ലോകായുക്തയിൽ മുഖ്യമന്ത്രിക്കെതിരെയുള്ള കേസ് സിപിഎമ്മിനെ ഭയപ്പെടുത്തുന്നു: വി.ഡി സതീശൻ
|ജുഡീഷ്യൽ നടപടികളുടെ അന്തിമ തീരുമാനം മുഖ്യമന്ത്രിക്ക് നൽകുന്നതെങ്ങനെയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു
ലോകായുക്തയിൽ മുഖ്യമന്ത്രിക്കെതിരെയുള്ള കേസ് സിപിഎമ്മിനെ ഭയപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ലോകായുക്ത ഭേദഗതിയുമായി ബന്ധപ്പെട്ട് സർക്കാർ ഗവർണർക്ക് ഓർഡിനൻസ് അയച്ച സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ഇതുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെയുള്ള നിലാപാട് കടുപ്പിച്ചിരിക്കുകയാണ് യു.ഡി.എഫ്.
ലോകായുക്ത ഭേദഗതിയിൽ സിപിഎമ്മിന്റെ പ്രതികരണം വസ്തുതാ വിരുദ്ധമാണെന്നും ലോകായുക്തയെ സർക്കാർ സംവിധാനമാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വി.ഡി സതീശൻ വ്യക്തമാക്കി.ലോകായുക്തക്ക് സർക്കാറിനെ മറിച്ചിടാൻ കഴിയുമെന്ന വാദം തെറ്റാണ്, കഴിഞ്ഞ 22 വർഷമായി ലോകായുക്ത സർക്കാറിനെ മറിച്ചിട്ടില്ല, ലോകായുക്തയുടെ അധികാരം കവരുന്നതിനെതിരെ മുഖ്യമന്ത്രി മുൻപ് ചിന്തയിൽ ലേഖനമെഴുതിയിട്ടുണ്ട്, തനിക്കെതിരെ കേസ് വന്നപ്പോൾ മുഖ്യമന്ത്രി നിലപാട് മാറ്റി, മുഖ്യമന്ത്രിക്കും മന്ത്രി ബിന്ദുവിനുമെതിരായ ലോകായുക്തയിലെ പരാതിയാണ് ഭേദഗതിക്ക് പിന്നിലുള്ളത്, ഓർഡിനൻസ് ഇറക്കേണ്ടത് അടിയന്തിര ഘട്ടത്തിലാണ്, ഇവിടെ അടിയന്തിര ഘട്ടം എന്താണെന്ന് സർക്കാർ വ്യക്തമാക്കണം, മന്ത്രിസഭാംഗങ്ങളെ പോലും തെറ്റിദ്ധരിപ്പിച്ചാണ് ഓർഡിനൻസ് ഇറക്കിയതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം ഇതിന് തെളിവാണെന്നും വി.ഡി സതീശൻ വിശദീകരിച്ചു.
ജുഡീഷ്യൽ നടപടികളുടെ അന്തിമ തീരുമാനം മുഖ്യമന്ത്രിക്ക് നൽകുന്നതെങ്ങനെയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ലോകായുക്തയുടെ വിധി പുന:പരിശോധിക്കാൻ സർക്കാരിന് അപ്പീൽ നൽകാം, ഇതു പരാമർശിക്കുന്ന 14ാം വകുപ്പിനെതിരെ കോടതിയിൽ നിന്ന് എതിർപ്പുണ്ടായിട്ടില്ല, പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. അതേസമയെ കാനം രാജേന്ദ്രന്റെ പ്രതികരണം സിപിഎമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്. ലോകായുക്ത ഓർഡിനൻസിനെ തള്ളുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.