Kerala
Case against female student who was beaten up by SFI leader
Kerala

എസ്എഫ്‌ഐ നേതാവിന്റെ മർദനമേറ്റ വിദ്യാർഥിനിക്കെതിരെ കേസ്; അന്വേഷണത്തിന് നിർദേശിച്ച് ഡിജിപി

Web Desk
|
24 Dec 2023 1:09 PM GMT

പെൺകുട്ടിയുടെ പരാതിയിലാണ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയോട് ഡിജിപി റിപ്പോർട്ട് തേടിയത്

പത്തനംതിട്ട: എസ്എഫ്‌ഐ നേതാവിന്റെ മർദനമേറ്റ വിദ്യാർഥിനിക്കെതിരെ കേസെടുത്തതിൽ അന്വേഷണം നടത്താൻ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് ഡിജിപിയുടെ നിർദേശം. പെൺകുട്ടിയുടെ പരാതിയിലാണ് ഡിജിപി റിപ്പോർട്ട് തേടിയത്.

കടമ്മനിട്ട മൗണ്ട് സിയോൺ കോളജിലെ വിദ്യാർഥിനിയാണ് പരാതിക്കാരി. കോളജ് ക്യാംപസിൽ വെച്ച് ഈ മാസം 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയെയും സുഹൃത്തിനെയും മൂന്ന് എസ്എഫ്‌ഐ പ്രവർത്തകരെയും കോളജ് മാനേജ്‌മെന്റ് റൂൾഡ് ഔട്ട് ചെയ്തിരുന്നു. സർവകലാശാലയെ സമീപിച്ചപ്പോൾ എസ്എഫ്‌ഐ പ്രവർത്തകർക്ക് മാത്രം പരീക്ഷയെഴുതാൻ അവസരം കിട്ടി. തുടർന്ന് തങ്ങൾക്കും കോംപൻസേഷൻ നൽണമെന്നാവശ്യപ്പെട്ട് പ്രിൻസിപ്പലിന് പെൺകുട്ടി കത്തു നൽകി. ഇത് പ്രിൻസിപ്പൽ എസ്എഫ്‌ഐ പ്രവർത്തകരോട് പറയുകയും പ്രിൻസിപ്പൽ ഓഫീസിന് മുന്നിൽ വെച്ച് ഇവർ പെൺകുട്ടിയെയും സുഹൃത്തിനെയും മർദിക്കുകയുമായിരുന്നു.

എസ്എഫ്‌ഐ പ്രവർത്തകർ മർദിച്ചുവെന്ന പെൺകുട്ടിയുടെ പരാതി, പെൺകുട്ടിയുടെ സുഹൃത്ത് തങ്ങളെ മർദിച്ചുവെന്നും പെൺകുട്ടി ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്നുമുള്ള എസ്എഫ്‌ഐ പ്രവർത്തകരുടെ രണ്ട് പരാതികൾ എന്നിങ്ങനെ സംഭവത്തിൽ മൂന്ന് പരാതികളാണ് ആറന്മുള പൊലീസിന് ലഭിച്ചത്. സംഘർഷത്തിൽ പെൺകുട്ടിക്ക് സാരമായ പരിക്കേറ്റിരുന്നു. എന്നാൽ പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കാതെ വന്നതോടെ 22ാം തീയതി കെഎസ്‌യു അടക്കം ആറന്മുള സ്‌റ്റേഷന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.തുടർന്നാണ് പൊലീസ് വിഷയത്തിൽ കേസ് എടുക്കാൻ തയ്യാറായത്.

എസ്എഫ്‌ഐയുടെ പരാതിയിൽ പെൺകുട്ടിയ്‌ക്കെതിരെ എസ്‌സി-എസ്ടി വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. എന്നാൽ ഈ കേസ് കെട്ടിച്ചമച്ചതാണെന്നും ആറന്മുള പൊലീസ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും ചൂണ്ടിക്കാട്ടി പെൺകുട്ടി ഡിജിപിക്ക് പരാതി നൽകി. ഈ പരാതിയിലാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയോട് ഡിജിപി റിപ്പോർട്ട് തേടിയിരിക്കുന്നത്. പെൺകുട്ടിയുടെ പരാതി സത്യസന്ധമാണോ എന്ന് അന്വേഷിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനുമാണ് നിർദേശം.

Similar Posts