കളമശ്ശേരി സ്‌ഫോടനം: വിദ്വേഷ പരാമർശത്തിന് അനിൽ നമ്പ്യാർക്കെതിരെ കേസ്
|യൂത്ത് കോൺഗ്രസ് നേതാവ് ജിൻഷാദിന്റെ പരാതിയിലാണ് കേസ്
കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തെ തുടർന്ന് വിദ്വേഷ പരാമർശം നടത്തിയതിന് മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാർക്കെതിരെ കേസ്. എറണാകുള റൂറൽ സൈബർ പൊലീസാണ് കേസെടുത്തത്. യൂത്ത് കോൺഗ്രസ് നേതാവ് ജിൻഷാദിന്റെ പരാതിയിലാണ് കേസ്. ഐപിസി 153, 295 എ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
കളമശ്ശേരി സ്‌ഫോടനത്തിൽ മതവിദ്വേഷ പ്രചാരണം നടത്തിയതിന് മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ്‌ക്കെതിരെയും കേസെടുത്തിരുന്നു. മതവിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള വീഡിയോ പങ്കുവെച്ചതിനെതിരെയാണ് കുമരകം പൊലീസാണ് കേസെടുത്തത്. മലപ്പുറം സ്വദേശിയുടെ പരാതിയിലാണ് കേസ്.
കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചെന്ന് കാണിച്ച് മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയക്കെതിരെ പിവി അൻവർ എംഎൽഎയും പരാതി നൽകിയിരുന്നു. സംഭവത്തിന്റെ പിന്നാലെ, ക്രിസ്ത്യൻ-മുസ്ലിം മതവിഭാഗങ്ങൾക്കിടയിൽ സംഘർഷം ഉണ്ടാക്കുകയെന്ന ഉദ്ദേശത്തോടെ ഷാജൻ സ്‌കറിയ വീഡിയോ പ്രചരിപ്പിച്ചെന്നും അതിനാൽ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എഡിജിപി(ലോ ആൻഡ് ഓർഡർ) എംആർ അജിത് കുമാറിന് രേഖാമൂലം പരാതി നൽകിയതായി ഫേസ്ബുക്കിലൂടെയാണ് എംഎൽഎ അറിയിച്ചിരുന്നത്.
മറുനാടൻ മലയാളി യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ച 'ഇസ്രായേലിനുള്ള തിരിച്ചടിയാണോ കളമശേരി? ഹമാസ് പ്രേമി പിണറായിക്ക് സുഖം തന്നെയല്ലേ? കളമശേരിയിൽ നടന്നത് ഇസ്രായേൽ വിരുദ്ധ സ്ഫോടനമോ' എന്ന തലക്കെട്ടിലുള്ള വീഡിയോക്കെതിരെയാണ് പരാതി നൽകിയതെന്നും പിവി അൻവർ വ്യക്തമാക്കി. പരാതിയുടെ പകർപ്പ് സഹിതമായിരുന്നു ഫേസ്ബുക്ക് കുറിപ്പ്.