Kerala
Kannur car burning
Kerala

കണ്ണൂരിൽ കാർ കത്തിയ സംഭവം: അപകടകാരണം ഷോർട്ട് സർക്യൂട്ട്?

Web Desk
|
2 Feb 2023 2:03 PM GMT

ദമ്പതികളുടെ സംസ്‌കാരം അൽപസമയത്തിനകം വീട്ടുവളപ്പിൽ

കണ്ണൂർ: കണ്ണൂരിൽ കാർ കത്തി അപകടമുണ്ടായതിന് കാരണം ഷോർട് സർക്യൂട്ട് എന്ന് പ്രാഥമിക നിഗമനം. റിവേഴ്സ് ക്യാമറ അടക്കമുള്ള അനുബന്ധ സംവിധാനങ്ങൾ ഘടിപ്പിച്ചതാണ് തീ പിടിക്കാൻ കാരണമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ വിലയിരുത്തൽ. വാഹനം വിദഗ്ദ സംഘത്തിന്റെ നേതൃത്വത്തിൽ വിശദ പരിശോധന നടത്തും.

കാറിന്റെ ഡ്രൈവിംങ് സീറ്റിന് സമീപത്ത് നിന്നാണ് ആദ്യം പുക ഉയർന്നത്. പിന്നാലെ വാഹനം നിർത്തിയ ശേഷം പിൻസീറ്റിൽ ഉള്ളവർ പുറത്തിറങ്ങി. ഈ സമയം പ്രത്യക്ഷപ്പെട്ട തീ നിമിഷങ്ങൾക്കുള്ളിൽ വാഹനത്തെ പൂർണമായും വിഴുങ്ങുകയായിരുന്നു. തീ പിടിക്കാൻ കാരണമായ വസ്തുക്കൾ ഒന്നും കാറിൽ ഉണ്ടായിരുന്നില്ല എന്നാണ് കണ്ടെത്തൽ

അപകടത്തിൽ പെട്ട വാഹനം പ്രാഥമിക പരിശോധനക്ക് ശേഷം സിറ്റി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. വാഹന നിർമ്മാതാക്കൾ നിയോഗിക്കുന്ന പ്രത്യേക സംഘവും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് അപകടത്തിൽ പെട്ട വാഹനം വീണ്ടും പരിശോധിക്കും.

അതേസമയം കാർ കത്തുന്ന സംഭവങ്ങൾ ആവർത്തിക്കുന്നത് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഗതാഗത കമ്മീഷണറും ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ ഡയറക്ടറും അന്വേഷിക്കമെന്നും മൂന്നാഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് ആവശ്യപ്പെട്ടു.

ഇന്ന് രാവിലെയാണ് കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടമുണ്ടായത്. കുറ്റിയാട്ടൂർ സ്വദേശി റീഷ(24), ഭർത്താവ് പ്രജിത്ത്(35) എന്നിവരാണ് മരിച്ചത്. കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപമായിരുന്നു അപകടം. റീഷയ്ക്ക് പ്രസവവേദന ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിലേക്ക് പോവുകയായിരുന്നു കുടുംബം.

ആശുപത്രിയെത്താൻ നൂറ് മീറ്റർ മാത്രം ബാക്കി നിൽക്കെയാണ് അപകടമുണ്ടായത്. റീഷയും പ്രജിത്തും കാറിന്റെ മുൻസീറ്റിലും ബന്ധുക്കൾ പിൻസീറ്റിലുമായിരുന്നു. അപകടമുണ്ടായപ്പോൾ കാറിന്റെ പിൻസീറ്റിലിരുന്ന ആളുകളെ പെട്ടെന്ന് തന്നെ രക്ഷപ്പെടുത്തി. എന്നാൽ തീ പടർന്നതോടെ കാറിന്റെ മുൻ ഡോറുകൾ ലോക്കായി പോവുകയായിരുന്നു. പിന്നീട് ഫയർഫോഴ്‌സ് എത്തി ഇരുവരേയും പുറത്തെടുത്തപ്പോഴേക്കും ഇവർ മരിച്ചു. ദമ്പതികളുടെ സംസ്‌കാരം അൽപസമയത്തിനകം വീട്ടുവളപ്പിൽ നടക്കും

Similar Posts