കൊല്ലത്ത് ദേശീയപാതയിൽ കാർ കത്തി; ഒരാൾ മരിച്ചു
|വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം
കൊല്ലം: കൊല്ലം ചാത്തന്നൂരിൽ ദേശീയ പാതയിൽ കാറിനുള്ളിൽ ഒരാൾ വെന്തുമരിച്ചു.കല്ലുവാതുക്കൽ സ്വദേശിയാണ് മരിച്ചതെന്നാണ് സൂചന. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം.
ചാത്തന്നൂർ കുരിശുമ്മൂട് സ്പിന്നിംഗ് മില്ലിന് സമീപം വൈകിട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. പാരിപ്പള്ളി ഭാഗത്തുനിന്ന് വന്ന കാർ നിർമാണത്തിലിരിക്കുന്ന ദേശീയ പാതയിൽ നിർത്തിയിട്ടു. നിമിഷനേരം കൊണ്ട് കാറിനുള്ളിൽ നിന്ന് തീ പടരുകയായിരുന്നു.
നാട്ടുകാർ ചേർന്ന് തീ കെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കാർ പൂർണമായും കത്തി നശിച്ചു. പരവൂരിൽ നിന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥരെത്തിയാണ് തീ അണച്ചത്. മരിച്ചയാളുടെ അസ്ഥികൂടം മാത്രമണ് കാറിനുള്ളിൽ നിന്ന് ലഭിച്ചത്.
മങ്ങാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറാണ് കത്തി നശിച്ചതെന്ന് പൊലീസ് കണ്ടെത്തി. കാർ ഉടമയുടെ ഭാര്യാ പിതാവ് ഇന്ന് രാവിലെ കാറുമായി പുറത്തേക്ക് പോയിരുന്നു. പിന്നീട് അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിചിരുന്നില്ല. അദ്ദേഹമാകാം ആത്മഹത്യ ചെയ്തെന്ന നിഗമനത്തിലാണ് പൊലീസ്. മരിച്ചയാളെ തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധന നടത്തും.