ബംഗാരം ടൂറിസം ദ്വീപ് കാണാനെത്തിയ മലയാളികളായ നഴ്സുമാർക്കെതിരെ കേസ്
|അഗത്തിയിൽ നിന്നും ബംഗാരം ദ്വീപിൽ പോകാൻ അനുമതി ആവശ്യമില്ലാതിരിക്കെയാണ് കേസ്
ബംഗാരം ടൂറിസം ദ്വീപ് കാണാനെത്തിയ മലയാളികളായ നഴ്സുമാർക്കെതിരെ കേസ്. അഗത്തി രാജീവ് ഗാന്ധി സ്പെഷ്യാലിറ്റി ആശുപത്രിയിലെ മൂന്ന് പേർക്കെതിരെയാണ് കേസ്. പെർമിറ്റില്ലാതെ എത്തിയെന്ന പേരിലാണ് നടപടി. അഗത്തിയിൽ നിന്നും ബംഗാരം ദ്വീപിൽ പോകാൻ അനുമതി ആവശ്യമില്ലാതിരിക്കെയാണ് കേസ്. ബംഗാരം ദ്വീപ് ഇന്റര്‍നാഷണല്‍ ടൂറിസത്തിന്റെ ഭാഗമായുള്ള ദ്വീപാണ്. ബംഗാരം ദ്വീപിലേക്ക് ആരേയും പ്രവേശിപ്പിക്കാതിരിക്കുന്നതിന് ആണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത് എന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്.
കഴിഞ്ഞ മാസമാണ് മലയാളി നഴ്സുമാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ആഗത്തി പൊലീസാണ് കേസ് എടുത്തിട്ടുള്ളത്. ഇതിന്റെ വിശദാംശങ്ങള്‍ പോലീസ് കോടതിക്ക് കൈമാറുകയും ചെയ്തു. ജില്‍സ, ഫാന്‍സി, റാണി എന്നീ മൂന്ന് നഴ്സുമാര്‍ക്ക് എതിരെയാണ് കേസ് എടുത്തിട്ടുള്ളത്. ഇവര്‍ മൂന്നുപേരും ഇപ്പോള്‍ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്.
എന്നാല്‍ ജർമൻ പൗരൻ റൂലൻ മോസ്ലെ വിസ ചട്ടം ലംഘിച്ച് ബംഗാരത്ത് തങ്ങുന്നു എന്ന ആക്ഷേപവും ഉയരുന്നുണ്ട്. ദ്വീപിലെ ബിജെപി നേതാവിന്റെ ഒത്താശയോടെയാണ് ഇതെന്നാണ് ആക്ഷേപം. ഇയാള്‍ക്കെതിരെ ഒരു വർഷം മുമ്പ് കേസ് രജിസ്റ്റർ ചെയ്തങ്കിലും തുടർ നടപടിയില്ലെന്നും ആരോപണം ഉയരുന്നുണ്ട്. ദ്വീപില്‍ നടക്കുന്ന കോട്ടേജുകളുടെ പണികള്‍ക്കായി എന്ന പേരും പറഞ്ഞാണ് ഇയാള്‍ ഇവിടെ തങ്ങുന്നത്. ഈ കോട്ടേജുകള്‍ ബിജെപി നേതാവിന്റെ ഉടമസ്ഥതയിലുള്ളതാണ്.