്പ് ഇടിച്ചുകയറിയത്.ഇന്നലെ രാത്രിയായിരുന്നു അപകടം. കോട്ടയത്ത് മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ ബന്ധുക്കളാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ പന്തളത്തെയും ചെങ്ങന്നൂരിലെയും സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി