''കാസ തീവ്രവാദ സംഘടന, കുരിശുവരയ്ക്കുന്ന കാവി നിക്കറുകാർ''; കെ.സി.ബി.സി ബൈബിൾ കമ്മിഷൻ സെക്രട്ടറി ഫാ. ജോഷി മയ്യാറ്റിൽ
|''ഭൂരിപക്ഷത്തിന്റേതായാലും ന്യൂനപക്ഷത്തിന്റേതായാലും എല്ലാവിധ തീവ്രവാദങ്ങളെയും തള്ളിപ്പറയണം. ഒരു വർഗീയതയെ ചെറുക്കേണ്ടത് മറ്റൊരു വർഗീയത കൊണ്ടല്ല. ഇന്ത്യ ഹിന്ദുരാഷ്ട്രമോ ഇസ്ലാമികരാഷ്ട്രമോ ക്രിസ്ത്യൻരാഷ്ട്രമോ ആകാൻ പാടില്ല.''
കൊച്ചി: കാസ തീവ്രവാദ സംഘമാണെന്നും അവർക്ക് കത്തോലിക്കാ സഭയുടെ പിന്തുണയില്ലെന്നും കെ.സി.ബി.സി ബൈബിൾ കമ്മിഷൻ സെക്രട്ടറി ഫാ. ജോഷി മയ്യാറ്റിൽ. കുരിശുവരയ്ക്കുന്ന കാവി നിക്കറുകാരാണ് ഇവരെന്നും സിറോ-മലബാർ സഭ കാവിയിലേക്ക് നീങ്ങുന്നുവെന്ന ചിന്ത പൊതുബോധത്തിൽ സൃഷ്ടിക്കാൻ ഇടയാക്കിയത് ഇവരാണെന്നും കേരള കാത്തലിക് ബൈബിൾ സൊസൈറ്റി സെക്രട്ടറി കൂടിയായ ഫാ. ജോഷി പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഫാ. ജോഷിയുടെ പ്രതികരണം. സേവ്യർ വട്ടായിലച്ചൻ ആർ.എസ്.എസിന്റെ ബൗദ്ധിക-മാധ്യമ താരമായ ടി.ജി മോഹൻദാസിന്റെ ഒരു വിഡിയോ പ്രദർശിപ്പിച്ചുകൊണ്ട് നടത്തിയ ഇടപെടൽ അദ്ദേഹത്തിന്റെ സെമിനാരിക്കാല സുഹൃത്തായ തന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകളഞ്ഞെന്ന് അദ്ദേഹം പ്രതികരിച്ചു. അതു കണ്ട ഉടനെതന്നെ ഞാൻ അദ്ദേഹത്തെ ഫോണിൽ വിളിച്ചു സംസാരിച്ചിരുന്നു. ടി.ജിയെക്കുറിച്ച് അദ്ദേഹത്തിന് ഒന്നും അറിയില്ലെന്നാണ് പറഞ്ഞത്. അച്ചന്റെ അജ്ഞതയെ മുതലെടുത്ത, കുരിശു വരയ്ക്കുന്ന കാവി നിക്കറുകാർ സീറോ-മലബാർ സഭ കാവിയിലേക്ക് നീങ്ങുന്നുവെന്നു ചിന്തിക്കാൻ ഇടയാക്കി. വെറുപ്പിൽ സ്വയം വേരുറക്കുകയും ഹിന്ദുത്വശക്തികളോട് കൈകോർക്കുകയും ചെയ്തിരിക്കുന്ന ഒരു പ്രസ്ഥാനത്തെ പരസ്യമായി പിന്തുണയ്ക്കാൻ അച്ചനെ ഇക്കൂട്ടർ പ്രേരിപ്പിക്കുകയും അതിൽ അവർ വിജയിക്കുകയും ചെയ്തുവെന്നും ഫാ. ജോഷി ചൂണ്ടിക്കാട്ടി.
അതേസമയം, ഭൂരിപക്ഷത്തിന്റേതായാലും ന്യൂനപക്ഷത്തിന്റേതായാലും എല്ലാവിധ തീവ്രവാദങ്ങളെയും തള്ളിപ്പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിനും ക്രൈസ്തവസമുദായത്തിനും ദ്രോഹം ചെയ്യുന്ന ഇസ്ലാമിസ്റ്റ് അധിനിവേശം ചെറുക്കണം. പക്ഷേ, അത് വെറുപ്പിൽ അധിഷ്ഠിതമായിട്ടാകരുത്. മറ്റു മതങ്ങളോടുള്ള വെറുപ്പിൽ ക്രൈസ്തവികത തീരെയില്ലെന്നു തിരിച്ചറിയണം. ഒരു വർഗീയതയെ ചെറുക്കേണ്ടത് മറ്റൊരു വർഗീയത കൊണ്ടല്ല. ഇന്ത്യ ഹിന്ദുരാഷ്ട്രമോ ഇസ്ലാമികരാഷ്ട്രമോ ക്രിസ്ത്യൻരാഷ്ട്രമോ ആകാൻ പാടില്ലെന്നും ഫാ. ജോഷി മയ്യാറ്റിൽ കൂട്ടിച്ചേർത്തു.
ഫാ. ജോഷി മയ്യാറ്റിലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ആ തെറ്റിദ്ധാരണയ്ക്ക് കാരണമെന്ത്?
ഫാ. ജോഷി മയ്യാറ്റിൽ
കാസ എന്ന തീവ്രവാദിഗ്രൂപ്പ് കത്തോലിക്കാസഭയുടെ പരോക്ഷമായ പിന്തുണയുള്ള ഒന്നാണ് എന്ന ഒരു ചിന്ത ഇന്ന് പല മനുഷ്യരുടെയിടയിലുമുണ്ട്. എന്നാൽ, കാസപോലും ഇങ്ങനെ അവകാശപ്പെട്ടിട്ടില്ല എന്നതാണ് വാസ്തവം. മാത്രമല്ല, ക്രൈസ്തവർക്കിടയിൽ ഉയർന്നുവരുന്ന തീവ്രവാദപ്രസ്ഥാനങ്ങളെക്കുറിച്ച് കെസിബിസി അതിന്റെ പത്രക്കുറിപ്പുകളിലൂടെയും കെസിബിസി ജാഗ്രതാകമ്മീഷൻ, മീഡിയാകമ്മീഷൻ എന്നിവ അവയുടെ പ്രസിദ്ധീകരണങ്ങളിലൂടെയും സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിലൂടെയും വിവിധ സന്ദർഭങ്ങളിൽ സഭാംഗങ്ങൾക്ക് ജാഗ്രതാനിർദേശം നല്കിയിരുന്നതുമാണ്. എന്നിട്ടും ഇത്തരമൊരു തെറ്റിദ്ധാരണ എങ്ങനെയാണ് പൊതുബോധത്തിലേക്ക് കടന്നുവന്നത്? ഇതിന് ഒറ്റ ഉത്തരമേ ഉള്ളൂ - സഭയിലെ ധ്യാനഗുരുക്കളായ സേവ്യർ വട്ടായിലച്ചന്റെയും സന്തോഷ് കരുമാത്രയുടെയും ഇടപെടലുകൾ!
വട്ടായിലച്ചനും ടി.ജിയും കാസയും
രാഷ്ട്രീയ വിഷയങ്ങളിൽ അല്പംപോലും അവഗാഹമില്ലാത്ത സേവ്യർ വട്ടായിലച്ചനെ കൂടെനിന്ന ചിലർ ചതിക്കുകയായിരുന്നു എന്നു വ്യക്തമാണ്. ആർഎസ്എസിന്റെ ബൗദ്ധിക-മാധ്യമ താരമായ റ്റി.ജി. മോഹൻദാസിന്റെ ഒരു വീഡിയോ പ്രദർശിപ്പിച്ചുകൊണ്ട് വട്ടായിലച്ചൻ നടത്തിയ ഒരു ഇടപെടൽ അദ്ദേഹത്തിന്റെ സെമിനാരിക്കാല സുഹൃത്തായ എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകളഞ്ഞു. അതു കണ്ട ഉടനെതന്നെ ഞാൻ അദ്ദേഹത്തെ ഫോണിൽ വിളിച്ചു സംസാരിച്ചു. റ്റി.ജി.യെക്കുറിച്ച് അദ്ദേഹത്തിനുള്ള ധാരണയെന്താണെന്ന് ആരാഞ്ഞ എനിക്ക് ലഭിച്ച ഉത്തരം 'ഒന്നും അറിഞ്ഞുകൂടാ' എന്നതായിരുന്നു!
അച്ചന്റെ അജ്ഞതയെ മുതലെടുത്ത, കുരിശു വരയ്ക്കുന്ന കാവി നിക്കറുകാർ സീറോ-മലബാർ സഭ കാവിയിലേക്ക് നീങ്ങുന്നു എന്നു ചിന്തിക്കാൻ ഇടയാക്കി. മാത്രമല്ല, വെറുപ്പിൽ സ്വയം വേരുറക്കുകയും ഹിന്ദുത്വശക്തികളോട് കൈകോർക്കുകയും ചെയ്തിരിക്കുന്ന ഒരു പ്രസ്ഥാനത്തെ പരസ്യമായി പിന്തുണയ്ക്കാൻ അച്ചനെ ഇക്കൂട്ടർ പ്രേരിപ്പിക്കുകയും അതിൽ അവർ വിജയിക്കുകയും ചെയ്തു എന്നതും കൂട്ടിവായിക്കേണ്ടതാണ്. ''കാസ ഒറ്റയ്ക്കല്ല'' എന്നാണ് അച്ചനെക്കൊണ്ട് അവർ പറയിച്ചത് (ലിങ്ക് കമന്റ് ബോക്സിൽ).
ഇക്കാലഘട്ടത്തിലെ സഭയുടെ ധാർമികസ്വരവും മുഖവുമായ സൂസൈപാക്യം പിതാവിനെയും തിരുവനന്തപുരം അതിരൂപതയെയും അവഹേളിക്കുന്നതിലും പാവപ്പെട്ട തീരദേശവാസികളെ അപഹസിക്കുന്നതിലും വരെ എത്തി നില്ക്കുന്ന, വെറുപ്പിന്റെ കയ്പുനിറഞ്ഞ കാസയോടൊത്ത് ഇപ്പോൾ അദ്ദേഹം ഉണ്ടാകും എന്ന് അദ്ദേഹത്തിന്റെ സഭാസ്നേഹം നന്നായി അറിയാവുന്ന ആരും വിശ്വസിക്കുകയില്ല. തന്റെ ആ വാവിട്ട വാക്കുകളെപ്രതി അദ്ദേഹം ഇപ്പോൾ ദു:ഖിക്കുന്നുണ്ടാകും...
കരുമാത്രയുടെ ഷെക്കീനയും കാസയും
സന്തോഷ് കരുമാത്ര നേരിട്ടല്ല കാസയെ തലയിലേറ്റുന്നത്, ഷെക്കീന ചാനലിലൂടെയാണ്. കാസയ്ക്ക് നിരുപാധിക സഹകരണമാണ് ഈ ചാനലിന്റെ ഭാഗത്തുനിന്നുള്ളത്. കാസയെ വളർത്തിയെടുക്കുന്നതിൽ ഷെക്കീനയ്ക്കുള്ള പങ്ക് വലുതായിരുന്നു എന്നതിന് ഇതിനകം സംപ്രേഷണം ചെയ്യപ്പെട്ടിട്ടുള്ള നിരവധി പ്രോഗ്രാമുകൾ സാക്ഷി. മാത്രമല്ല, ആർഎസ്എസിനെയും ബിജെപിയെയും കൂട്ടുപിടിച്ചാലേ രക്ഷയുള്ളൂ എന്നതാണ് ഷെക്കീനയുടെ പോളിസി എന്നതും സുവിദിതമാണ്. അത്തരക്കാരെ ''വിളിച്ചുവരുത്തി'' പല പ്രോഗ്രാമുകൾ ഇതിനകം അവർ നടത്തിയിട്ടുണ്ട്.
വിഴിഞ്ഞത്തെ ജനത്തിന്റെ കഷ്ടതകളും അവിടെ നടക്കുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളും അതിരൂപത എടുത്തിരിക്കുന്ന ധീരമായ നിലപാടുകളും പുറംലോകത്തെ അറിയിച്ച ഈ ചാനൽ പക്ഷേ, കാസയുടെ വ്യാജപ്രചാരണങ്ങൾക്കും കൂട്ടുനില്ക്കുന്നു എന്നത് ഖേദകരമാണ്. വിഴിഞ്ഞം വിഷയത്തിൽ കെവിൻ പീറ്ററെ വെളിപ്പിച്ചെടുക്കാൻ ഷെക്കീന നിർലജ്ജം നടത്തുന്ന ശ്രമങ്ങൾ സാമാന്യബുദ്ധിയുള്ള ആർക്കും ജുഗുപ്സാവഹമായേ തോന്നൂ. അഷ്റഫ് മൗലവിയെയും SDPIയെയും ഇമാം കൗൺസിലിനെയും സമരസമിതി ''വിളിച്ചുവരുത്തി'' എന്ന കെവിൻ പീറ്ററിന്റെ പച്ചക്കള്ളം ഷെക്കീന ചാനൽ ആവർത്തിച്ചുറപ്പിക്കുന്നു (ലിങ്ക് കമന്റ്സിൽ).
അസത്യത്തിനും വർഗീയതയ്ക്കും പിന്തുണ നല്കുന്നതിലൂടെ സന്തോഷ് കരുമാത്രയും ഷെക്കീന ചാനലും, സത്യത്തിൽ, തൃശ്ശൂർ അതിരൂപതയെത്തന്നെ സംശയത്തിന്റെ നിഴലിലാക്കുകയാണ്. കാരണം, അതിരൂപതയുടെ രക്ഷാകർത്തൃത്വം ഷെക്കീനയ്ക്കുണ്ട് എന്ന പൊതുബോധം നിലവിലുണ്ട്. ഉദ്ഘാടന മഹാമഹം ആരുടെയും മനസ്സിൽനിന്നു മായാൻ കാലമായിട്ടില്ല!
*സീറോ-മലബാർ സഭയുടെ ആർജവം*
ബിജെപിയോട് അനുഭാവമുള്ള ഒന്നായി സീറോ-മലബാർ സഭയെ അവതരിപ്പിക്കുന്ന പ്രസ്ഥാനങ്ങളുടെ ഗീബൽസിയൻ ആശയപ്രചാരണങ്ങളിലെ പൊള്ളത്തരം കൊച്ചുകുഞ്ഞുങ്ങൾക്കു പോലും മനസ്സിലാകുന്നതാണ്. സിനഡോ രൂപതകളോ മെത്രാന്മാരോ ഔദ്യോഗിക പ്രസ്ഥാനങ്ങളോ ഇത്തരമൊരു നിലപാട് എടുത്തിട്ടില്ല.
ലൗ ജിഹാദ്, നർക്കോട്ടിക് ജിഹാദ് എന്നീ വിഷയങ്ങളിൽ *ചില ഇസ്ലാമിസ്റ്റ് തീവ്രവാദിഗ്രൂപ്പുകൾക്കുള്ള* പങ്കിനെക്കുറിച്ച് ധീരമായ തുറന്നുപറച്ചിലുകൾ നടത്താൻ, മറ്റു രണ്ടു കത്തോലിക്കാ വ്യക്തിഗത സഭകളും മടിച്ചുനിന്നപ്പോൾ, സീറോ-മലബാർ സഭയും മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോസഫ് പാംപ്ലാനി എന്നീ പിതാക്കന്മാരും തയ്യാറായത് അഭിനന്ദനാർഹമാണ്. സിനഡിന്റെ ലൗ ജിഹാദു പരാമർശങ്ങളിൽ പൊതുസമൂഹത്തിൽനിന്ന് ഉയർന്ന ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നല്കാൻ മുന്നോട്ടുവന്ന ചുരുക്കം ചിലരിൽ ഞാനും ഉണ്ടായിരുന്നു എന്നതിൽ അഭിമാനമുണ്ട് (ആ ഇന്റർവ്യൂവിന്റെ ലിങ്ക് കമന്റ് ബോക്സിലുണ്ട്). അക്കാര്യത്തെപ്രതി ചില സീറോ-മലബാർ പിതാക്കന്മാർ എന്നോട് ആത്മാർത്ഥമായി നന്ദിപറഞ്ഞതും ഇപ്പോൾ അനുസ്മരിക്കുന്നു.
*ആർജവം ദുർവ്യാഖ്യാനത്തിന് ഇരയാകുമ്പോൾ ...*
അതീവ ഗുരുതരമായ ഈ വിഷയങ്ങളിൽ ഇടപെടാനുള്ള മലബാർസഭയുടെ ആർജവത്തെ, പക്ഷേ, തല്പരകക്ഷികൾ വ്യാഖ്യാനിച്ചത് ആർഎസ്എസും ബിജെപിയുമായുള്ള കൈകോർക്കലായാണ്. ഉത്തമബോധ്യത്തോടെയുള്ള സഭയുടെ അത്തരം ഇടപെടലുകളെ മുതലെടുക്കാൻ ഹിന്ദുത്വ വർഗീയശക്തികളും അവരുടെ അടിമകളായ പ്രസ്ഥാനങ്ങളും ശ്രമിച്ചു. ക്രൈസ്തവരെ ബിജെപിയിലേക്കെത്തിക്കാൻ ക്രൈസ്തവനാമധാരികളായ ചില പ്രസ്ഥാനങ്ങളെ തല്പരകക്ഷികൾ ഉപയോഗിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. തുടക്കത്തിൽ, ക്രിസ്ത്യൻ ഹെൽപ് ലൈൻ എന്ന ഒരു ആർഎസ്എസ് വലയിലൂടെയാണ് കാസയുടെ ബീജാവാപം നടന്നതെങ്കിലും ഇപ്പോൾ ബിജെപിയുടെ ന്യൂനപക്ഷ മോർച്ചയാണ് കാസയുടെ പിന്നിൽ. അവരുടെ വലയിൽപ്പെട്ട്, സീറോ-മലബാർ സഭയിൽനിന്ന് ചെറുതല്ലാത്ത ഒരു ഗണം - പ്രത്യേകിച്ച്, തീവ്രകല്ദായവാദികളും അവരുടെ സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ പെട്ടുപോയവരും - മോദീഭക്തരായി സ്വയം 'ക്രിസംഘികൾ' എന്ന് അഭിമാനത്തോടെ വിശേഷിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു എന്നതും സത്യമാണ്. പക്ഷേ, നേരും നെറിവുമുള്ള സീറോ-മലബാർ സഭയുടെ സിനഡും മെത്രാന്മാരും വൈദികരും സന്യസ്തരും അല്മായരും ക്രൈസ്തവസ്നേഹവും സഭയുടെ ഒരുമയും ഭാരതത്തിന്റെ മതേതരത്വവും കാത്തുസൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാണ് എന്നതിൽ സന്ദേഹത്തിനു വകയില്ല.
*മുറുകെപ്പിടിക്കേണ്ട ക്രൈസ്തവനിലപാടും ശൈലിയും*
1) പീഡിതരോടും ചൂഷിതരോടും ദരിദ്രരോടുമുള്ള സഭയുടെ ഐക്യദാർഢ്യവും അവർക്കുവേണ്ടിയുള്ള പോരാട്ടവും ക്രിസ്തുവിന്റെ ശൈലി തന്നെയാണ്. മലയോരജനതയും തീരദേശജനതയുമാണ് ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ യാതനകൾ അനുഭവിക്കുന്നത്. അതു കണ്ടില്ലെന്നു നടിക്കാൻ സഭയ്ക്ക് ആവില്ല. കൂടുതൽ ഉണർവോടും ഉന്മേഷത്തോടും കൂടെ ജനകീയ പ്രശ്നങ്ങളിൽ ഇടപെടാൻ കേരളസഭ തയ്യാറാകണം. വിഴിഞ്ഞംസമരം അതിന് നല്ല ഒരു മാതൃകയാണ്. എങ്കിലും ചില അപസ്വരങ്ങളും അവിടെ ഉണ്ടായിട്ടുണ്ട് എന്നത് കാണാതെ പോകരുത്. അവിവേകപൂർണമായ പ്രസ്താവനകളും മുദ്രാവാക്യങ്ങളും ഒഴിവാക്കാൻ ക്രൈസ്തവ സമരസമിതികൾ ജാഗ്രത പുലർത്തണം. ടഉജക / RSS പോലുള്ള മതമൗലികവാദികൾ ഏതവസരവും വിനിയോഗിക്കാൻ കാത്തിരിക്കുന്നു എന്ന അവബോധം എപ്പോഴുമുണ്ടാകണം.
2) ഒരു പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യയെ ഇന്ന് കാർന്നുതിന്നുന്ന അർബുദമാണ് മതതീവ്രവാദം. ബൈബിളോ വേദങ്ങളോ ശരിഅത്തോ അല്ല ഇന്ത്യയുടെ അടിസ്ഥാന ഗ്രന്ഥമാകേണ്ടത്, മറിച്ച് ഭരണഘടന മാത്രമാണ്. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും ഒരു പോലെ എതിർക്കപ്പെടേണ്ടതാണ്. തെളിച്ചുപറഞ്ഞാൽ, ആർഎസ്എസും വിഎച്ച്പിയും എസ്ഡിപിഐയും പോപ്പുലർ ഫ്രണ്ടും ഒരു പോലെ എതിർക്കപ്പെടേണ്ടതാണ്. ഇന്ത്യ ഹിന്ദുരാഷ്ട്രമോ ഇസ്ലാമികരാഷ്ട്രമോ ക്രിസ്ത്യൻരാഷ്ട്രമോ ആകാൻ പാടില്ല. രാഷ്ട്രീയത്തിൽ ഇന്നു കാണുന്ന മതത്തിന്റെ അതിപ്രസരം നാടിന്റെ അഖണ്ഡതയ്ക്കും സ്വസ്ഥതയ്ക്കും ഭീഷണിയാണ്. ഒരു വർഗീയപ്രസ്ഥാനത്തോടും പാർട്ടിയോടും സഭയ്ക്ക് അനുഭാവമില്ല. മതവും രാഷ്ട്രവും കൂട്ടിക്കുഴയ്ക്കരുതെന്ന വ്യക്തമായ സന്ദേശം, ''സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും'' എന്ന ക്രിസ്തുവിന്റെ പ്രബോധനത്തിലുണ്ടെന്ന് ക്രൈസ്തവസഭകൾക്ക് നന്നായി അറിയാം. അതിനാൽ, ക്രൈസ്തവനാമം പേറുന്ന പ്രസ്ഥാനങ്ങൾ ഒരിക്കലും വർഗീയ ചേരികളിൽ പെട്ടുപോകരുത് എന്ന് സഭകൾക്ക് നിർബന്ധമുണ്ടായിരിക്കണം.
3) വിശ്വാസീസമൂഹം എന്ന നിലയിൽ ക്രൈസ്തവസഭ ഒരു ആത്മീയയാഥാർത്ഥ്യമാണെങ്കിലും ഒരു സമുദായം എന്ന നിലയിൽ അതിന് ഭൗതികവും സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ മാനങ്ങളുണ്ട്. അതിനാൽത്തന്നെ അത്തരം മേഖലകളിൽ സഭാനേതൃത്വവും സഭാപ്രസ്ഥാനങ്ങളിലെ നേതൃത്വവും ജാഗ്രത പുലർത്തിയേ തീരൂ. പ്രസ്ഥാനങ്ങൾ പലതുണ്ടെങ്കിലും, സാമുദായികനേതൃത്വം എന്ന ഒന്ന് ക്രൈസ്തവർക്കിടയിൽ മരുന്നിനു പോലും ഇല്ല എന്ന പ്രതീതിയാണ് ഇന്നുള്ളത്! ആത്മീയനേതൃത്വമാകട്ടെ, സാമുദായിക വിഷയങ്ങളിൽ വേണ്ടത്ര ജാഗ്രത പുലർത്തുന്നതായി കാണുന്നുമില്ല...
ഈ ശൂന്യതയാണ് തീവ്രനിലപാടുകളുള്ള കൂട്ടർക്ക് വളമായിത്തീർന്നിരിക്കുന്നത്. ചില ലൗജിഹാദ് വിഷയങ്ങളിൽ ക്രൈസ്തവ പെൺകുട്ടികളെ രക്ഷിക്കാൻ നേരിട്ട് ഇടപെട്ടിട്ടുണ്ട് എന്നതൊഴിച്ചാൽ, ഇതുവരെ ഗൗരവമായ ഒരു സംഭാവനയും ക്രൈസ്തവ സമുദായത്തിന് നല്കാൻ കാസയ്ക്ക് ആയിട്ടില്ല എന്നതല്ലേ യാഥാർത്ഥ്യം? മറിച്ച്, ക്രൈസ്തവർക്ക് ഉത്തരേന്ത്യയിൽ നേരിടേണ്ടിവന്ന വിവിധങ്ങളായ വർഗീയപീഡനങ്ങളിൽ സംഘപരിവാറിന്റെ കള്ളപ്രചാരണങ്ങളുടെ കുഴലൂത്തുകാരായി ഇവർ നിലകൊള്ളുകയല്ലേ ചെയ്തത്? സ്റ്റാൻ സ്വാമിയച്ചനെ ജയിലിലിട്ടു കൊന്ന ഫാസിസ്റ്റ് ഹിന്ദുത്വശക്തികളെ ന്യായീകരിക്കാനും കേരളത്തിൽനിന്നുള്ള സന്യാസിനികൾക്കു നേരിട്ട അവഹേളനങ്ങളെപ്പോലും ലഘൂകരിക്കാനും തുനിഞ്ഞ ഒരു പ്രസ്ഥാനത്തിന് ഹിന്ദുത്വതാല്പര്യങ്ങളെ മറച്ചുപിടിക്കാനുള്ള ഒരു മൂടുപടം മാത്രമാണ് ക്രൈസ്തവനാമം. മാത്രമല്ല, ഇത്തരം പ്രസ്ഥാനങ്ങളിലൂടെ ക്രൈസ്തവസമൂഹം മുഴുവനും അപഹാസ്യമായിത്തീരുന്നു എന്ന അപകടവുമുണ്ട്. നിഷേധാത്മകവും ചിന്താരഹിതവുമായ നിലപാടുകളിലൂടെയും ഭാഷയിലൂടെയും ക്രിസ്തുവിന്റെയും സഭയുടെയും മുഖം ഇവർ വികൃതമാക്കുന്നു. ട്രംപിനുവേണ്ടി നഗരമധ്യത്തിൽ കൂറ്റൻ ഹോർഡിങ് ഉയർന്നപ്പോഴും നിയമസഭാ തിരഞ്ഞെടുപ്പിൽ താമര വിരിയിക്കാൻ ക്രൈസ്തവനാമധാരിയായ നേതാവിനെ സ്ഥാനാർത്ഥിയാക്കി മത്സരിപ്പിച്ചപ്പോഴും ഇവർ കേരളക്രൈസ്തവരുടെ മതേതരബോധത്തെ പൊതുസമൂഹത്തിൽ താറടിക്കുകയായിരുന്നില്ലേ?
*ക്രിസ്തുവിലേക്ക് ഒരു തിരിച്ചുവരവ് ഇനിയും സാധ്യമാണ്*
*കാസയോടും സമാനപ്രസ്ഥാനങ്ങളോടും ഞാൻ പറയട്ടെ:* നിങ്ങൾക്ക് ക്രൈസ്തവസംഘടനകളായി മുന്നോട്ടു പോകണമെങ്കിൽ, നിങ്ങളുടെ നിലപാടിലും പ്രവർത്തന-ഭാഷാശൈലികളിലും ക്രൈസ്തവ ചൈതന്യം ഉണ്ടായേ തീരൂ. ഏതൊക്കെ സമ്മർദ്ദങ്ങൾ ഏതു കോണിൽ നിന്നുണ്ടായാലും, സഭയുടെ പാവപ്പെട്ടവർക്കു വേണ്ടിയുള്ള പോരാട്ടങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് നിർജീവമാക്കാൻ നിങ്ങൾ ശ്രമിക്കരുത്. ഇസ്ലാമിക വർഗീയത നിങ്ങളുടെ കഴുത്തിനു ഘടിപ്പിച്ചിട്ടുള്ള ഹിന്ദുത്വവർഗീയതയുടെ നുകം കുടഞ്ഞെറിയാൻ തയ്യാറാകുക. നട്ടെല്ലോടെ സ്വതന്ത്രരായി ചിന്തിക്കുക, സ്വതന്ത്ര നിലപാടുകളെടുക്കുക. എല്ലാവിധ തീവ്രവാദങ്ങളെയും - ഭൂരിപക്ഷത്തിന്റേതായാലും ന്യൂനപക്ഷത്തിന്റേതായാലും - നിങ്ങൾ തള്ളിപ്പറയണം. രാജ്യത്തിനും ക്രൈസ്തവസമുദായത്തിനും ദ്രോഹം ചെയ്യുന്ന ഇസ്ലാമിസ്റ്റ് അധിനിവേശം ചെറുക്കുകതന്നെ വേണം. പക്ഷേ, അത് വെറുപ്പിൽ അധിഷ്ഠിതമായിട്ടാകരുത്. മറ്റു മതങ്ങളോടുള്ള വെറുപ്പിൽ ക്രൈസ്തവികത തീരെയില്ല എന്നു നിങ്ങൾ തിരിച്ചറിയുക. ഒരു വർഗീയതയെ ചെറുക്കേണ്ടത് മറ്റൊരു വർഗീയത കൊണ്ടല്ല. ഇതിനകം നിങ്ങൾ ഒത്തിരി അബദ്ധങ്ങൾ കാട്ടിക്കൂട്ടിയിട്ടുണ്ട്. ആ ഓരോ അബദ്ധത്തിലും സ്വയം നവീകരണത്തിനുള്ള ഒരു വിത്ത് ഒളിഞ്ഞിരിപ്പുണ്ട്. അതു കണ്ടെത്തുന്നതിലാണ് വിവേകം അടങ്ങിയിരിക്കുന്നത്.
*സഭാനേതൃത്വത്തോട് ഒരു വാക്ക്:* ക്രൈസ്തവനാമം പേറുന്ന പ്രസ്ഥാനങ്ങളെയും മാധ്യമങ്ങളെയും നിരീക്ഷിക്കാനും അവയിൽ ക്രൈസ്തവവിരുദ്ധ ശൈലി കാണുന്നുവെങ്കിൽ അവയെ തിരുത്താനും ഉതകുന്ന ഒരു സംവിധാനം നിലവിൽ വരേണ്ടിയിരിക്കുന്നു. ക്രൈസ്തവശൈലിയിലേക്ക് തിരിയാൻ അവ തയ്യാറാകുന്നില്ലെങ്കിൽ അവയെ ഔദ്യോഗികമായി പേരെടുത്തുപറഞ്ഞ് തള്ളിപ്പറയാൻ ക്രൈസ്തവസഭകൾ തയ്യാറാകണം. പൊതുസമൂഹത്തിന് ക്രൈസ്തവ നിലപാടിനെക്കുറിച്ച് വ്യക്തത നല്കേണ്ടത് ഔദ്യോഗിക സഭകളുടെ ബാധ്യതയാണല്ലോ. ഉറകെട്ട ഉപ്പായിത്തീരാതെ സ്വയം കാക്കാൻ നമുക്ക് ഉത്തരവാദിത്വമുണ്ടല്ലോ.
Summary: "CASA is a terrorist organization, they do not have KCBC support"; says KCBC Bible Commission Secretary Fr. Joshy Mayyattil