പഴനിയിലെ വാഹനാപകടം; പരിക്കേറ്റ ഒൻപത് വയസുകാരൻ മരിച്ചു
|ദിണ്ടിഗൽ-പഴനി റോഡിൽ പണൈപ്പട്ടി എന്ന സ്ഥലത്ത് വെള്ളിയാഴ്ച രാവിലെ എട്ടിനായിരുന്നു അപകടം
തിരുവനന്തപുരം: പഴനിയിലേക്ക് പോയ സംഘം സഞ്ചരിച്ചിരുന്ന കാർ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം കൂടി. പരിക്കേറ്റ ഒൻപത് വയസുകാരൻ സിദ്ധാർഥ് ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി.
ദിണ്ടിഗൽ-പഴനി റോഡിൽ പണൈപ്പട്ടി എന്ന സ്ഥലത്ത് വെള്ളിയാഴ്ച രാവിലെ എട്ടിനായിരുന്നു അപകടം. തീവണ്ടിക്ക് ടിക്കറ്റ് കിട്ടാത്തതിനെത്തുടർന്നാണ് വാടകക്ക് കാറെടുത്ത് യാത്രചെയ്തത്. വ്യാഴാഴ്ച രാത്രി 10-നാണ് തിരുവനന്തപുരത്തുനിന്ന് കുടുംബം പുറപ്പെട്ടത്. മണക്കാട് കുര്യാത്തി റൊട്ടിക്കടമുക്ക് പണയൽ വീട്ടിൽ അശോകന്റെ ഭാര്യ ശൈലജ(48), മകൻ അഭിജിത്തിന്റെ ഒന്നര വയസ്സുള്ള മകൻ ആരവ്, അഭിജിത്തിന്റെ ഭാര്യ സംഗീതയുടെ അമ്മ ലോ കോളേജ് ജീവനക്കാരിയായ ജയ(52) എന്നിവരാണ് മരിച്ചത്.
ആരവിന്റെ മുടി മുറിക്കുന്നതിനായി പഴനിയിലേക്ക് പുറപ്പെട്ടതായിരുന്നു കുടുംബം. പണൈപ്പട്ടി നാലുവരി റോഡിൽ പോകുമ്പോൾ കാറിന്റെ മുന്നിലെ വലതുഭാഗത്തുള്ള ടയർ പഞ്ചറായതാണ് അപകടകാരണം. നിയന്ത്രണംവിട്ട കാർ റോഡിന്റെ മറുഭാഗത്ത് പഴനിയിൽനിന്ന് മധുരയിലേക്കു വന്ന തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസിൽ ഇടിക്കുകയായിരുന്നു.