ലിബർട്ടി ബഷീറിന്റെ പരാതിയിൽ ദിലീപിനെതിരെ മാനനഷ്ടക്കേസ്
|നവംബർ ഏഴിന് ദിലീപ് നേരിട്ട് ഹാജരാകണമെന്ന് തലശേരി കോടതി നിർദേശിച്ചു
കൊച്ചി: ലിബർട്ടി ബഷീറിന്റെ പരാതിയിൽ ദിലീപിനെതിരെ മാനനഷ്ടക്കേസ്. കേസിൽ നവംബർ ഏഴിനു ദിലീപ് നേരിട്ട് ഹാജരാകണമെന്ന് തലശേരി കോടതി നിർദേശിച്ചു. തനിക്കെതിരെ മഞ്ജു വാര്യരും ലിബർട്ടി ബഷീറും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന ദിലീപിന്റെ പരാമർശത്തിലാണ് മാനനഷ്ടകേസ് എടുത്തത്. മൂന്ന് വർഷം മുൻപാണ് ബഷീർ കോടതിയെ സമീപിച്ചത് എന്നാൽ മൂന്ന് വർഷമായി കേസ് പരിഗണിക്കാതെകിടക്കുകയായിരുന്നു.
അതേസമയം നടിയെ അക്രമിച്ച കേസിൽ ദിലീപിന്റെ അഭിഭാഷകർക്കെതിരെയുള്ള അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതിൽ അന്വേഷണം വേണമെന്നും കുറ്റപത്രത്തിലുണ്ട്.
നൂറോളം പുതിയ സാക്ഷികളെ ഉൾപെടുത്തിയാണ് ക്രൈബ്രാഞ്ച് അനുബന്ധ കുറ്റപത്രം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ ഇന്നലെ സമർപ്പിച്ചത്. ദീലീപിൻറെ അഭിഭാഷകർ ഫോണിൽ നിന്നും കേസിൽ നിർണായകമാകേണ്ട തെളിവുകൾ നശിപ്പിച്ചുവെന്നാണ് ക്രൈംബ്രാഞ്ചിൻറെ കണ്ടെത്തൽ . ദിലീപിൻറെ ഫോൺ മുംബൈയിലെ ലാബിലേക്കയച്ചപ്പോൾ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചിട്ടുണ്ട്. കൂടാതെ ഹാക്കർ സായ് ശങ്കറിൻറെ സഹായത്തോടെയും തെളിവുകൾ നശിപ്പിച്ചു. ഇത് സംബന്ധിച്ച് സായ് ശങ്കർ മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങളൊന്നും ക്യത്യമായ അന്വേഷണത്തിലേക്കെത്താൻ സാധിച്ചിട്ടില്ല. അതിനാൽ ഇതിൽ അന്വേഷണം തുടരേണ്ടതുണ്ടെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നത്.
ദ്യശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡിലെ ഹാഷ് വാല്യു മാറിയെന്ന ഫോറൻസിക് റിപ്പോര്‍ട്ടുണ്ട്. ഈ റിപ്പോർട്ട് സംബന്ധിച്ചും ക്യത്യമായ അന്വേഷണത്തിലെത്താൻ സാധിച്ചിട്ടില്ല. ഇതിലും അന്വേഷണം വേണമെന്ന നിലപാടാണ് ക്രൈംബ്രാഞ്ചിനുള്ളത്. എന്നാൽ കോടതിയുടെ അനുമതിയുണ്ടങ്കിൽ മാത്രമേ അന്വേഷണം തുടരാന്‍ ക്രൈംബ്രാഞ്ചിന് സാധിക്കൂ. ഹൈക്കോടതി അന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കാത്ത സാഹചര്യത്തിലാണ് തിടുക്കത്തിൽ കുറ്റപത്രം സമർപ്പിച്ചത്. കേസ് വിചാരണാ കോടതി ഇനി അടുത്ത 27ന് പരിഗണിക്കുന്നുണ്ട്. തുടരന്വേഷണത്തിനായി നിർത്തിവെച്ച വിസ്താരം ഒരുമാസത്തിനുള്ളിൽ പുനരാരംഭിച്ചേക്കും.