Kerala
Vadakara police have registered a case against Makhtoob Media Reporter Rijaz M Sheeba Siddique for the news related to Kalamasery blast.
Kerala

കളമശ്ശേരി സ്‌ഫോടനം: കസ്റ്റഡി വാർത്തയുടെ പേരിൽ മാധ്യമപ്രവർത്തകനെതിരെ കേസ്

Web Desk
|
16 Nov 2023 1:47 PM GMT

മുസ്‌ലിം ചെറുപ്പക്കാരെ ചോദ്യംചെയ്യാനായി പൊലീസ് തടഞ്ഞുവച്ചെന്ന വാര്‍ത്ത മക്തൂബ് മീഡിയക്കു വേണ്ടി റിപ്പോര്‍ട്ട് ചെയ്ത റിജാസ് എം. ഷീബ സിദ്ദീഖിനെതിരെയാണ് കേസെടുത്തത്

കോഴിക്കോട്: കളമശ്ശേരി സ്‌ഫോടനത്തിൽ നൽകിയ കസ്റ്റഡി വാർത്തയുടെ പേരിൽ മാധ്യമപ്രവർത്തകനെതിരെ കേസ്. മക്തൂബ് മീഡിയക്കു വേണ്ടി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത റിജാസ് എം. ഷീബ സിദ്ദീഖിനെതിരെ വടകര പൊലീസാണ് കേസെടുത്തത്. കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് മുസ്‌ലിം ചെറുപ്പക്കാരെ പൊലീസ് മണിക്കൂറുകളോളം തടഞ്ഞു വെച്ചുവെന്ന വാർത്ത റിപ്പോർട്ട് ചെയ്തതിനാണ് കേസെടുത്തത്.

സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ച തുറന്നുകാട്ടിയതിന്‌ കലാപാഹ്വാനത്തിനുള്ള ഐപിസി 153 കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജാമ്യം ലഭിക്കുന്ന വകുപ്പ് പ്രകാരമാണ് ഇപ്പോൾ കേസെടുത്തിട്ടുള്ളതെന്നും എന്നാൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാനുള്ള നിർദേശം ലഭിച്ചിട്ടുണ്ടെന്നുമുള്ള രീതിയിലാണ് പൊലീസ് പ്രതികരണം. മക്തൂബ് മീഡിയ എഡിറ്റർ അസ്‌ലഹ് കയ്യാലക്കലിനെ പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തു വിട്ടയച്ചു.

പാനായിക്കുളം സിമി ക്യാമ്പ് കേസിൽ കോടതി വെറുതെവിട്ട നിസാമിനെയാണ് കളമശ്ശേരി സ്‌ഫോടനത്തെ തുടർന്ന് പൊലീസ് തടഞ്ഞുവെച്ചിരുന്നത്. സംഭവത്തെ തുടർന്ന് തണ്ടർബോൾട്ടിന്റെ അകമ്പടിയോടെ സായുധ പൊലീസ് സംഘമെത്തിയാണ് നിസാമിനെ കൊണ്ടുപോയിരുന്നത്. മാർട്ടിൻ കുറ്റം സമ്മതിച്ചിട്ടും ഏറെ കഴിഞ്ഞ ശേഷമാണ് സ്വന്തം ജാമ്യത്തിൽ വിട്ടയച്ചത്. മാർട്ടിൻ കുറ്റം ഏറ്റെടുത്തില്ലായിരുന്നെങ്കിൽ അതിൽ പ്രതിചേർക്കപ്പെടുമായിരുന്നുവെന്നും നിസാം പറഞ്ഞിരുന്നു. കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ടല്ല സ്റ്റേഷനിൽ കൊണ്ടുവന്നതെന്നാണ് എസ്.പി പറഞ്ഞിരുന്നത്.

പൊലീസ് തുടർച്ചയായി ബുദ്ധിമുട്ടിക്കുന്നതിനാൽ സ്ഥിരമായി താമസിക്കാൻ വീട് പോലും കിട്ടാത്ത അവസ്ഥയെന്ന് നിസാം പറഞ്ഞിരുന്നു. 2019ന് ശേഷം ആറാമത്തെ വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് പൊലീസ് കൊണ്ടുപോയതിന് പിന്നാലെ ഇപ്പോൾ താമസിക്കുന്ന വീടും മാറാൻ ആവശ്യപ്പെട്ടിരിക്കുകയാണെന്നും നിസാം പറഞ്ഞു.

2019ലാണ് ഹൈക്കോടതി വെറുതെവിട്ടത്. അതിനു ശേഷം ഓരോ സംഭവമുണ്ടാവുമ്പോഴും പൊലീസ് വൻ സന്നാഹവുമായി വന്ന് ലാപ്ടോപ്പും കുട്ടികൾ പഠിക്കുന്ന ഫോണും അടക്കം കൊണ്ടുപോവും. 2007ൽ കലക്ട്രേറ്റ് സ്ഫോടനത്തിലെ പ്രതികളെ കിട്ടിയില്ലെന്ന് പറഞ്ഞ് റെയ്ഡ് നടത്തി, കോയമ്പത്തൂരിൽ ദീപാവലിക്കുണ്ടായ സ്ഫോടനത്തിന്റെ പേരിലും പൊലീസ് വന്നു, ഫെബ്രുവരി 15ന് എൻ.ഐ.എ റെയ്ഡ് നടത്തി ഐ.ഡി പ്രൂഫുകൾ ഉൾപ്പെടെ എടുത്തുകൊണ്ടുപോയി. അത് ചെന്നൈ കോടതിയിൽനിന്ന് വാങ്ങാനാണ് ഇപ്പോൾ പറയുന്നതെന്നും നിസാം പറഞ്ഞിരുന്നു. സ്പെഷ്യൽ ബ്രാഞ്ചും ഐ.ബിയും നിരന്തരമായി ബന്ധപ്പെടാറുണ്ട്. അവർ വിളിച്ചാൽ തന്നെ ഹാജാരാകാൻ തയ്യാറാണ്. എന്നിട്ടും വൻ പൊലീസ് സന്നാഹവുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് എന്തിനാണെന്നും നിസാം ചോദിച്ചിരുന്നു.

Similar Posts