Kerala
കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ അന്തരിച്ചു
Kerala

കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ അന്തരിച്ചു

Web Desk
|
6 Oct 2021 1:01 AM GMT

കോവിഡ് ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം

പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ അന്തരിച്ചു. കോവിഡ് ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 83 വയസായിരുന്നു.

കേരള ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാനും കാര്‍ട്ടൂണ്‍ അക്കാദമി സ്ഥാപക ചെയര്‍മാനും ആയിരുന്നു. മലയാള പത്രത്തിലെ ആദ്യ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റ് ആയിരുന്നു യേശുദാസന്‍. മലയാള മനോരമ, ജനയുഗം, കട്ട് കട്ട്, ശങ്കേഴ്സ് വീക്ക്‍ലി. തുടങ്ങിയ സ്ഥാപനങ്ങളില്‍ സേവനമനുഷ്ടിച്ചു. ആലപ്പുഴ മാവേലിക്കര സ്വദേശിയാണ്.

ചാക്കേലാത്ത് ജോൺ യേശുദാസൻ എന്നാണ് യഥാര്‍ഥ പേര്. 1938 ജൂൺ പന്ത്രെണ്ടാം തീയതി മാവേലിക്കരയ്ക്ക് അടുത്തുള്ള ഭരണിക്കാവിൽ ജനിച്ചു. തന്റെ ക്ലാസ് മുറിയിലെ മണ്ണിൽ നിന്നു തന്നെ വരയ്ക്കാൻ തുടങ്ങിയ യേശുദാസൻ ബി.എസ്.സി ബിരുദത്തിനു ശേഷമാണ് സജീവമായി കാർട്ടൂൺ രംഗത്ത് എത്തുന്നത്. ജനയുഗം ആഴ്ചപ്പതിപ്പിലെ 'ചന്തു' എന്ന കാർട്ടൂൺ പരമ്പരയാണ് യേശുദാസന്‍റെ ആദ്യത്തെ കാർട്ടൂൺ പംക്തി. എന്നാൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ മുഖപത്രമായ ജനയുഗം ദിനപത്രത്തിലെ 'കിട്ടുമ്മാവൻ' എന്ന കഥാപാത്രത്തിലൂടെ അവതരിപ്പിച്ച കാർട്ടൂണുകൾ മലയാളത്തിലെ ആദ്യത്തെ 'പോക്കറ്റ്' കാർട്ടൂണുകൾ എന്നവകാശപ്പെടാവുന്നതാണ്. ഈ കഥാപാത്രമാണ് അദ്ദേഹത്തെ ഒരു ജനപ്രിയകാർട്ടൂണിസ്റ്റാക്കിയതും. വനിതയിലെ 'മിസ്സിസ് നായർ', മലയാള മനോരയിലെ 'പൊന്നമ്മ സൂപ്രണ്ട്' 'ജൂബാ ചേട്ടൻ' എന്നീ കാർട്ടൂൺ കഥാപാത്രങ്ങളും മലയാളി വായനക്കാർക്ക് സമ്മാനിച്ചതും യേശുദാസനാണ്.

1984ൽ കെ.ജി. ജോർജിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'പഞ്ചവടിപ്പാലം' എന്ന മലയാള ചലച്ചിത്രത്തിന് സംഭാഷണവും 1992ൽ എ.ടി. അബു സംവിധാനം ചെയ്ത 'എന്‍റെ പൊന്നു തമ്പുരാൻ' എന്ന ചിത്രത്തിന് തിരക്കഥയും എഴുതിയത് യേശുദാസനാണ്.



Similar Posts