'മാപ്പാക്കെന്ന് ഞാൻ പറഞ്ഞതാ'; റോഡിലെ വെള്ളം തെറിപ്പിച്ചെന്നാരോപിച്ച് കാർ യാത്രികന് മർദനം
|ബൈക്കിൽ പിന്തുടർന്നെത്തിയ യുവാവ് വാഹനം തടഞ്ഞുനിർത്തുകയും അസഭ്യം പറയുകയുകയും മർദിച്ചെന്നുമാണ് പരാതി
മലപ്പുറം: റോഡിൽ നിന്ന് വെള്ളം തെറിച്ചെന്ന് ആരോപിച്ച് ബൈക്കിലെത്തിയ യുവാവ് കുടുംബത്തോടൊപ്പം പോവുകയായിരുന്ന കാർ യാത്രക്കാരനെ മർദിച്ചതായി പരാതി. മലപ്പുറം വേങ്ങര കഴുകൻചിന സ്വദേശി മുഹമ്മദ് ജവാദിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ജവാദ് തിരൂരങ്ങാടി പൊലീസിൽ പരാതി നൽകി.
മെയ് ഇരുപത്തിനാലിന് രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സഹോദരിയും മക്കളുമായി പരപ്പനങ്ങാടിയിലെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് വേങ്ങര സ്വദേശിയായ മുഹമ്മദ് ജവാദിന് ചെമ്മാട് കരിപറമ്പിന് സമീപം വെച്ച് മർദ്ദനമേറ്റതായി പറയുന്നത്. ശക്തമായ മഴയ്ക്കിടെ റോഡിൽനിന്ന് വെള്ളം തെറിച്ചെന്നാരോപിച്ച് ബൈക്കിൽ പിന്തുടർന്ന് എത്തിയ ഹെൽമറ്റും റെയിൻ കോട്ടും ധരിച്ച യുവാവ് വാഹനം തടഞ്ഞുനിർത്തുകയും അസഭ്യം പറയുകയുകയും മർദിച്ചെന്നുമാണ് പരാതി.
പലതവണ താനും സഹോദരിയും ഉൾപ്പെടെ ക്ഷമ പറഞ്ഞിട്ടും അസഭ്യം തുടരുകയും മർദ്ദിക്കുകയായിരുന്നുവെന്നും തടയാൻ ശ്രമിച്ച സഹോദരിയെയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നും ജവാദ് പറഞ്ഞു. മർദ്ദനത്തിൽ യുവാവിന്റെ പല്ല് നഷ്ടമായതയാണ് പരാതി.മുഖത്തും കഴുത്തിലും പരിക്കേറ്റ ജവാദ് ആദ്യം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. സംഭവത്തിൽ തിരുരങ്ങാടി കരിപ്പറമ്പ് സ്വദേശിയായ യുവാവിനെതിരെ തിരൂരങ്ങാടി പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് ജവാദ്.