Kerala
അബ്ദുസമദ് പൂക്കോട്ടൂരിനെതിരായ കേസ്: മതപണ്ഡിതരെ വേട്ടയാടുന്നത് നോക്കിനിൽക്കില്ലെന്ന് പി.എം.എ സലാം
Kerala

അബ്ദുസമദ് പൂക്കോട്ടൂരിനെതിരായ കേസ്: മതപണ്ഡിതരെ വേട്ടയാടുന്നത് നോക്കിനിൽക്കില്ലെന്ന് പി.എം.എ സലാം

Web Desk
|
6 Jan 2022 2:51 PM GMT

ആയിരക്കണക്കിനാളുകളെ അണിനിരത്തി സി.പി.എമ്മും ബി.ജെ.പിയും നടത്തുന്ന സമ്മേളനങ്ങൾക്കോ പ്രകടനങ്ങൾക്കോ എതിരെ കേസെടുക്കാത്ത പൊലീസാണ് പെർമിറ്റുള്ള പരിപാടിക്കെതിരെ കേസെടുത്തിരിക്കുന്നത്

എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂരിനെതിരെ അന്യായമായി കേസെടുത്ത നടപടിക്കെതിരെ മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. മതപണ്ഡിതരെ സർക്കാർ വേട്ടയാടുന്നത്് നോക്കി നിൽക്കാനാവില്ലെന്ന് പിഎംഎ സലാം പറഞ്ഞു. തിരൂരങ്ങാടിയിലെ തെന്നലയിൽ വഖഫ് സംരക്ഷണ പൊതുയോഗത്തിൽ കോവിഡ് നിയമം ലംഘിച്ചു എന്ന് കാരണത്താലാണ് പൊലീസ് അബ്ദുസ്സമദ് പൂക്കോട്ടൂരിനെതിരെ കേസെടുത്തത്.

ആയിരക്കണക്കിനാളുകളെ അണിനിരത്തി സി.പി.എമ്മും ബി.ജെ.പിയും നടത്തുന്ന സമ്മേളനങ്ങൾക്കോ പ്രകടനങ്ങൾക്കോ എതിരെ കേസെടുക്കാത്ത പോലീസാണ് പെർമിറ്റ് ഉള്ള പരിപാടിക്കെതിരെ കേസെടുത്തിരിക്കുന്നത്. കോഴിക്കോട് കടപ്പുറത്ത് മുസ്ലിംലീഗ് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയിൽ പങ്കെടുത്തവർക്കെതിരായ കേസും ഇതേ പ്രതികാര നടപടിയുടെ ഭാഗമായിരുന്നു, പിഎംഎ സലാം വ്യക്തമാക്കി.

കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെ വെട്ടിയരിഞ്ഞ് പട്ടിക്കിട്ട് കൊടുക്കുമെന്ന് മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയവർക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ല. മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞ് പ്രകടനം വിളിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടും മൗനം പാലിക്കുന്ന ആഭ്യന്തര വകുപ്പാണ് ഏതാനും പേർ ചേർന്ന് വഖഫ് സംരക്ഷണ പൊതുയോഗം സംഘടിപ്പിച്ചതിന് കേസെടുത്തിരിക്കുന്നത്. കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറിനെതിരെ സമാധാനപരമായി സമരം നടത്തിയ പൗരത്വ പ്രക്ഷോഭ കാലത്തും മതപണ്ഡിതർ ഉൾപ്പെടെയുള്ള നിരവധി പേർക്കെതിരെ പിണറായി പൊലീസ് കേസെടുത്തിരുന്നു. എന്നാൽ ഈ കേസുകൾ പിൻവലിക്കുമെന്ന വാഗ്ദാനം ജലരേഖയായി മാറി. ആർ.എസ്.എസ്സിനെതിരെ ഫേസ്ബുക്കിൽ എഴുതുന്നവരെ പോലും സർക്കാർ വേട്ടയാടുകയാണ്. ആഭ്യന്തര വകുപ്പും ആർ.എസ്.എസ്സും തമ്മിലുള്ള ഈ സഖ്യമാണ് മതപണ്ഡിതർക്ക് നേരെയും വിരൽ ചൂണ്ടുന്നത്, പിഎംഎ സലാം സർക്കാരിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു.

Similar Posts