ഏലത്തിന് വിലയിടിഞ്ഞു; കൃഷി ഉപേക്ഷിക്കാനൊരുങ്ങി കർഷകർ
|ഉത്പാദന ചെലവ് വർധിച്ചതും തൊഴിലാളി ക്ഷാമവുമാണ് കൃഷി അവസാനിപ്പിക്കാൻ കർഷകരെ പ്രേരിപ്പിക്കുന്നത്
ഏലത്തിന് വിലയിടിഞ്ഞതോടെ കൃഷി ഉപേക്ഷിക്കാനൊരുങ്ങി കർഷകർ. ഉത്പാദന ചെലവ് വർധിച്ചതും തൊഴിലാളി ക്ഷാമവുമാണ് കൃഷി അവസാനിപ്പിക്കാൻ കർഷകരെ പ്രേരിപ്പിക്കുന്നത്. സർക്കാർ സഹായങ്ങൾ ലഭിക്കാത്തതും കർഷകർക്ക് തിരിച്ചടിയായി.
ഇടുക്കി ജില്ലയിലെ ഭൂരിഭാഗം കർഷകരുടെ പ്രതീക്ഷയും സ്വപ്നവുമെല്ലാം ഏലം കൃഷിയിൽ നിന്നുള്ള വരുമാനമായിരുന്നു. തുടർച്ചയായി ഏലത്തിനുണ്ടാകുന്ന വിലയിടിവ് കർഷകരെ പ്രതിസന്ധിയിലാക്കി. കിലോഗ്രാമിന് 5000 രൂപ വരെ വില ലഭിച്ചിരുന്ന ഏലത്തിന് നിലവിൽ ലഭിക്കുന്നത് 800 രൂപ മാത്രമാണ്. വളത്തിന്റെയും കീടനാശിനികളുടെയും വിലവർദ്ധനവും തൊഴിലാളി ക്ഷാമവും കൂലി വർധനയുമാണ് കൃഷി അവസാനിപ്പിക്കാൻ കർഷകരെ പ്രേരിപ്പിക്കുന്നത്.
മഴയിൽ ഉണ്ടായ അഴുകലും രോഗബാധയും മൂലം വ്യാപക കൃഷി നാശമാണ് ജില്ലയിൽ ഉണ്ടായത്. ലോണെടുത്തും വായ്പ വാങ്ങിയും കൃഷിയിറക്കിയ കർഷകർ വെട്ടിലായി. വിപണിയില്‍ വില കുത്തനെ ഇടിയുമ്പോഴും ഏലത്തിന് വില സ്ഥിരത ഉറപ്പാക്കാന്‍ സര്‍ക്കാരോ സ്പൈസസ് ബോര്‍ഡോ ഇടപെടുന്നില്ലെന്ന ആരോപണവും കർഷകർ ഉന്നയിക്കുന്നു. നിലവിലെ സ്ഥിതി തുടർന്നാൽ ഇടുക്കിയുടെ മലനിരകളിൽ നിന്നും ഏലം പടിയിറങ്ങുന്ന കാലം വിദൂരമല്ല.