കളമശ്ശേരി സ്‌ഫോടനത്തിൽ കാസയുടെ പങ്ക് അന്വേഷിക്കണം: സോളിഡാരിറ്റി
|വ്യാജ പ്രചാരണങ്ങൾ നടത്തിയവർക്ക് എതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകുമെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ് പറഞ്ഞു.
മലപ്പുറം: കളമശ്ശേരി സ്‌ഫോടനത്തിൽ കാസയുടെ പങ്ക് അന്വേഷിക്കണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്. പ്രതിയുടെ പശ്ചാത്തലം അന്വേഷിക്കണം. മാർട്ടിന് കാസയുമായി ബന്ധം ഉണ്ടായിരുന്നതായി വിവരമുണ്ട്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും, സംഘ് പരിവാർ നേതാക്കളുമാണ് വ്യാജ പ്രചരണങ്ങൾ അഴിച്ചുവിട്ടതെന്നും സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ് പറഞ്ഞു. വ്യാജ പ്രചാരണങ്ങൾ നടത്തിയവർക്ക് എതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
സ്‌ഫോടനത്തിന് പിന്നിൽ ഫലസ്തീൻ അനുകൂലികളാണെന്നും മുസ്‌ലിംകളാണെന്നുമുള്ള പ്രചാരണമാണ് ഉണ്ടായത്. സന്ദീപ് വാര്യരും പ്രതീഷ് വിശ്വനാഥും തുടങ്ങിവെച്ച പ്രചാരണം പിന്നീട് ദേശീയ നേതാക്കൾ വരെ ഏറ്റെടുത്തു. മാധ്യമങ്ങളും സംഘ്പരിവാർ പ്രചാരണത്തെ പിന്തുണയക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ജൂതൻമാരും യഹോവാ സാക്ഷികളും തമ്മിലുള്ള ബന്ധം വരെ വിശദീകരിച്ച് ഫലസ്തീൻ പ്രശ്‌നവുമായി ബന്ധിപ്പിക്കാനുള്ള ശ്രമമാണ് സെബാസ്റ്റ്യൻ പോൾ അടക്കമുള്ളവർ നടത്തിയതെന്നും സുഹൈബ് പറഞ്ഞു.