നിയമസഭാ കയ്യാങ്കളി, ശബരിമല കേസുകളിൽ ജപ്തി നടപടികളുണ്ടാകുമോ; എന്താണ് പി.ഡി.പി.പി ആക്ട്?
|പിഎഫ്ഐ ഹർത്താലുമായി ബന്ധപ്പെട്ട് പി.ഡി.പി.പി നിയമപ്രകാരം കേസെടുത്തവർക്കെതിരെയുള്ള ജപ്തി നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
2022 സെപ്തംബർ 23ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) ആഹ്വാനം ചെയ്ത മിന്നൽ ഹർത്താലിലുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ഈടാക്കണമെന്ന ഹൈക്കോടതി ഉത്തരവ് കർശനമായി നടപ്പാക്കി വരികയാണ് സംസ്ഥാന സർക്കാർ. സംസ്ഥാനത്തുടനീളം സംഘടനാ നേതാക്കളുടെ സ്വത്തുവകകൾ ജപ്തി ചെയ്യാനുള്ള നോട്ടീസ് പതിച്ചുകഴിഞ്ഞു. നാശനഷ്ട പരിഹാരമായി പിഎഫ്‌ഐ നേതാക്കൾ രണ്ടാഴ്ചയ്ക്കകം 5.20 കോടി രൂപ കെട്ടിവയ്ക്കണം എന്നായിരുന്നു സെപ്തംബർ 29ലെ കോടതി ഉത്തരവ്.
തുക കെട്ടിവച്ചില്ലെങ്കിൽ റവന്യൂ റിക്കവറി ആക്ട് അനുസരിച്ചുള്ള തുടർനടപടികൾ സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ വിധി സമയബന്ധിതമായി നടപ്പാക്കാൻ സർക്കാറിനായില്ല. ഇതോടെ, ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ച് വിഷയത്തിൽ ഇടപെട്ടു. കേസിൽ ജപ്തി നടപടികൾ പൂർത്തിയാക്കി ജനുവരി 23നകം റിപ്പോർട്ട് നൽകണമെന്നായിരുന്നു കോടതി നിർദേശം.
പൊതുസ്വത്ത് നശിപ്പിക്കൽ തടയൽ നിയമ(ദ പ്രിവൻഷൻ ഓഫ് ഡാമേജ് ടു പബ്ലിക് പ്രൊപ്പേർട്ടി ആക്ട് - പി.ഡി.പി.പി)പ്രകാരമാണ് പോപുലർ ഫ്രണ്ട നേതാക്കൾക്കെതിരെയുള്ള നടപടി. സ്വത്തുവകകൾ ജപ്തി ചെയ്യുന്ന നടപടി കേരള റവന്യൂ നിയമപ്രകാരവും. എന്താണ് പി.ഡി.പി.പി ആക്ട്? നിയമസഭാ കയ്യാങ്കളിക്കേസ്, ശബരിമലയിലെ യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് ശബരിമല കർമ്മ സമിതി പ്രഖ്യാപിച്ച ഹർത്താൽ, മറ്റു ഹർത്താലുകൾ തുടങ്ങിയവയിൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഈ ആക്ട് ബാധകമാകുമോ? പരിശോധിക്കുന്നു.
1984 ജനുവരി 28ന് പ്രാബല്യത്തിൽ വന്ന നിയമമാണ് പൊതുസ്വത്ത് നശിപ്പിക്കൽ തടയൽ നിയമം. കേന്ദ്രസർക്കാർ, സംസ്ഥാന സർക്കാർ, തദ്ദേശ ഭരണകൂടങ്ങൾ, 1956ലെ കമ്പനി നിയമപ്രകാരം നിർവചിച്ചിട്ടുള്ള കമ്പനികൾ, ഈയാവശ്യങ്ങൾക്കായി ഗസറ്റ് വിജ്ഞാപനം വഴി കേന്ദ്രസർക്കാർ തെരഞ്ഞെടുക്കുന്ന സ്ഥാപനങ്ങൾ തുടങ്ങിയവയുടെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള സ്ഥാവര ജംഗമ സ്വത്തുകൾ നശിപ്പിക്കുമ്പോഴാണ് ഈ നിയമം ഉപയോഗിക്കുന്നത്.
ജലം, വൈദ്യുതി, ഊർജ്ജോത്പാദനം, സംഭരണം, വിതരണം, എണ്ണ, അഴുക്കുചാൽ സംവിധാനം, ഖനി, ഫാക്ടറി, പൊതുഗതാഗത സംവിധാനം തുടങ്ങിവയ്ക്ക് വരുത്തുന്ന കേടുപാടുകളും നിയമത്തിന്റെ പരിധിയിൽ വരും.
അഞ്ചു വർഷം വരെ തടവും പിഴയുമാണ് നിയമപ്രകാരമുള്ള ശിക്ഷ. എന്നാൽ തീ, സ്‌ഫോടക വസ്തു എന്നിവ കൊണ്ട് പൊതുസ്വത്തിനുണ്ടാകുന്ന നഷ്ടത്തിന് ഒരു വർഷം മുതൽ പത്തു വർഷം വരെ കഠിന തടവും പിഴയും ലഭിക്കാം. -
നിയമപ്രകാരം മിന്നൽ ഹർത്താലുകൾക്ക് മാത്രമല്ല, ഏതു തരത്തിൽ പൊതുസ്വത്ത് നശിപ്പിക്കപ്പെട്ടാലും പി.ഡി.പി.പി എന്ന ക്രിമിനൽ നിയമം ഉപയോഗിക്കാം. എന്നാൽ സാധാരണ ഗതിയിൽ ഇത്തരം കേസുകളിൽ സർക്കാർ സംവിധാനങ്ങൾ മെല്ലപ്പോക്കു നയം സ്വീകരിക്കാറാണ് പതിവ്. എന്നാൽ പിഎഫ്‌ഐ ഹർത്താൽ കേസിൽ ഹൈക്കോടതി കർശനമായി ഇടപെട്ടതോടെ ജപ്തി അടക്കമുള്ള നടപടിക്രമങ്ങളിലേക്ക് കടക്കാൻ സർക്കാർ നിർബന്ധിതമാകുകയായിരുന്നു.
പൊതുമുതൽ നശിപ്പിക്കപ്പെട്ട വിവിധ കേസുകളിൽ നടപടിയെടുക്കാൻ ഇതോടെ സർക്കാർ നിർബന്ധിതമാകുമെന്ന് കരുതപ്പെടുന്നു. എന്നാൽ വിവിധ രാഷ്ട്രീയകക്ഷികൾ പ്രതിസ്ഥാനത്തു നിൽക്കുന്ന കേസുകളിൽ സർക്കാർ ഇത്രയും ഗൗരവത്തിലും വേഗത്തിലും നടപടിയെടുക്കുമോ എന്നത് കണ്ടറിയേണ്ടതാണ്.
ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് ഹിന്ദു ഐക്യവേദി പ്രഖ്യാപിച്ച ഹർത്താലിൽ കെഎസ്ആർടിസിക്ക് മാത്രം മൂന്നു കോടി രൂപയുടെ നഷ്ടമുണ്ടായി എന്നാണ് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്. മറ്റു പൊതുമുതലുകൾ നശിപ്പിച്ചതിൽ 38.52 ലക്ഷം രൂപയുടെയും നഷ്ടമുണ്ടായിട്ടുണ്ട്. ആകെ 990 കേസുകളിൽ 32270 പേർ പ്രതികളാണ്. ശബരിമല കർമ്മസമിതി ഭാരവാഹികളിൽ നിന്ന് നഷ്ടം ഈടാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും വിധി നടപ്പാക്കുന്നത് എങ്ങുമെത്തിയിട്ടില്ല. 2019 ജനുവരി മൂന്നിനായിരുന്നു ബിജെപി പിന്തുണയോടെ നടന്ന ഹർത്താൽ.
ജനപ്രതിനിധികൾ നേരിട്ട് പ്രതികളായ നിയമസഭാ കയ്യാങ്കളിക്കേസും പി.ഡി.പി.പി നിയമത്തിന്റെ നേരിട്ടുള്ള പരിധിയിൽ വരുന്നതാണ്. 2015 മാർച്ച് 13ന് സഭയിലുണ്ടായ കയ്യാങ്കളിക്കിടെ 2.20 ലക്ഷമുണ്ടായി എന്നാണ് കണക്ക്. കേസ് പിൻവലിക്കാൻ അനുവദിക്കണമെന്ന് സർക്കാർ അഭ്യർത്ഥിച്ചിരുന്നുവെങ്കിലും കുറ്റവിചാരണ നേരിടാൻ സുപ്രിംകോടതി പ്രതികളോട് ആവശ്യപ്പെടുകയായിരുന്നു. സഭയുടെ പരിരക്ഷ ക്രിമിനൽ കുറ്റത്തിനുള്ള പരിരക്ഷ അല്ലെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ രണ്ടംഗ ബഞ്ച ഹർജി തള്ളിയത്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, മുൻ മന്ത്രിമാരായ ഇ.പി ജയരാജൻ, കെ.ടി ജലീൽ, മുൻ മന്ത്രിമാരായ കെ കുഞ്ഞമ്മദ്, സി.കെ സദാശിവൻ, കെ. അജിത് എന്നിവരാണ് കേസിലെ പ്രതികൾ.
മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ട് പി.ഡി.പി.പി നിയമപ്രകാരം കേസെടുത്തവർക്കെതിരെയുള്ള ജപ്തി നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. വ്യക്തിയുടെ പേരിലുള്ള സ്വത്ത് അയാൾക്ക് സ്വന്തം നിലയ്ക്ക് വിനിമയം നടത്താൻ കഴിയാത്ത വിധം മരവിപ്പിക്കുന്ന പ്രക്രിയയാണ് ജപ്തി. സിവിൽ നിയമമായ കേരള റവന്യൂ ആക്ട് പ്രകാരമാണ് നടപടിക്രമങ്ങൾ. നഷ്ടപരിഹാരത്തുക കെട്ടിവയ്ക്കാനുള്ള ഉത്തരവ് പാലിക്കാതിരുന്നതു കൊണ്ട്, ഹൈക്കോടതി ഉത്തരവ് പ്രകാരം മുൻകൂർ നോട്ടീസ് നൽകാതെയാണ് ജപ്തി നടക്കുന്നത്. ജപ്തി ചെയ്ത ശേഷം കണ്ടുകെട്ടിയാകും നഷ്ടപരിഹാരത്തുക ഈടാക്കുക.
Summary: PDPP Act, What law says