കെ.കെ ശൈലജയ്ക്കെതിരായ വ്യാജപ്രചാരണ പരാതി; ലീഗ് പ്രാദേശിക നേതാവിനെതിരെ കേസ്
|മുസ്‍ലിം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറിയും ന്യൂമാഹി പഞ്ചായത്ത് അംഗവുമായ അസ്‍ലം ടി.എച്ചിനെതിരെയാണ് കേസ്
കോഴിക്കോട്: വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ ശൈലജയ്ക്കെതിരായ വ്യാജപ്രചാരണ പരാതിയില്‍ മുസ്‍ലിം ലീഗ് പ്രാദേശിക നേതാവിനെതിരെ ന്യൂ മാഹി പൊലീസ് കേസെടുത്തു. മുസ്‍ലിം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറിയും ന്യൂമാഹി പഞ്ചായത്ത് അംഗവുമായ അസ്‍ലം ടി.എച്ചിനെതിരെയാണ് കേസ്. നാട്ടില്‍ ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ വാട്സാപ്പ് ഗ്രൂപ്പില്‍ വീഡിയോ പോസ്റ്റ് ചെയ്തെന്നാണ് എഫ്.ഐ.ആര്‍. വാട്സാപ്പ് മെസേജ് ഫോര്‍വേഡ് ചെയ്യുക മാത്രമാണ് ചെയ്തതെന്നും ദുരുദ്ദേശ്യമുണ്ടായിരുന്നില്ലെന്നുമാണ് അസ്‍ലമിന്‍റെ വിശദീകരണം.
അതേസമയം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വ്യക്തിഹത്യ നടത്തുന്നുവെന്ന് കാണിച്ച് വടകര യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ ശൈലജ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. നവമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നുവെന്നും സ്ഥാനാർഥിയുടെ അറിവോടെയാണ് സൈബർ ആക്രമണമെന്നുമാണ് കെ.കെ ശൈലജയുടെ ആരോപണം. ഫോട്ടോ മോർഫ് ചെയ്തും സംഭാഷണം എഡിറ്റു ചെയ്തും വ്യാജ പ്രചാരണം നടത്തുന്നുവെന്നും ആരോപണമുണ്ട്.