സുരേഷ് ഗോപിയുടെ പരാതി; മീഡിയവൺ ഉള്‍പ്പെടെ ചാനലുകൾക്കും മാധ്യമപ്രവർത്തകർക്കുമെതിരെ കേസെടുത്തു
|മീഡിയവണിന് പുറമെ റിപ്പോർട്ടർ, മനോരമ ചാനലുകൾക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്
തൃശൂര്‍: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ പരാതിയിൽ മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്തു. മീഡിയവൺ, റിപ്പോർട്ടർ, മനോരമ ചാനലുകൾക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേന്ദ്രമന്ത്രിയെ വാഹനത്തിൽ കയറാൻ അനുവദിക്കാതെ തടഞ്ഞെന്നും സുരക്ഷാ ജീവനക്കാരനെ ഭീഷണിപ്പെടുത്തി തള്ളിമാറ്റിയെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
അതേസമയം, മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്ത സംഭവത്തിൽസുരേഷ് ഗോപിക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. കോണ്‍ഗ്രസ് നേതാവ് അനിൽ അക്കരയുടെ പരാതിയിലാണ് പ്രാഥമികാന്വേഷണത്തിന് നിർദേശം നൽകിയത്. സിറ്റി എ.സി.പിക്കാണ് തൃശൂർ കമ്മിഷണര്‍ നിർദേശം നൽകിയത്.
ആവശ്യമെങ്കിൽ മാധ്യമപ്രവർത്തകരിൽനിന്നു മൊഴിയെടുക്കുമെന്ന് എ.സി.പി അറിയിച്ചു. ഇന്ന് അനിൽ അക്കരയുടെ മൊഴിയെടുക്കും. രാവിലെ 11 മണിക്ക് കമ്മിഷണർ ഓഫിസിലെത്തി മൊഴിനൽകുമെന്ന് അനിൽ അറിയിച്ചു.
കഴിഞ്ഞ ദിവസം തൃശൂരിൽ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണം ചോദിച്ച മാധ്യമങ്ങളെയാണ് സുരേഷ് ഗോപി കൈയേറ്റം ചെയ്തത്. മാധ്യമങ്ങളോട് പ്രതികരിക്കാൻ സൗകര്യമില്ലെന്ന് പറഞ്ഞു മാധ്യമപ്രവര്‍ത്തകരെ തള്ളിമാറ്റുകയായിരുന്നു. തന്‍റെ വഴി സ്വന്തം അവകാശമാണെന്നും പ്രതികരിക്കാൻ സൗകര്യമില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി കാറില്‍ കയറിപ്പോകുകയായിരുന്നു.
മുകേഷ് അടക്കമുള്ള നടന്മാര്‍ക്കെതിരെ ഉയർന്ന ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു സുരേഷ് ഗോപി പ്രകോപിതനായത്. ആരോപണം ഉയർന്നതുകൊണ്ട് മാത്രം കുറ്റക്കാരനായി കാണാനാവില്ലെന്ന നിലപാടാണ് സുരേഷ് ഗോപി സ്വീകരിച്ചത്. ബി.ജെ.പി സംസ്ഥാന നേതൃത്വം മുകേഷ് എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെടുമ്പോഴാണ് സുരേഷ് ഗോപി അദ്ദേഹത്തെ അനുകൂലിച്ച് രംഗത്തെത്തിയത്. കേന്ദ്രമന്ത്രിയുടേത് വ്യക്തിപരമായ നിലപാടാണെന്നായിരുന്നു ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് സുരേന്ദ്രന്റെ നിലപാട്.
Summary: Case filed against journalists, news channels MediaOne, Manorama and Reporter on the complaint of the Union Minister of State Suresh Gopi