Kerala
മുകേഷിനെതിരെ കേസ്; സി.പി.എം സംസ്ഥാന കമ്മിറ്റി ഇന്ന് ചർച്ച ചെയ്യും
Kerala

മുകേഷിനെതിരെ കേസ്; സി.പി.എം സംസ്ഥാന കമ്മിറ്റി ഇന്ന് ചർച്ച ചെയ്യും

Web Desk
|
31 Aug 2024 12:55 AM GMT

ഇ.പി ജയരാജൻ - പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ചയും ചർച്ചയാവും

തിരുവനന്തപുരം: ലൈംഗിക ആരോപണത്തിന്റെ അടിസ്ഥാനത്തിൽ എം.മുകേഷിനെതിരെ കേസെടുത്ത കാര്യം സി.പി.എം സംസ്ഥാന കമ്മിറ്റി ഇന്ന് ചർച്ച ചെയ്യും. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ മുകേഷ് രാജിവെക്കേണ്ടതില്ലെന്നാണ് സിപിഎമ്മിന്റെ ഇതുവരെയുള്ള നിലപാട്. ഇ.പി ജയരാജൻ - പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ചയും ചർച്ചയാവും.

പരാതി നൽകിയ നടി തന്നെ ബ്ലാക്ക് മെയിൽ ചെയ്തുവെന്ന് സാധൂകരിക്കാൻ കഴിയുന്ന ചില തെളിവുകൾ പാർട്ടിക്കും മുഖ്യമന്ത്രിക്കും മുകേഷ് കൈമാറിയിട്ടുണ്ട്. എം.എൽ.എ സ്ഥാനം രാജിവെച്ചതിനുശേഷം എഫ്.ഐ.ആർ പോലും നിലനിൽക്കില്ല എന്ന് കോടതി വിധിച്ചാൽ അത് പ്രതിസന്ധി ഉണ്ടാക്കുമെന്നാണ് സിപിഎം നേതാക്കൾ പറയുന്നത്.

സംസ്ഥാന കമ്മിറ്റിയുടെ അജണ്ടയിൽ ഇതുവരെ മുകേഷുമായി ബന്ധപ്പെട്ട് വിഷയം ഉൾപ്പെടുത്തിയിട്ടില്ല .രാജിക്കാര്യത്തിൽ വ്യത്യസ്തമായ അഭിപ്രായമുണ്ടെങ്കിലും അത് സംസ്ഥാന കമ്മിറ്റി ഉയരാൻ സാധ്യത കുറവാണ്. രാജി വേണമെന്ന ആവശ്യം സി.പി.ഐ മുന്നോട്ടുവച്ചിട്ടുണ്ടെങ്കിലും അന്തിമ തീരുമാനം ഇന്നത്തെ സംസ്ഥാന കമ്മിറ്റിയിൽ മാത്രമേ ഉണ്ടാകൂ.

സിനിമാനയ രൂപീകരണവുമായി ബന്ധപ്പെട്ട തീരുമാനങ്ങളും യോഗത്തിൽ ഉണ്ടായേക്കും. പാർട്ടി സമ്മേളനങ്ങൾ തുടങ്ങുന്നത് കൊണ്ട് അച്ചടക്കം നടപടിയുടെ കാര്യങ്ങളിലും സംസ്ഥാന കമ്മിറ്റി തീരുമാനമെടുത്തേക്കും.ഇ.പി ജയരാജൻ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ചയും , പി കെ ശശിക്കെതിരെ ഉയർന്ന പരാതികളും ചർച്ച ചെയ്യും.ഇ പി ജയരാജനെതിരെ കടുത്ത നടപടി പാർട്ടി സ്വീകരിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

Similar Posts